ചൈനയ്ക്ക് എഐ ചിപ്പുകൾ ലഭിക്കുന്നത് തടയാൻ യുഎസിന്റെ പുതിയ നീക്കം

അമേരിക്കൻ എഐ ചിപ്പുകൾ ചൈന മൂന്നാം രാജ്യങ്ങൾ വഴി സ്വന്തമാക്കുന്നത് തടയാൻ പുതിയ കയറ്റുമതി നിയന്ത്രണങ്ങളുമായി യുഎസ്. മറ്റ് രാജ്യങ്ങളിലെ ഡേറ്റ സെന്ററുകൾ വഴി ചൈന എഐ ചിപ്പുകൾ വാങ്ങുന്നത് തടയുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. എൻവിഡിയയുടെ ചിപ്പുകൾ മൂന്നാം രാജ്യങ്ങൾ വഴി ചൈനയിലെത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് യുഎസ് വാണിജ്യവകുപ്പിന്റെ നടപടി.

ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ എഐ ചിപ്പ് വ്യാപാരത്തിന് ഇനി പ്രത്യേക ലൈസൻസ് ആവശ്യമാണ്.സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് എന്ന കമ്പനിയിൽനിന്നാണ് ചൈന എൻവിഡിയയുടെ എഐ ചിപ്പുകൾ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

മലേഷ്യയിലെ ഡേറ്റ സെന്റർ കമ്പനികൾ വഴിയും ചൈനീസ് സ്ഥാപനങ്ങൾ ചിപ്പുകൾ സ്വന്തമാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് ചൈനയ്ക്ക് ചിപ്പുകൾ ലഭിക്കുന്ന സാഹചര്യം തടയാനാണ് യുഎസ് ശ്രമിക്കുന്നത്. അതേസമയം, പുതിയ വ്യാപാര നിയന്ത്രണങ്ങളെ ചൈന ശക്തമായി അപലപിച്ചു.ചിപ്പ് കയറ്റുമതിയുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ എൻവിഡിയ പ്രത്യേക ബോർഡ് കമ്മിറ്റിക്കും രൂപം നൽകി.

കമ്പനിയുടെ കയറ്റുമതി ഇടപാടുകൾ യുഎസ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുകയാണ് സമിതിയുടെ ലക്ഷ്യം. ഡയറക്ടർ ബോർഡിലെ മൂന്ന് അംഗങ്ങളാണ് സമിതിയിലുള്ളത്.അതിനിടെ, എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാങ് ഡിസംബർ ഒന്നിന് യുഎസ് കോൺഗ്രസിലെ വിവിധ സമിതികൾക്ക് മുന്നിൽ ഹാജരാകും. ചൈനയിലേക്കുള്ള എഐ ചിപ്പ് കയറ്റുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം വിശദീകരണം നൽകുമെന്നാണ് റിപ്പോർട്ടുകൾ.