അമേരിക്കയിൽ വിവിധ ഭാഗങ്ങളിൽ വിവിധ കാലാവസ്ഥ മുന്നറിയിപ്പുകൾ; ഒരു ഭാഗത്ത് കനത്ത മഴയും വെള്ളപ്പൊക്കവും, മറുവശത്ത് റെക്കോർഡ് ചൂടും കാട്ടുതീയും

വാഷിങ്ടൺ: അമേരിക്കയിൽ ഒരേസമയം അതിശക്തമായ മഴയും റെക്കോർഡ് ചൂടും ആശങ്ക സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ തെക്കൻ, മധ്യപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് മിന്നൽവെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമ്പോൾ, പടിഞ്ഞാറൻ സംസ്ഥാനങ്ങൾ അതിരൂക്ഷമായ ഉഷ്ണതരംഗത്തിലും കാട്ടുതീ ഭീഷണിയിലുമാണ്.

ടെന്നസി മുതൽ വെസ്റ്റ് വെർജീനിയ വരെയുള്ള മേഖലകളിൽ ഞായറാഴ്ചയും കനത്ത മഴയും ഇടിമിന്നലോടുകൂടിയ കാറ്റും തുടരുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാഷ്‌വിൽ, കെന്റക്കിയിലെ ലെക്സിങ്ടൺ, വെസ്റ്റ് വെർജീനിയയിലെ ചാൾസ്റ്റൺ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലവിലുണ്ട്.

വെസ്റ്റ് വെർജീനിയയിലെ ഹണ്ടിങ്ടൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കമാണ് റിപ്പോർട്ട് ചെയ്യുന്നത്. കരോലിന സംസ്ഥാനങ്ങളുടെയും കിഴക്കൻ ജോർജിയയുടെയും ചില ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലിനും അതിവേഗ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വാരാന്ത്യത്തിൽ മിസോറ സംസ്ഥാനത്തെ കനത്ത വെള്ളപ്പൊക്കത്തിൽ നൂറുകണക്കിന് പേരെ രക്ഷപ്പെടുത്തിയിരുന്നു. റെയ്നൾഡ്സ് കൗണ്ടിയിലെ ഒരു വേനൽക്കാല ക്യാമ്പിൽ നിന്ന് 160-ലധികം കൗമാരക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ക്രോഫോർഡ് കൗണ്ടിയിൽ കാണാതായിരുന്ന ഫെയ്ത്ത് ഗ്രിഗറി എന്ന സ്ത്രീയുടെ മൃതദേഹവും പിന്നീട് കണ്ടെത്തി.

അതേസമയം, അമേരിക്കയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. യൂട്ടാ, മൊണ്ടാന, മിന്നസോട്ട എന്നിവിടങ്ങളിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള താപനില റെക്കോർഡുകൾ തകർന്നു. സാൾട്ട് ലേക്ക് സിറ്റിയിൽ 109 ഡിഗ്രി ഫാരൻഹീറ്റും മൊണ്ടാനയിലെ ബില്ലിംഗ്സിൽ 111 ഡിഗ്രിയും മൈൽസ് സിറ്റിയിൽ 115 ഡിഗ്രിയും രേഖപ്പെടുത്തി.

വാഷിങ്ടൺ, ഒറിഗൺ ഉൾപ്പെടെയുള്ള വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഉയർന്ന ചൂടും വരണ്ട കാലാവസ്ഥയും കാട്ടുതീ ഭീഷണി വർധിപ്പിച്ചതായി കാലാവസ്ഥാ അധികൃതർ അറിയിച്ചു. പടിഞ്ഞാറൻ അമേരിക്കയുടെ ഭൂരിഭാഗവും വരൾച്ചയുടെ പിടിയിലാണെന്നും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച മുതൽ അതിശക്തമായ ചൂട് ഡക്കോട്ട സംസ്ഥാനങ്ങളിലേക്കും മധ്യപടിഞ്ഞാറൻ മേഖലയിലേക്കും വ്യാപിക്കുമെന്നാണ് പ്രവചനം. തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ഉഷ്ണതരംഗം എത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.

ഫ്ലോറിഡ, ജോർജിയ, കിഴക്കൻ കരോലിന സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. മിയാമി, ഫോർട്ട് ലോഡർഡെയിൽ തുടങ്ങിയ നഗരങ്ങളിൽ അനുഭവപ്പെടുന്ന ചൂട് 105 മുതൽ 110 ഡിഗ്രി ഫാരൻഹീറ്റ് വരെ എത്തുമെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം കനത്ത മഴയും അതിരൂക്ഷമായ ചൂടും അനുഭവപ്പെടുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗൗരവം വീണ്ടും വ്യക്തമാക്കുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

More sweltering heat and flash flooding are expected across America

More Stories from this section

family-dental
witywide