ഇസ്ലാമിക പണ്ഡിതനും തുർക്കിഷ് വിഘടനവാദ നേതാവുമായ ഫത്ഹുല്ല ഗുലൻ അമേരിക്കയിൽ അന്തരിച്ചു. 83 വയസായിരുന്നു. യുഎസിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമാണ് മരിച്ചതെന്ന് ഗുലൻ്റെ പ്രഭാഷണങ്ങൾ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റായ ഹെർകുലും തുർക്കി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1999 മുതൽ അമേരിക്കയിലാണ് ഗുലൻ കഴിയുന്നത്.
2016ലെ സൈനിക അട്ടിമറി ശ്രമത്തിന്റെ ആസൂത്രകനെന്ന് തുർക്കി ആരോപിക്കുന്നയാളാണ് ഫത്ഹുല്ല. അതിനു മുമ്പ് 1999ല്‍ രാജ്യത്തെ സെക്യുലര്‍ സ്വഭാവത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഗുലനെതിരെ കേസ് ഫയല്‍ ചെയ്യപ്പെട്ടതിന് ശേഷമാണ് ചികിത്സയുടെ പേരില്‍ അദ്ദേഹം അമേരിക്കയിലേക്ക് പലായനം ചെയ്യുന്നത്.
2002ല്‍ ഉര്‍ദുഗാന്‍ സര്‍ക്കാറിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു ഹിസ്മത് പാര്‍ട്ടി. ഉര്‍ദുഗാനുമായും അദ്ദേഹത്തിന്റെ എകെ പാര്‍ട്ടിയുമായും നല്ല ബന്ധത്തിലായിരുന്ന അദ്ദേഹം 2013ന് ശേഷമാണ് അവരുമായി ഇടയുന്നത്.
തുർക്കിക്കും പുറത്തും ശക്തമായ ഇസ്‌ലാമിക പ്രസ്ഥാനമായിരുന്നു ഹിസ്മത്ത്. പിന്നീട് ഉർദുഗാൻ സർക്കാരിനെതിരെ സൈനിക അട്ടിമറിശ്രമം നടത്തിയെന്ന ആരോപണം ഉയരുകയായിരുന്നു. എന്നാൽ ഈ ആരോപണം ഗുലൻ നിഷേധിച്ചിരുന്നു















