
വാഷിംഗ്ടണ്‍: അമേരിക്കയുടെ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നവംബര്‍ 5 ലെ വോട്ടെടുപ്പിന് ഇനി രണ്ടാഴ്ചയില്‍ താഴെ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുപ്പ് തീയതിക്ക് ഏകദേശം നാലാഴ്ചമുന്‍പുമുതല്‍ ജനങ്ങള്‍ക്ക് വോട്ടുചെയ്യാം എന്നതാണ് അമേരിക്കയിലെ രീതി.
ഇത്തവണത്തെ യു.എസ്. പ്രസിഡന്റ് തിരഞ്ഞടുപ്പില്‍ 2.1 കോടിപ്പേര്‍ ഇതിനകം വോട്ടുചെയ്തു. ഫ്‌ളോറിഡ സര്‍വകലാശാലയിലെ ഇലക്ഷന്‍ ലാബ് പുറത്തുവിട്ട കണക്കനുസരിച്ച് 78 ലക്ഷം മുന്‍കൂര്‍ വോട്ടുകളും (ഏര്‍ലി വോട്ട്) 1.33 കോടി തപാല്‍വോട്ടുകളുമാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇലക്ഷന്‍ ലാബിന്റെ കണക്കനുസരിച്ച് മുന്‍കൂര്‍ വോട്ടുചെയ്തവരില്‍ 41.3 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും 33.6 ശതമാനം ഡെമോക്രാറ്റുകളുമാണ്. തപാല്‍വോട്ടുകളില്‍ 20.4 ശതമാനം ഡെമോക്രാറ്റുകളുടേതും 21.2 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടേതുമാണ്.
റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് ജോര്‍ജിയയില്‍ പ്രചാരണം നടത്തുമ്പോള്‍, തന്റെ ഭരണം പ്രസിഡന്റ് ജോ ബൈഡന്റേതില്‍ നിന്ന് വ്യത്യസ്തമാകുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ് ബുധനാഴ്ച പെന്‍സില്‍വാനിയയിലെ ടൗണ്‍ ഹാളില്‍ പറഞ്ഞു. ബൈഡനില്‍ നിന്ന് സ്വയം അകന്നുനില്‍ക്കാനുള്ള ഹാരിസിന്റെ ശ്രമമാണ് ചര്‍ച്ചയാകുന്നതും.
കടുത്ത മത്സരം നടക്കുന്ന സംസ്ഥാനങ്ങളിലെ റെക്കോഡ് തകര്‍ത്തുള്ള ഏര്‍ലി വോട്ടര്‍മാരുടെ എണ്ണവും വലിയതോതിലുള്ള റിപ്പബ്ലിക്കന്‍ വോട്ടുകളും ട്രംപിന് അനുകൂലമാണെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.













