വലിയ നേട്ടമെന്ന് ഹിസ്ബുള്ള, യുഎസ് – ഇറാൻ കരാറിനെ സ്വാഗതം ചെയ്തു; പരമാധികാരം ലംഘിച്ചുള്ള ആക്രമണങ്ങൾ അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ്

ബെയ്റൂട്ട്: അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന സമാധാന കരാറിനെ സ്വാഗതം ചെയ്ത് ലെബനനിലെ ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുള്ള. കരാർ രൂപീകരണത്തിൽ ഇറാൻ കൈവരിച്ച “വലിയ നേട്ടത്തെ” അഭിനന്ദിച്ച ഹിസ്ബുള്ള, പുതിയ കരാറിന്റെ നിബന്ധനകളിൽ ലബനനിലെ വെടിനിർത്തൽ കൂടി ഉൾപ്പെടുത്തണമെന്ന് കർശനമായി ആവശ്യപ്പെട്ടതിന് ഇസ്ലാമിക് റിപ്പബ്ലിക്കിനോട് തങ്ങളുടെ ആഴത്തിലുള്ള നന്ദിയും രേഖപ്പെടുത്തി.

“ഇറാൻ ഒരിക്കൽ കൂടി തങ്ങളുടെ വലിയ സഖ്യകക്ഷിയാണെന്നും തങ്ങൾക്ക് നൽകുന്ന ശക്തമായ പിന്തുണ തുടരുമെന്നും തെളിയിച്ചിരിക്കുകയാണ്,” ഹിസ്ബുള്ള തങ്ങളുടെ ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി. വരാനിരിക്കുന്ന വെള്ളിയാഴ്ച ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ സമാധാന കരാറോടെ ലെബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും ഉടനടി സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് മധ്യസ്ഥരായ പാകിസ്താനും ഇറാനും നേരത്തെ വ്യക്തമാക്കിയിരുന്നു. കരാർ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഞായറാഴ്ച പുലർച്ചെയും ഇസ്രായേൽ സൈന്യം ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു.

കരാറിനെ പിന്തുണയ്ക്കുമ്പോഴും ഇസ്രായേലിന് കടുത്ത മുന്നറിയിപ്പും ഹിസ്ബുള്ള നൽകുന്നുണ്ട്. ലെബനന്റെ ദേശീയ പരമാധികാരത്തെ ലംഘിക്കുന്ന തരത്തിലോ തങ്ങളുടെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിലോ ഉള്ള ഒരുവിധത്തിലുള്ള അധിനിവേശവും ഇനി അംഗീകരിക്കില്ലെന്ന് സംഘടന വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തുനിന്നും ഇസ്രായേൽ സൈന്യം പൂർണ്ണമായി പിന്മാറുകയും തടവിലാക്കപ്പെട്ടവരെ തിരികെ നാട്ടിലെത്തിക്കുകയും ചെയ്യുന്നത് വരെ തങ്ങളുടെ മണ്ണ് സംരക്ഷിക്കാനുള്ള പോരാട്ടവും അവകാശവും തുടരുമെന്നും ഹിസ്ബുള്ള കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide