ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾക്കിടെയും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ നടത്തി. ഹോർമുസ് കടലിടുക്കിന് സമീപം ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം നടത്തിയതോടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസിലൂടെയുള്ള കപ്പൽഗതാഗതം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്കിന് സമീപമുള്ള മേഖലകൾ ഉൾപ്പെടെ ഇറാനിലെ 90 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ, സൈനിക ലോജിസ്റ്റിക് കേന്ദ്രങ്ങൾ, മറ്റ് സൈനിക സൗകര്യങ്ങൾ എന്നിവ ആക്രമണത്തിൽ തകർത്തെന്നും അമേരിക്ക അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നടന്ന അമേരിക്കൻ ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള പ്രദേശങ്ങളും ആക്രമണത്തിന് വിധേയമായതായി ഇറാന്റെ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇതുസംബന്ധിച്ച് അമേരിക്ക പ്രതികരിച്ചിട്ടില്ല. അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതായി തെഹ്റാൻ അറിയിച്ചു. പിന്നീട് കുവൈത്ത്, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലേക്കും ആക്രമണം വ്യാപിപ്പിച്ചതായി സർക്കാർ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണങ്ങൾക്കിടെ, ആറു ദിവസമായി നീണ്ടുനിന്ന പൊതുദർശനത്തിനും അനുശോചന ചടങ്ങുകൾക്കും ശേഷം ഖമനേയിയുടെ ഭൗതികശരീരം മഷ്ഹദിലെ ഇമാം റസാ ദർഗയിൽ സംസ്കരിച്ചു. ദേശീയ പതാക പുതച്ച ശവപ്പെട്ടി ആയിരക്കണക്കിന് അനുയായികളുടെ സാന്നിധ്യത്തിലാണ് ദർഗയിലേക്ക് കൊണ്ടുപോയത്. ഫെബ്രുവരി 28-ന് അമേരിക്ക–ഇസ്രയേൽ സംയുക്ത ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. സംസ്കാരച്ചടങ്ങിൽ പങ്കെടുത്തവരിൽ ചിലർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ മുദ്രാവാക്യങ്ങളും ഭീഷണി സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും ഉയർത്തി.
പുതിയ അമേരിക്കൻ ആക്രമണത്തെ “ഗുരുതര യുദ്ധക്കുറ്റം” എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ടെഹ്റാനിൽ നിന്ന് മഷ്ഹദിലേക്കുള്ള പാലങ്ങൾക്കും റെയിൽപാതയ്ക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായും ഇറാൻ ആരോപിച്ചു. സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം കുത്തനെ കുറഞ്ഞതായി അന്താരാഷ്ട്ര ടാങ്കർ സംഘടനയായ ഇന്റർടാങ്കോ അറിയിച്ചു.
ഒരാഴ്ച മുമ്പ് പ്രതിദിനം 70 ഓളം കപ്പലുകൾ കടന്നുപോയിരുന്ന പാതയിലൂടെ ഇപ്പോൾ 30 കപ്പലുകൾ മാത്രമാണ് സഞ്ചരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഇറാൻ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഈ പാതയിലൂടെ പ്രതിദിനം ശരാശരി 130 കപ്പലുകളാണ് കടന്നുപോയിരുന്നത്.
US and Iran trade attacks as Khamenei is buried














