അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആദരിക്കുന്നതിനായി ഫ്ലോറിഡിലെ സൗത്ത് ഫ്ലോറിഡയിലുള്ള പാം ബീച്ച് ഇന്റർനാഷണൽ എയർപോർട്ടിന്റെ പേര് ഔദ്യോഗികമായി ഇനി ‘പ്രസിഡന്റ് ഡോണാൾഡ് ജെ. ട്രംപ് ഇന്റർനാഷണൽ എയർപോർട്ട്’. സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ വ്യാഴാഴ്ച മുതലാണ് പുതിയ പേര് നിലവിൽ വന്നത്. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഈ വർഷം ആദ്യം വിമാനത്താവളത്തിന്റെ പേര് മാറ്റാൻ അനുമതി നൽകുന്ന നിയമത്തിൽ ഒപ്പുവെച്ചതോടെയാണ് നടപടികൾക്ക് തുടക്കമായത്. പഴയ പേരിൽ നിന്ന് പുതിയ പേരിലേക്കുള്ള മാറ്റം പൂർണമാകാൻ ഏതാനും ആഴ്ചകൾ എടുക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ഈ കാലയളവിൽ ടെർമിനലിൽ പഴയതും പുതിയതുമായ ബ്രാൻഡിങ് ഒരുമിച്ച് കാണാനാകും.ഒരു വിമാനത്താവളത്തിന്റെ സമ്പൂർണ രൂപമാറ്റം ഒറ്റരാത്രികൊണ്ട് നടക്കില്ല. അടുത്ത ഏതാനും ആഴ്ചകളിൽ യാത്രക്കാർക്ക് പഴയ രൂപവും പുതിയ ബ്രാൻഡ് ഘടകങ്ങളും ഒരുമിച്ച് കാണാൻ സാധിക്കും എന്നും വിമാനത്താവളത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പേര് മാറ്റത്തിന് പിന്നാലെ വിമാനത്താവളത്തിൽ ആദ്യം ഇറങ്ങിയ വിമാനം ട്രംപ് ഓർഗനൈസേഷന്റെ ഉടമസ്ഥതയിലുള്ള ബോയിങ് 757 ആയ ‘ട്രംപ് ഫോഴ്‌സ് വൺ’ ആയിരുന്നു. പുലർച്ചെ അഞ്ച് മണിക്ക് ശേഷം എത്തിയ വിമാനത്തിൽ പ്രസിഡന്റ് ട്രംപിന്റെ മകൻ എറിക് ട്രംപും ഉണ്ടായിരുന്നു.
ട്രംപ് കുടുംബം പാം ബീച്ചിലുള്ള പ്രസിഡന്റിന്റെ വസതിയായ മാർ-എ-ലാഗോയിലേക്കുള്ള യാത്രകൾക്കായി ഈ വിമാനത്താവളം പതിവായി ഉപയോഗിക്കാറുണ്ട്. ഈ വർഷം ആദ്യം വിമാനത്താവളത്തിൽ നിന്ന് മാർ-എ-ലാഗോയിലേക്കുള്ള റോഡിനും ‘പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ് ബുലെവാർഡ്’ എന്ന പേര് നൽകിയിരുന്നു. “ഫ്ലോറിഡയ്ക്കും നമ്മുടെ രാജ്യത്തിനും ഇത്രയധികം സംഭാവന നൽകിയ മറ്റാരുമില്ല. ഈ ബഹുമതിക്ക് ഏറ്റവും അർഹനായ വ്യക്തിയാണ് അദ്ദേഹമെന്നും വിമാനത്താവളത്തിന്റെ പുതിയ കോഡായ ‘DJT’ തന്റെ ബോർഡിങ് പാസിൽ കാണാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും പേര് മാറ്റത്തെ സ്വാഗതം ചെയ്ത് എറിക് ട്രംപ് എക്സിൽ കുറിച്ചു.
അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ട് പ്രകാരം, വിമാനത്താവളത്തിന്റെ ഔദ്യോഗിക പേര് വ്യാഴാഴ്ച മാറിയെങ്കിലും, നിലവിലെ മൂന്ന് അക്ഷര കോഡായ PBI ഓഗസ്റ്റ് 18 വരെ തുടരും. തുടർന്ന് അത് ഔദ്യോഗികമായി ‘DJT’ ആയി മാറും. പേര് മാറ്റത്തെ പ്രസിഡന്റ് ട്രംപും സ്വാഗതം ചെയ്തു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച സന്ദേശത്തിൽ ഇത് പാം ബീച്ചിനുള്ള “വളരെ വലിയ ദിനം” ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.”ഈ പ്രദേശം അതിവേഗം വളരുകയാണ്. സ്ഥലം അത്യുത്തമമാണ്. നവീകരണം അതിഗംഭീരമായിരിക്കും. ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ വിമാനത്താവളങ്ങളിലൊന്നായി ഇത് മാറും,” എന്നും ട്രംപ് കുറിച്ചു.
പുതിയ ബോർഡുകൾ, ബ്രാൻഡിങ്, മറ്റ് അടിസ്ഥാനസൗകര്യ നവീകരണങ്ങൾ എന്നിവ ഉൾപ്പെടെ പേര് മാറ്റത്തിന് ഏകദേശം 5.5 മില്യൺ ഡോളർ വരെ ചെലവ് വരുമെന്നാണ് വിലയിരുത്തൽ. വിമാനത്താവളത്തിലെ പഴയ പാം ബീച്ച് ഇന്റർനാഷണൽ എയർപോർട്ട് ബോർഡുകൾ നീക്കം ചെയ്യുകയും പുതിയ ബ്രാൻഡിങ് സ്ഥാപിക്കുകയും ചെയ്യുന്ന നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
അതേദിവസം തന്നെ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്, ടെന്നസിയിലെ റിപ്പബ്ലിക്കൻ നിയമനിർമാതാക്കൾക്കൊപ്പം ഇന്റർസ്റ്റേറ്റ് 40-ലെ ‘ഡൊണാൾഡ് ജെ. ട്രംപ് ബ്രിഡ്ജ്’ ഉദ്ഘാടനം ചെയ്തു. സമീപകാലത്ത് നിരവധി സർക്കാർ പദ്ധതികൾക്കും പൊതുസ്മാരകങ്ങൾക്കും ട്രംപിന്റെ പേരോ ബ്രാൻഡിങ്ങോ നൽകിയിട്ടുണ്ട്. ഇത്തരം നീക്കങ്ങൾ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട വ്യക്തിപൂജയുടെ സംസ്കാരത്തെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് വിമർശകരുടെ ആരോപണം. അതേസമയം, ട്രംപിന്റെ രാഷ്ട്രീയ പാരമ്പര്യത്തിനുള്ള അംഗീകാരമാണ് ഈ ബഹുമതികളെന്നാണ് അനുയായികളുടെ വാദം.
Florida airport officially renamed after Donald Trump; US President calls it ‘a very big day’














