
2020 ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കമലാ ഹാരിസ് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ വലിയ ആഘോഷമായിരുന്നു. തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലെ മണ്ണാര്‍ഗുഡിക്കടുത്തുള്ള തുളസേന്ദ്രപുരത്തെ ഗ്രാമവാസികൾ അവരുടെ വീടുകൾക്ക് മുന്നിൽ പടക്കം പൊട്ടിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും വർണ്ണാഭമായ ‘കോലങ്ങൾ’ വരയ്ക്കുകയും ചെയ്തു. ഗ്രാമവാസികൾ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി, തങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയതിന് ദൈവത്തിന് നന്ദി പറഞ്ഞു. കാരണം കമല ആ ഗ്രാമത്തിലെ ഒരു പേരക്കുട്ടിയായിരുന്നു. കമലയുടെ അമ്മ ശ്യാമള ഗോപാലൻ 19 ാം വയസ്സിൽ പഠിക്കാനായി അമേരിക്കയിലേക്ക് വരും വരെ അവിടത്തെ അഗ്രഹാരത്തിലെ കുട്ടിയായിരുന്നു. കർണാടക സംഗീതത്തിൽ മികവു പുലർത്തിയിരുന്ന തനി തമിഴ് പെൺകൊടി. ജീവിതം മുഴുവൻ ശ്യാമള അവർ പഠിച്ചിരുന്ന ആ ഇന്ത്യൻ മൂല്യങ്ങൾ കാത്തു സൂക്ഷിച്ചിരുന്നതായി കമല പലപ്പോഴും പറഞ്ഞിട്ടുണ്ട്.
കമലയുടെ എട്ടാം വയസ്സിൽ ശ്യാമളയും ഭർത്താവും വിവാഹമോചിതരായി. പിന്നീട് ആ അമ്മ ഒറ്റയ്ക്കാണ് കമലയേയും അനിയത്തി മായയേയും വളർത്തിയത്. തമിഴ്നാട്ടിലെ തൻ്റെ വീട്ടിലേക്ക് ശ്യാമള മക്കളേയും കൂട്ടി ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. അമ്മ വീടിൻ്റെ സ്നേഹത്തണൽ അവർ ആവോളം നുകർന്നിട്ടുണ്ട്. കുട്ടിയായിരിക്കുമ്പോൾ മുത്തച്ഛനുമായി കടൽ തീരങ്ങളിൽ നടക്കാൻ പോകുന്നതും രാഷ്ട്രീയ ചർച്ചകൾ നടത്തുന്നതും കമല നല്ല ഓർമകളായി പങ്കുവയ്ക്കാറുണ്ട്.
2009 ൽ ശ്യാമള കുടലിലെ അർബുദത്തെ തുടർന്ന് മരിച്ചു. അവരുടെ ചിതാ ഭസ്മവുമായി കമല ചെന്നൈയിലെത്തി ഹിന്ദു ആചാരപ്രകാരം കർമം ചെയ്ത് കടലിൽ ഒഴുക്കി. ഇന്ന് ആ ഗ്രാമത്തന്റെ പേരമകൾ ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാളാണ്. യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മൽസരിക്കാൻ ഡെമോക്രാറ്റ് പാർട്ടിയുടെ സ്ഥാനാഥിയായിരിക്കും എന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
ആരാണ് കമല ഹാരിസിൻ്റെ മതാപിതാക്കൾ
പഠനവും മികച്ച ഭാവിയും സ്വപ്‌നംകണ്ട് ലോകത്തിന്റെ രണ്ടുകോണുകളില്‍ നിന്ന് അമേരിക്കയിലേക്ക് ചേക്കേറിയവർ, തമിഴ്‌നാട്ടുകാരിയായ ശ്യാമളാ ഗോപാലനും ജമൈക്കക്കാരനായ ഡൊണാള്‍ഡ് ജെ. ഹാരിസും. അമേരിക്കയുടെ പ്രസിഡൻ്റാകാൻ മൽസര രംഗത്തുള്ള കമല ഹാരിൻ്റെ മാതാപിതാക്കൾ. അമേരിക്കയിലെ ആദ്യത്തെ ആഫ്രോ-അമേരിക്കന്‍, ഇന്ത്യൻ-അമേരിക്കന്‍ വൈസ് പ്രസിഡന്റായി കമല തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവർ നന്ദി പറഞ്ഞത് തൻ്റെ മാതാപിതാക്കൾക്കാണ്.
ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള ജമൈക്കയിലാണ് ഡൊണാള്‍ഡ് ജനിച്ചുവളര്‍ന്നത്. സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുക്കുകയെന്ന സ്വപ്‌നവുമായി അമേരിക്കയിലെത്തി. ഇന്ത്യയിൽ വനിതകൾക്ക് ശാസ്ത്രം പഠിക്കാൻ വലിയ അവസരമില്ലാതിരുന്ന 1958ലാണ് ശ്യാമള യുഎസിലേക്ക് സ്കോളർഷിപ്പോടെ വൈദ്യം പഠിക്കാൻ എത്തുന്നത്.
ശ്യാമളയും ഡൊണാള്‍ഡും ബെര്‍ക്ലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ചേര്‍ന്നത് ഏകദേശം ഒരേസമയത്തായിരുന്നു. ക്യാംപസില്‍ സജീവമായ പൗരാവകാശപ്രവര്‍ത്തനങ്ങളോട് താത്പര്യം തോന്നിയപ്പോള്‍ കറുത്തവർഗക്കാരായ വിദ്യാര്‍ഥികളുടെ പഠനഗ്രൂപ്പിലും ഇരുവരും ചേര്‍ന്നു. ശ്യാമള കറുത്ത വര്‍ഗക്കാരിയല്ലെങ്കിലും സംഘത്തിലേക്ക് അവളെ സ്വീകരിച്ചു. അന്നൊന്നുമവര്‍ക്ക് പരസ്പരം അറിയില്ല. വിദ്യാര്‍ഥിപ്രസ്ഥാനം ഊര്‍ജസ്വലമായ കാലം. 1962-ല്‍ പഠനഗ്രൂപ്പില്‍ വെച്ച് ഡൊണാള്‍ഡും ശ്യാമളയും പരിചയപ്പെട്ടു. തമ്മില്‍ അടുപ്പവും പ്രണയവും തോന്നിയത് വളരെ പെട്ടെന്നും. പ്രണയദിനങ്ങളില്‍ ഇരുവരും സിവില്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു.
ഡൊണാള്‍ഡും ശ്യാമളയും മാര്‍ച്ചുകളിലും പ്രതിഷേധങ്ങളിലും ഒപ്പം നടന്നു, സ്വന്തം കഥകള്‍ പരസ്പരം പറഞ്ഞു. പഠനം മാത്രമായിരുന്നു അമേരിക്കയിലേക്ക് വരുമ്പോള്‍ ശ്യാമളയുടെ ലക്ഷ്യം. ഇന്ത്യയിലേക്ക് തിരിച്ചുപോകണം എന്നു കരുതിയായിരുന്നു അവർ വന്നത്. പക്ഷേ, ഡൊണാള്‍ഡിനോട് കടുത്ത പ്രണയം തോന്നിയപ്പോള്‍ വിവാഹം ചെയ്യാമെന്നായി. പരിചയപ്പെട്ട് ഒരുവര്‍ഷം ആകുമ്പോഴേക്കും ഡൊണാള്‍ഡും ശ്യാമളയും വിവാഹം ചെയ്തു. ശിഷ്ടകാലം അമേരിക്കയെന്ന തീരുമാനവും ശ്യാമള എടുത്തു.
വിവാഹിതരായി ഒരുവര്‍ഷത്തിനുള്ളില്‍ 1964-ല്‍ കമല ജനിച്ചു. കമലയേയും പൗരാവകാശപ്രവര്‍ത്തന പരിപാടികള്‍ക്ക് മാതാപിതാക്കള്‍ കൊണ്ടുപോവുമായിരുന്നു. അവര്‍ തനിക്കായി നേരായ വഴികള്‍ തുറന്നുതരികയായിരുന്നെന്ന് അതിനെപ്പറ്റി കമല പിന്നീട് പറഞ്ഞു. 1967-ല്‍ കമലയുടെ അനിയത്തി മായയും പിറന്നു. ഏറെക്കാലം ഒന്നിച്ചുജീവിച്ച ദമ്പതികള്‍ക്കിടയില്‍ പൊരുത്തക്കേടുകൾ ഉടലെടുത്തു, 1972 ആയപ്പോഴേക്കും അവർ പിരിഞ്ഞു. പിതാവ് വിസ്‌കോന്‍സില്‍ സര്‍വകലാശാലയിലേക്ക് നിയമിതനായപ്പോള്‍ ശ്യാമള രണ്ടു മക്കളുമായി നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലേക്ക് പോയി. പിന്നെ വിവാഹമോചനം. കുട്ടികളെ വളര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം ശ്യാമളയേറ്റെടുത്തു.
യു.സി. ബെര്‍ക്ലിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ശേഷം ശ്യാമള സ്തനാര്‍ബുദ ഗവേഷകയായി. വളരെ പ്രധാനപ്പെട്ട ഗവേഷണപ്രബന്ധങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചു. യു.എസിലെയും മറ്റു രാജ്യങ്ങളിലെയും ഗവേഷണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ബെര്‍ക്ലിയിലേക്ക് തന്നെ തിരിച്ചുവന്നു. സ്തനാര്‍ബുദഗവേഷണരംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ശ്യാമള ഗോപാലന്‍. ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചു. ഡൊണാള്‍ഡ് യു.സി. ബെര്‍ക്ലിയിലെ ബിരുദത്തിനുശേഷം സാമ്പത്തികശാസ്ത്രത്തില്‍ പ്രൊഫസറായി. സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയടക്കം ഒട്ടേറെ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിച്ചു. കേംബ്രിജ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി, യേല്‍ സര്‍വകലാശാലയിലെ വിസിറ്റിങ് പ്രൊഫസര്‍, അങ്ങനെ. ജമൈക്കന്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയ ഉപദേഷ്ടാവായും ഒന്നിലധികം ജമൈക്കന്‍ പ്രധാനമന്ത്രിമാരുടെ സാമ്പത്തിക ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ശ്യാമള ഒറ്റയ്ക്കാണ് രണ്ടു പെണ്‍മക്കളെയും വളര്‍ത്തിയത്. ആഴ്ചാവസാനങ്ങളിലും മറ്റും പെണ്‍മക്കള്‍ അച്ഛനെ കണ്ടുമുട്ടി. തനിക്കും അനിയത്തിക്കും ഉച്ചഭക്ഷണം പാകം ചെയ്തുതരാനും ഹോംവര്‍ക്കുകള്‍ ചെയ്യാന്‍ സഹായിക്കാനും ജോലിക്കുപോകാനുമായി അമ്മ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്ന് കമലയോര്‍ക്കുന്നു. ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തിയെന്ന് അമ്മയെപ്പറ്റി പറയുമ്പോള്‍ കമലയുടെ വാക്കുകള്‍ക്ക് ആഴമേറെ. ശ്യാമള ഗോപാലന്‍ ഹാരിസിന്റെ മകളാണ് ഞാനെന്ന് പറയുന്നതിനേക്കാള്‍ വലുതായി ഒന്നുമില്ല. അവരായിരുന്നു എന്റെ പ്രചോദനം- കമല പറഞ്ഞിട്ടുണ്ട്.
What is India for Kamala Harris















