ഓടിയെത്തുമോ ട്രംപ്, 464 മില്യണ്‍ ഡോളര്‍ ബോണ്ട് ലഭിച്ചില്ലെങ്കില്‍ പിന്നെ എന്ത് ?

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റും നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡോണാള്‍ഡ് ട്രംപിന് പുതിയ കരുക്ക് മുറുകുന്നു.

സ്വത്തുക്കളുടെയും ആസ്തികളുടെയും മൂല്യം പെരുപ്പിച്ചുകാട്ടി ട്രംപ് വഞ്ചനാപരമായ സാമ്പത്തിക പ്രസ്താവനകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്ക് ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍ ട്രംപിന് 355 മില്യന്‍ ഡോളര്‍ പിഴ ചുമത്തിയത്. കഴിഞ്ഞയാഴ്ച വന്ന വിധിക്കെതിരെ ട്രംപ് അപ്പീലുമായി മുന്നോട്ട് പോകുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി മുഴുവന്‍ തുകയുടെയും ക്യാഷ് ബോണ്ട് സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 25 വരെ ആണുള്ളത്. എന്നാല്‍, അതിനു കഴിയാതെ വന്നാല്‍ തുക പിടിച്ചെടുക്കാന്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങും.

എന്നാല്‍ ഇത്രയും തുക കണ്ടെത്താനായില്ലെന്നാണ് ട്രംപ് അവസാനനിമിഷവും വാദിക്കുന്നത്. അതേസമയം, സിവില്‍ തട്ടിപ്പ് വിധിക്ക് ബോണ്ട് ഉറപ്പാക്കാന്‍ ട്രംപിന്റെ നിയമ സംഘം കഠിനമായി പരിശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഫെബ്രുവരിയില്‍ ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍ പുറപ്പെടുവിച്ച വിധിയില്‍ നിന്ന് ട്രംപ് വ്യക്തിപരമായി 454 മില്യണ്‍ ഡോളറിലധികം കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മക്കളായ എറിക്, ഡൊണാള്‍ഡ് ജൂനിയര്‍, ട്രംപ് ഓര്‍ഗനൈസേഷന്‍ എന്നിവരില്‍ നിന്ന് നല്‍കാനുള്ള പണവും വിധിയുടെ തീയതി വരെ ലഭിച്ച പലിശയും ഉള്‍പ്പെടെ ഈ കണക്ക് 463.9 മില്യണ്‍ ഡോളറായി ഉയര്‍ന്നു.

എന്‍ഗോറോണിന്റെ വിധി കവര്‍ ചെയ്യുന്നതിന് ആവശ്യമായ ബോണ്ടുകള്‍ കണ്ടെത്തിയില്ലെങ്കില്‍ ട്രംപിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിനുള്ള സങ്കീര്‍ണ്ണമായ നിയമപ്രശ്നത്തിന് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് തയ്യാറാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ട്രംപ് 454 മില്യണ്‍ ഡോളര്‍ അടച്ചില്ലെങ്കില്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസിന് തിങ്കളാഴ്ച മുതല്‍ ട്രംപിന്റെ സ്വത്തുക്കള്‍ ജപ്തി ചെയ്യാനാവും.

ബോണ്ട് വഴി ധനസമാഹരണത്തിനുള്ള വഴി ഒരുങ്ങുകയാണെങ്കില്‍ അപ്പീല്‍ നല്‍കി ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസിനെ ജപ്തിയില്‍ നിന്ന് താത്ക്കാലികമായെങ്കിലും പിടിച്ചു നിര്‍ത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന് കഴിഞ്ഞില്ലെങ്കില്‍ കെട്ടിടങ്ങള്‍, വീടുകള്‍, കാറുകള്‍, ഹെലികോപ്റ്ററുകള്‍, ട്രംപിന്റെ വിമാനം തുടങ്ങിയ സ്വത്തുക്കള്‍ ജപ്തിയിലേക്ക് നീങ്ങിയേക്കും. മാത്രമല്ല, ആദ്യം തന്നെ ട്രംപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ക്കും പിടി വീണേക്കും. സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിലും പ്രായോഗികമായി എളുപ്പത്തില്‍ സ്വന്തമാക്കാനാകുന്നത് ബാങ്ക് അക്കൗണ്ടിലെ പണം തന്നെയാണ്. അതുകൊണ്ട് ആദ്യം പിടിവീഴുക ബാങ്ക് അക്കൗണ്ടിനായിരിക്കും. അല്ലെങ്കില്‍ ട്രംപിന് അനുകൂലമായ ഒരു അപ്പീല്‍ കോടതി വിധി ഈ ദിവസത്തിന് മുമ്പ് സംഭവിക്കണം. അതും കാത്തിരുന്ന് കാണേണ്ടതാണ്. അപ്പീല്‍ കോടതിവിധി പ്രതികൂലമായാല്‍ ‘പാപ്പരായി’ മാറാനുള്ള സാധ്യതയും മുന്നിലുണ്ടെങ്കിലും ട്രംപ് അത് സ്വീകരിക്കുമെന്ന് ആരും കരുതുന്നില്ല.

More Stories from this section

family-dental
witywide