പ്രസവിച്ച് മണിക്കൂറുകൾക്കകം നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

അമേരിക്കയിലെ മിസിസിപ്പിയിൽ നവജാതശിശുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 25കാരിയായ അമ്മ അറസ്റ്റിൽ. സ്മിത്ത് കൗണ്ടിയിലെ പോൾക്‌വിൽ പട്ടണത്തിൽ ഒക്ടോബർ 18നായിരുന്നു സംഭവം. ജാന്റൽ ഷാരോൺ ജോർദാനാണ് അറസ്റ്റിലായത്. പ്രസവിച്ച് ഒരു മണിക്കൂർ പോലും തികയുന്നതിന് മുൻപാണ് പെൺകുഞ്ഞിന് ഗുരുതരമായി പരുക്കേറ്റത്.

കുഞ്ഞിന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് അറിയിച്ച് യുവതി തന്നെയാണ് എമർജൻസി സർവീസിലേക്ക് വിളിച്ചത്. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായ കുഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിനൊടുവിലാണ് ജാന്റൽ ഷാരോൺ ജോർദാനെ അറസ്റ്റ് ചെയ്തത്.

സംഭവം അന്വേഷണസംഘത്തെ ഒന്നടങ്കം ഞെട്ടിച്ചതായി സ്മിത്ത് കൗണ്ടി ഷെരീഫ് ജോയൽ ഹ്യൂസ്റ്റൺ പ്രതികരിച്ചു. അന്വേഷണം പൂർത്തിയാക്കിയ ശേഷം കേസ് റിപ്പോർട്ട് ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.