സുപ്രധാന സ്ഥിരീകരണവുമായി യുഎസ് വൈസ് പ്രസിഡന്റ്, ഇറാനുമായുള്ള ഡിജിറ്റൽ കരാർ പൂർത്തിയായി; ഫണ്ട് വിട്ടുകൊടുക്കില്ലെന്ന് ജെ ഡി വാൻസ്

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ധാരണാപത്രത്തിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ഇരുരാജ്യങ്ങളും ഡിജിറ്റൽ സംവിധാനത്തിലൂടെ ഒപ്പുവെച്ചതായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്ഥിരീകരിച്ചു. കരാറിലെ നിബന്ധനകൾ നിലവിൽ വന്നതായും, എന്നാൽ ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുകയോ പുതിയ ഫണ്ടുകൾ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എബിസി ന്യൂസിന്റെ ‘ഗുഡ് മോർണിംഗ് അമേരിക്ക’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങൾ ഇന്നലെത്തന്നെ (ഞായറാഴ്ച) ഡിജിറ്റൽ സംവിധാനത്തിലൂടെ കരാറിൽ ഒപ്പുവെച്ചു കഴിഞ്ഞു. ഇറാനിലേക്ക് യാതൊരുവിധ പണവും കൈമാറിയിട്ടില്ല. ഈ നിലപാടിൽ മാറ്റമുണ്ടാകുകയുമില്ല,” വാൻസ് പറഞ്ഞു. കരാർ ഒപ്പിടുന്നതിന് മുൻപ് തന്നെ ഇത്തരമൊരു ഇലക്ട്രോണിക് ഒപ്പുവെക്കൽ ചർച്ചകളിൽ ഉയർന്നു വന്നിരുന്നെങ്കിലും, ഇത് ഔദ്യോഗികമായി പൂർത്തിയായ വിവരം ഇപ്പോഴാണ് പുറത്തുവിടുന്നത്. അതേസമയം, വരാനിരിക്കുന്ന വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങ് നടക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സമുദ്ര മൈനുകൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള പ്രധാന വ്യവസ്ഥകൾ ഈ ഔദ്യോഗിക ഒപ്പുവെക്കലിന് ശേഷം മാത്രമായിരിക്കും പൂർണ്ണതോതിൽ പ്രാബല്യത്തിൽ വരികയെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ഔദ്യോഗികമായി കരാർ ഒപ്പുവെക്കുന്നതോടെ കടലിടുക്ക് പൂർണ്ണമായി തുറക്കുമെന്നും, സുരക്ഷിതമായ മൈൻ നീക്കത്തിന് ശേഷം ഈ മേഖലയിലും ആഗോള വിപണിയിലും വീണ്ടും എണ്ണ വിതരണം പഴയതുപോലെ സുഗമമാകുമെന്നും ട്രംപ് നേരത്തെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇതിനിടയിലാണ് കരാറിന്റെ ഡിജിറ്റൽ നടപടികൾ ഇതിനകം തന്നെ പൂർത്തിയായതായി വൈസ് പ്രസിഡന്റ് വ്യക്തമാക്കിയത്.

Also Read

More Stories from this section

family-dental
witywide