
ലണ്ടൻ: കുട്ടികളുടെ മാനസികാരോഗ്യവും ഓൺലൈൻ സുരക്ഷയും മുൻനിർത്തി 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ച് ബ്രിട്ടൻ. ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഇത്തരമൊരു നിയമം നടപ്പിലാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി യുകെ മാറി. രാജ്യത്തെ കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന്റെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് പ്രധാനമന്ത്രി Keir Starmer വ്യക്തമാക്കി. ഓൺലൈൻ ലോകത്ത് കുട്ടികൾ നേരിടുന്ന ഭീഷണികൾ വർധിച്ച സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങളുമായി സർക്കാർ മുന്നോട്ടുവന്നത്.
ഓസ്‌ട്രേലിയയുടെ മാതൃകയെ അടിസ്ഥാനമാക്കിയെങ്കിലും അതിനേക്കാൾ ശക്തമായ നിയന്ത്രണങ്ങളാണ് ബ്രിട്ടൻ നടപ്പാക്കുന്നത്. “ഓസ്‌ട്രേലിയ-പ്ലസ്” മോഡൽ എന്നറിയപ്പെടുന്ന പുതിയ സംവിധാനത്തിൽ ലൈവ് സ്ട്രീമിംഗ് സേവനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. ഗെയിമിംഗ് ആപ്പുകളിലൂടെ അപരിചിതർ കുട്ടികളുമായി ബന്ധപ്പെടുന്നത് തടയുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും നിയമത്തിന്റെ ഭാഗമാകും. കൗമാരക്കാർക്കായി രാത്രികാല സോഷ്യൽ മീഡിയ കർഫ്യൂ ഏർപ്പെടുത്തുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ അടുത്ത മാസം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിരോധനം ബാധിക്കുന്ന പ്രധാന പ്ലാറ്റ്ഫോമുകൾ
നിയമം പ്രാബല്യത്തിൽ വരുന്നതോടെ താഴെപ്പറയുന്ന പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് 16 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനമുണ്ടാകില്ല:
ടിക്ടോക്
സ്നാപ്ചാറ്റ്
ഇൻസ്റ്റാഗ്രാം
യൂട്യൂബ്
റെഡ്ഡിറ്റ്
ട്വിച്ച് എക്സ് (പഴയ ട്വിറ്റർ)
ത്രെഡ്സ്
ഫേസ്ബുക്ക്
കിക്ക്
ഇതുകൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താനും പ്രായപൂർത്തിയാകാത്തവർക്കുള്ള ഡിജിറ്റൽ സംരക്ഷണം ശക്തിപ്പെടുത്താനുമുള്ള വ്യവസ്ഥകളും നിയമത്തിൽ ഉൾപ്പെടും. നിയമം നടപ്പാക്കുന്നതിന് മുമ്പ് യുകെ സർക്കാർ മൂന്ന് മാസത്തോളം നീണ്ടുനിന്ന പൊതുജനാഭിപ്രായ സർവേ നടത്തിയിരുന്നു. 1.16 ലക്ഷത്തിലധികം ആളുകളാണ് ഇതിൽ പങ്കെടുത്തത്. സർവേയിൽ പങ്കെടുത്ത 90 ശതമാനം മാതാപിതാക്കളും 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തുന്നതിനെ പിന്തുണച്ചു.
സോഷ്യൽ മീഡിയയുടെ ഗുണങ്ങളെക്കാൾ ദോഷഫലങ്ങളാണ് കൂടുതലെന്ന് 83 ശതമാനത്തിലധികം പേർ അഭിപ്രായപ്പെട്ടു. കുട്ടികളെ ദീർഘനേരം പ്ലാറ്റ്ഫോമുകളിൽ പിടിച്ചിരുത്തുന്ന ഇൻഫിനിറ്റ് സ്ക്രോളിംഗ്, ഓട്ടോപ്ലേ തുടങ്ങിയ സംവിധാനങ്ങൾ നിയന്ത്രിക്കുന്നതും കർശന പ്രായപരിശോധന നടപ്പാക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. ചരിത്രപ്രാധാന്യമുള്ള ഈ നിയമത്തിന്റെ സമ്പൂർണ രൂപം തിങ്കളാഴ്ച ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് ബ്രിട്ടീഷ് സർക്കാർ അറിയിച്ചിരിക്കുന്നത്.














