
കൈവ്: കാസ്പിയൻ കടലിലെ ഇറാനിയൻ കപ്പലിന് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നത് ഒഴിവാക്കാൻ യുക്രെയ്ൻ നയതന്ത്ര നീക്കം തുടങ്ങി. ചൊവ്വാഴ്ച യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ ഫോണിൽ വിശദമായ ചർച്ച നടത്തി.
സാഹചര്യങ്ങൾ കഠിനമാണെങ്കിൽ പോലും നേരിട്ടുള്ള സംഭാഷണമാണ് നയതന്ത്രത്തിൻ്റെ വഴിയെന്നും അനാവശ്യമായ പിരിമുറുക്കങ്ങൾ ഒഴിവാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ആൻഡ്രി സിബിഹ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. യുക്രെയ്ൻ്റെ എല്ലാ സൈനിക നടപടികളും റഷ്യൻ അധിനിവേശത്തിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ മാത്രമുള്ളതാണെന്നും, സിവിലിയൻ കപ്പലുകളെയോ സാധാരണക്കാരെയോ ലക്ഷ്യമിടാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം ഇറാൻ മന്ത്രിയെ ധരിപ്പിച്ചു.
ഇറാനിൽ നിന്ന് റഷ്യയിലേക്ക് സൈനിക ചരക്കുകൾ കടത്തിയ കപ്പലുകൾക്ക് നേരെ കാസ്പിയൻ കടലിൽ കൈവ് ദീർഘദൂര ആക്രമണങ്ങൾ നടത്തിയതായി യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി കഴിഞ്ഞ ശനിയാഴ്ച സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന്, കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യുക്രെയ്ൻ്റെ ഭാഗത്തുനിന്നുള്ള അടിയന്തര നയതന്ത്ര ഇടപെടൽ.
Ukraine speaks to Iran over phone after ship attack; Foreign Minister says goal is to de-escalate tensions















