ഇമ്രാൻ ഖാൻ രാഷ്ട്രീയ തടവുകാരൻ; സ്വന്തം സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിലാവൽ ഭൂട്ടോ

ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ രാഷ്ട്രീയ തടവുകാരനെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) അധ്യക്ഷൻ ബിലാവൽ ഭൂട്ടോ സർദാരി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിലെ പ്രധാന പങ്കാളിയായ പിപിപി അധ്യക്ഷന്റെ പരസ്യ വിമർശനം പാകിസ്താൻ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

കറാച്ചി പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ബിലാവൽ സ്വന്തം സർക്കാരിന്റെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്തത്. അധികാരത്തിൽനിന്ന് പുറത്താകുന്ന ഓരോ പ്രധാനമന്ത്രിയും ജയിലിലാകുന്ന സാഹചര്യം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രിമാരെല്ലാം അഴിമതിക്കാരാണെന്ന് വിശ്വസിക്കണമോ അതോ ഇതിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണോയെന്നും ബിലാവൽ ചോദിച്ചു. ഇമ്രാൻ ഖാനോട് വ്യക്തിപരമായ താൽപര്യമുണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹത്തെ പൂർണമായി മാറ്റിനിർത്തി പാകിസ്താൻ രാഷ്ട്രീയത്തിന് മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജയിലിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും ബിലാവൽ ആവശ്യപ്പെട്ടു. സിന്ധ് പ്രവിശ്യയെ ബലപ്രയോഗത്തിലൂടെ വിഭജിക്കാൻ ശ്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും തെരുവുകളിൽ രക്തച്ചൊരിച്ചിലിന് അത് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രവിശ്യയുടെ വിഭജനത്തിനെതിരെ ശക്തമായ നിലപാടാണ് പിപിപി സ്വീകരിച്ചിരിക്കുന്നത്.

പ്രതിപക്ഷമായ പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫിന്റെ (പിടിഐ) സംവരണ പാർലമെന്റ് സീറ്റുകൾ തടഞ്ഞുവെച്ച നടപടിയെയും ബിലാവൽ വിമർശിച്ചു. ഇത് വലിയ അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ ഭേദഗതികൾ രാഷ്ട്രീയ കക്ഷികൾക്കിടയിൽ സമവായമില്ലാതെ നടപ്പാക്കുന്നത് രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി. ഷെഹ്ബാസ് ഷെരീഫ് സർക്കാരും പിപിപിയും തമ്മിലുള്ള ഭിന്നതകൾ ശക്തമാകുന്നതിനിടെയാണ് ബിലാവലിന്റെ പരസ്യ വിമർശനം.

More Stories from this section

family-dental
witywide