
യുഎസ് നിർമ്മിത എഫ്-16 യുദ്ധവിമാനം തകർന്ന് യുക്രെയിൻ്റെ ഒരു ഉന്നത സൈനിക പൈലറ്റ് കൊല്ലപ്പെട്ടതായി യുക്രേനിയൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ദീർഘകാലമായി യുക്രെയ്ൻ കാത്തിരുന്ന എഫ് 16 യുദ്ധ വിമാനങ്ങൾ എത്തി ആഴ്ചകൾക്കുള്ളിലാണ് അപകടം നടന്നത്. സംഭവത്തിന് പിന്നിൽ പൈലറ്റിൻ്റെ പിഴവാണെന്ന് വിശ്വസിക്കുന്നില്ലെന്നും സൈനിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
യുക്രെയ്‌നെതിരെ റഷ്യ നടത്തിയ എക്കാലത്തെയും വലിയ വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെയാണ് “മൂൺഫിഷ്” എന്ന പേരിൽ അറിയപ്പെട്ടിരുന്ന പൈലറ്റ് ഒലെക്‌സി മെസ് അപകടത്തിൽ കൊല്ലപ്പെട്ടത്.
പൈലറ്റിൻ്റെ മരണം യുക്രെയ്‌നിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. എഫ്-16 വിമാനങ്ങൾ ഈ മാസം ആദ്യം മാത്രമാണ് യുക്രെയിനിൽ എത്തിയത്, അവ പറത്താൻ പരിശീലനം ലഭിച്ച ചുരുക്കം ചില പൈലറ്റുമാരിൽ ഒരാളാണ് മൂൺഫിഷ്.
തിങ്കളാഴ്ച റഷ്യ വിക്ഷേപിച്ച മിസൈലുകളും ഡ്രോണുകളും നശിപ്പിക്കാൻ വ്യോമസേന F-16 ഉപയോഗിച്ചതായി യുക്രെയ്ൻ പ്രസിഡൻ്റ് സെലെൻസ്‌കി ചൊവ്വാഴ്ച അറിയിച്ചിരുന്നു.
എഫ് -16 വിമാനങ്ങൾ ലഭിക്കാനായി റഷ്യൻ അധിനിവേശം തുടങ്ങിയപ്പോൾ മുതൽ യുക്രെയ്ൻ കാത്തിരിക്കുന്നതാണ്. എന്നാൽ മറ്റ് ഉപകരണങ്ങളെപ്പോലെ, പാശ്ചാത്യ രാജ്യങ്ങൾ F-16 നൽകാൻ മടിച്ചിരുന്നു. പിന്നീട് നെതർലാൻഡ്‌സും ഡെൻമാർക്കും 2023ൽ ഇതു നൽകുമെന്ന് അറിയിച്ചു. എന്നാൽ യുഎസ് അതും കഴിഞ്ഞാണ് ഏഫ് -16 യുദ്ധവിമാനങ്ങൾക്ക് പച്ചക്കൊടി കാണിച്ചത്. തുടർന്ന് ഒരു കൂട്ടം യുക്രേനിയൻ പൈലറ്റുമാർക്ക് F-16 പറത്താനുള്ള പരിശീലനം യുഎസിൽ നൽകി . വിമാനങ്ങൾ പറത്താൻ പൂർണ്ണ പരിശീലനം ലഭിക്കാൻ വർഷങ്ങളെടുക്കുമെങ്കിലും, മൂൺഫിഷിനും മറ്റുള്ളവക്കും ആറുമാസംകൊണ്ട് അത് ചെയ്യേണ്ടിവന്നു.
.














