
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ സൈനികനീക്കം ശക്തമാക്കി ഇറാനും അമേരിക്കയും. കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തിങ്കളാഴ്ചയും ആക്രമണം അഴിച്ചുവിട്ടു. കുവൈറ്റിലെ അലി അൽ-സലേം വ്യോമതാവളത്തിലെ ഇന്ധന ടാങ്കുകളും പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇറാൻ തകർത്തതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അവകാശപ്പെട്ടു. അമേരിക്കയുടെ സൈനിക നടപടികൾക്കുള്ള മറുപടിയായി ഇറാന്റെ ‘കണ്ണിന് പകരം കണ്ണ്’ എന്ന പ്രത്യാക്രമണ പരമ്പരയുടെ മൂന്നാം ഘട്ടമാണിതെന്ന് ഐആർജിസി പറഞ്ഞു.
അഹമ്മദ് അൽ-ജാബർ വ്യോമതാവളത്തിലെ തന്ത്രപ്രധാനമായ എഫ്‌പിഎസ് റഡാർ സംവിധാനx ആക്രമിക്കപ്പെട്ടു. കുവൈറ്റ് ഓയിൽ കമ്പനിയുടെ എണ്ണഖനന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കുവൈറ്റിന്റെ വടക്കൻ അതിർത്തികളിലേക്കും ഇറാൻ ആക്രമണം വ്യാപിപ്പിച്ചു.
ബഹ്റൈനിലെ ശൈഖ് ഇസാ വ്യോമതാവളത്തിൽ ഹെലികോപ്റ്റർ അറ്റകുറ്റപ്പണി കേന്ദ്രം, പി-8 വിമാന ഹാങ്കർ, ഡ്രോൺ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവ തകർത്തതായി ഐആർജിസി അറിയിച്ചു. ഇതിനുപുറമെ ജോർദാനിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായി.
ഇറാനിലെ ബന്ദർ അബ്ബാസ്, ഖുഷം എന്നിവിടങ്ങളിലായി പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്നാണ് ഇറാൻ്റെ വാദം. ഫൈറ്റർ ജെറ്റുകളും യുദ്ധക്കപ്പലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തിൽ ഇറാന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളും ദക്ഷിണതീരത്തെ റഡാർ കേന്ദ്രങ്ങളും ഡ്രോൺ കേന്ദ്രങ്ങളും തകർത്തതായി യുഎസ് അവകാശപ്പെട്ടിരുന്നു. ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന വാണിജ്യ കപ്പലുകൾക്കെതിരെ ഇറാൻ ആക്രമണങ്ങൾ നടത്തുന്നെന്ന് ആരോപിച്ചാണ് അമേരിക്ക സംഘർഷം പുനരാരംഭിച്ചത്.
അതേസമയം, സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ ഭരണകൂടത്തിനുള്ളിൽ ഭിന്നത പ്രകടമാണ്. നയതന്ത്ര ചർച്ചകൾ വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ പ്രതികാരം വേണമെന്ന നിലപാടിലാണ് ഐആർജിസി. നിലവിലെ ആത്മീയ നേതാവായ മൊജ്താബ ഖമനേയിയും ‘രക്തത്തിന് രക്തം’ എന്ന നിലപാടിലാണ്. ഇതിനിടെ ഒമാനും പാകിസ്താനും കേന്ദ്രീകരിച്ച് നയതന്ത്ര ചർച്ചകൾക്കും നീക്കങ്ങൾ നടക്കുന്നുണ്ട്.












