ടെഹ്റാൻ: ഇറാനെതിരെ വീണ്ടും വ്യാപക വ്യോമാക്രമണം നടത്തി അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഖെഷം ദ്വീപ്, ബന്ദർ അബ്ബാസ്, ബന്ദർ-എ-ദയ്യർ, സിരിക്ക് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഖുസെസ്താൻ പ്രവിശ്യയിലെ മഹ്ഷഹറിലുള്ള കാർഷിക ജലസേചന പമ്പിങ് സ്റ്റേഷന് നേരെ ഞായറാഴ്ച പുലർച്ചെ അമേരിക്കൻ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവർക്ക് ചികിത്സ നൽകിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഖെഷം ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഞായറാഴ്ച ഉച്ചയ്ക്കുശേഷം പത്തിലേറെ പ്രൊജക്ടൈലുകൾ വിക്ഷേപിച്ചതായി ദ്വീപ് ഗവർണറെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ആദ്യം ആളപായമില്ലെന്ന് അറിയിച്ചിരുന്നെങ്കിലും, പിന്നീട് ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
അതേസമയം, ഈ ആക്രമണത്തെക്കുറിച്ച് അമേരിക്കൻ സൈന്യം ഉടൻ പ്രതികരിച്ചില്ല. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇറാനിലെ 140 ഓളം ലക്ഷ്യങ്ങൾ ഞായറാഴ്ച ആക്രമിച്ചതായി അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. പേർഷ്യൻ ഗൾഫിലെ ഏറ്റവും വലിയ ദ്വീപായ ഖെഷമിൽ ഏകദേശം 1.5 ലക്ഷം പേരാണ് താമസിക്കുന്നത്.
കുവൈത്തിലും സ്ഫോടനശബ്ദം
ഞായറാഴ്ച വൈകിട്ട് കുവൈത്തിൽ സ്ഫോടനശബ്ദം കേട്ടതായി ഇറാന്റെ തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇറാന്റെ ആക്രമണ ഭീഷണിയിലാണ്.
‘ആണവ ബോംബുകളേക്കാൾ പ്രധാനമാണ് ഹോർമുസ്’ഹോർമുസ് കടലിടുക്ക് “ഡസൻ കണക്കിന് ആണവ ബോംബുകളേക്കാൾ പ്രാധാന്യമുള്ളതാണ്”െന്നും, അതിനെ സംരക്ഷിക്കുമെന്നും ഇറാന്റെ മുതിർന്ന നേതാവ് മൊഹ്‌സെൻ റെസായി പ്രഖ്യാപിച്ചു. ഈ തന്ത്രപ്രധാനമായ കടൽപാതയെ സംരക്ഷിക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണ് എന്ന് അദ്ദേഹം ഐഎസ്എൻഎ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ
വിദേശ ഇടപെടൽ അവസാനിക്കുന്നതുവരെ ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രഖ്യാപിച്ചു. അനുമതിയുള്ള പാത പിന്തുടരാൻ നൽകിയ നിർദേശം അവഗണിച്ചതിനെ തുടർന്ന് ശനിയാഴ്ച മുന്നറിയിപ്പ് വെടിയുതിർത്ത ശേഷം ഒരു ചരക്കുകപ്പൽ തടഞ്ഞതായും ഐആർഐബി ന്യൂസിലൂടെ IRGC അറിയിച്ചു.
ഒമാൻ തീരത്ത് കപ്പൽ ഉപേക്ഷിച്ച് ജീവനക്കാർ
ഒമാൻ തീരത്തിന് സമീപം ആക്രമണത്തിൽ ഗുരുതരമായി കേടുപാടുകൾ സംഭവിച്ച വാണിജ്യ കപ്പലിലെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ചതായി ബ്രിട്ടന്റെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. ഒമാൻ തീരത്തുനിന്ന് ഏകദേശം 17 കിലോമീറ്റർ അകലെയുണ്ടായ സംഭവത്തിൽ ജീവനക്കാർ ലൈഫ് ബോട്ടിൽ അഭയം പ്രാപിച്ചതായും, കപ്പലിന് യാത്ര തുടരാൻ കഴിയാത്തവിധം കേടുപാടുകൾ സംഭവിച്ചതായും അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. കപ്പലിലെ ഒരു ജീവനക്കാരനെ ഇപ്പോഴും കാണാതായിട്ടുണ്ട്.
യുഎഇയിൽ വ്യോമപ്രതിരോധ സംവിധാനം സജ്ജം
ഗൾഫ് മേഖലയിലാകെ സംഘർഷം വ്യാപിച്ചതോടെ, മിസൈൽ ഭീഷണിയെ തുടർന്ന് വ്യോമപ്രതിരോധ സംവിധാനം സജീവമാക്കിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്ക-ഇറാൻ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയാണ് ഇതിലൂടെ ശക്തമായത്.
ട്രംപിന്റെ മുന്നറിയിപ്പ്
സഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് വീണ്ടും കടുത്ത മുന്നറിയിപ്പ് നൽകി. തന്റെ ജീവന് ഭീഷണി ഉയർത്തിയാൽ “1,000 മിസൈലുകൾ കൊണ്ട് തിരിച്ചടിക്കുമെന്ന്” അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പുനൽകണമെന്നും, സാധാരണ ചരക്കുകപ്പലുകൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
US launches fresh, widespread attacks on Iran; tensions escalate in the Gulf region; one person killed in the US strike.











