
ജോർജ് നടവയൽ
സെന്റ് ജോർജ് അവന്യൂ (ന്യൂ ജേഴ്സി): അവാർഡ് സമർപ്പണത്തിലൂടെ, പരിഷ്കൃത സമൂഹത്തിൽ, ധാർമ്മികവും മാതൃകാവ്യക്തിത്വങ്ങൾക്കുള്ള സാംസ്കാരികവുമായ അംഗീകാരങ്ങളെ മൂല്യസംവർദ്ധനത്തിലേയ്ക്ക് ശില്പപ്പെടുത്തുകയാണ് ചെയ്യുന്നത്, എന്ന തത്വത്തിലൂന്നി, നാമം (NAMAM) എക്സലൻസ് അവാർഡുകൾ- പ്രഖ്യാപിച്ചു. ഡോ. പത്മജ പ്രേം (ചെയർ), അനിൽ പിള്ള, ഡോ. ലത നായർ എന്നിവരുൾപ്പെടുന്ന അവാർഡ് ജൂറിയാണ്. കലർപ്പില്ലാത്ത മാനദണ്ഡങ്ങൾ പാലിച്ച്, ‘നാമം എക്സലൻസ് അവാർഡ്-ജേതാക്കളാരെന്ന് നിർണ്ണയിച്ചത്.
വികലമായ അനുകരണ ദോഷം ബാധിക്കാതെ, 2010 മുതൽ പ്രവർത്തിയ്ക്കുന്ന സാംസ്കാരിക ക്ഷേമ- സന്നദ്ധ സേവന- സംഘടനയായ, നാമത്തിന്റെയും, എം.ബി.എൻ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ, 2026, ഓഗസ്റ്റ് 2, ഞായറാഴ്ച വൈകുന്നേരം, അഞ്ചു മണിക്ക്, ന്യൂജേഴ്സി റോയൽ ആൽബർട് วย, (Royal Albert’s Palace, 1050 King Georges Post Rd, Fords, NJ 08863) ത്രസിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികളോടെ ആഘോഷപ്പൂരം വിരിച്ച്, “നാമം എക്സലൻസ് അവാർഡുകൾ, ജേതാക്കളെ പൂർണ്ണ സൂര്യ തേജസുമണിയിക്കും. നേതൃത്വം, സംരംഭകത്വം, നവീകരണം, സമൂഹസേവനം, കല, സംസ്കാരം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ബിസിനസ്സ് എന്നി മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിക്കുകയും വൈദഗ്ധ്യം പ്രകടിപ്പിക്കുകയും അതുല്യ സംഭാവനകൾ നൽകുകയും ചെയ്തിട്ടുള്ള എട്ടുപേർക്കാണ് നാമം എക്സലൻസ് അവാർഡ് സമ്മാനിക്കുന്നത്.
പത്മശ്രീ ഹസുഖ് ഷാ (മാധ്യമ പ്രവർത്തനം), കേണൽ വിരേന്ദ്ര തവാതിയ (പൊതു സേവനം, ജീവകാരുണ്യ പ്രവർത്തനം), ഡോ.സജിമോൻ ആന്റണി (സാമൂഹിക നേതൃത്വം), ഡോ.മാത്യു കെ.ഐസക് (സാഹിത്യം). കിഷോർ വാരിയത്ത് (സംരംഭകത്വം), രഘു ശങ്കരമാഞ്ചി (സാമൂഹിക സേവനം), ഡോ. നന്ദിനി മേനോൻ (വിദ്യാഭ്യാസം), സുർശ് ഷാ (അതുല്യ പ്രതിഭ) എന്നിവരാണ് നാമം എക്സലൻസ് അവാർഡ് 2026 ജേതാക്കൾ.
ആഗോള ദക്ഷിണേഷ്യൻ പ്രവാസി സമൂഹത്തിന്റെ മാധ്യമ ശീലങ്ങളെ (1993-മുതൽ) ആഴത്തിൽ സ്വാധീച്ച, ടിവി ഏഷ്യയുടെ ഉപജ്ഞാതാവും, മാധ്യമ രംഗത്തെ അതികായനുമാണ് പത്മശ്രീ ഹസുഖ് ഷാ. അദ്ദേഹം നേതൃത്വം നൽകി സ്ഥാപിച്ച 28 വാർത്താ ബ്യൂറോകൾ, ഉത്തര അമേരിക്കയിലാകെ, 1,200-ലധികം ദക്ഷിണേഷ്യൻ അസോസിയേഷനുകൾക്ക്, സേവനം നൽകുന്ന വിധം, വിപുലമായ നെറ്റ്‌വർക്കാണ് പ്രദാനം ചെയ്യുന്നത്. സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും പത്രപ്രവർത്തനത്തിനും ഹസുഖ് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച്, 2017-ൽ പത്മശ്രീയും, 2005-ൽ എല്ലിസ് ഐലൻഡ് മെഡലും ലഭിച്ചു. ഏഷ്യൻ അമേരിക്കൻ റീട്ടെയിലേഴ്സ് അസോസിയേഷന്റെ സ്ഥാപക ചെയർമാനായും ഭാരതീയ വിദ്യാ ഭവൻ യൂ എസ്റ്റ് ഏ യുടെ ചെയർമാൻ എമറിറ്റസായും സേവനമനുഷ്ഠിക്കുന്ന പത്മശ്രീ ഹസുഖ് ഷ, മാധ്യമ-സാംസ്കാരിക രംഗത്തെ മികച്ച വ്യക്തിത്വമാണ്.
കേണൽ വിരേന്ദ്ര തവാതിയ 50 വർഷങ്ങളിലായി, കറപുരളാത്ത സേവന നിരകൾ കൊണ്ട്, സമൂഹത്തിൽ അസാധാരണമായ സ്വാധീനം ചെലുത്തി, ഒട്ടേറെ ബഹുമതികൾ നേടിയ ദേശസ്നേഹിയും മാനവതാവാദിയുമാണ്. ഇന്ത്യയുടെ അതിർത്തി സംരക്ഷണ വ്യൂഹത്തിൽ, ഇരുപത്തിരണ്ടാണ്ടുകൾ കർമനിരതനായിരുന്ന ശേഷം, കേണൽ വിരേന്ദ്ര, അമേരിക്കയിൽ 28 വർഷമായി സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്നു. ഇന്ത്യൻ പ്രവാസി സമൂഹ നേതൃനിരയിലാണ് കേണൽ വിരേന്ദ്രയുടെ സ്ഥാനം. സൈനികരുടെയും വെറ്ററൻമാരുടെയും കുടുംബങ്ങൾക്ക്, സമഗ്രമായ സാമ്പത്തിക, സാമൂഹിക, പ്രൊഫഷണൽ പിന്തുണ നൽകുന്ന സംരംഭമായ, ശ്രദ്ധാ ഫൗണ്ടേഷനാണ് അദ്ദേഹത്തിന്റെ സാമൂഹിക സംഭാവനകളിലൊന്ന്. രാഷ്ട്രത്തിനും സമൂഹത്തിനും നൽകിയ താരതമ്യമില്ലാത്ത സേവനങ്ങളെ ആദരിച്ച്, അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ, -ജയ് ജവാൻ ജയ് കിസാൻ അവാർഡ്, ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കേണൽ വിരേന്ദ്ര തവാതിയ.
പ്രശസ്തനായ ഡോ. സജിമോൻ ആന്റണി കാലഹരണപ്പെട്ട തനിയാവർത്തനങ്ങളോട് സന്ധിയില്ലാത്ത യുദ്ധം ചെയ്ത്, പാത തെളിയ്ക്കുന്ന യുവ നേതാവും, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (FOKANA) ദേശീയ പ്രസിഡന്റുമാണ്; പത്ത് ലക്ഷത്തിലധികം അംഗങ്ങളുള്ള അമേരിക്കൻ മലയാളി സമൂഹത്തെ സംഘടനാ തലത്തിൽ ഡോ. സജിമോൻ ആന്റണി ഏകോപിപ്പിക്കുന്നു. കേരളത്തിലെ പ്രളയബാധിതർക്കായി വീടുകൾ പുനർനിർമ്മിക്കൽ, FOKANA മെഡിക്കൽ കാർഡ് മോഹിനിയാട്ടം ഗിന്നസ് നേട്ട പദ്ധതി എന്നിങ്ങനെയുള്ള നൂതനാശയങ്ങളിലൂടെ അദ്ദേഹം സമൂഹത്തോടുള്ള പുതുമയാർന്ന പ്രതിബദ്ധത നിറവേറ്റുന്നു. പ്രശസ്തമായ പ്രവാസി ഭാരതീയ ദിവസ് ഗ്ലോബൽ എക്സലൻസ് അവാർഡ് (2026) ജേതാവായ ഡോ. ആന്റണി, സാമൂഹിക ശാക്തീകരണത്തി ന്റെ മുന്നണിയിൽ അഗ്രസ്ഥാനത്താണ്.
സാഹിത്യ രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായ ഡോ. മാത്യു കെ. ഐസക് ഗൗരവമായ വായനാശീലമുള്ള അനുവാചകർക്ക് സുപരിചതനാണ്. 2026ൽ പുലിറ്റ്സർ പ്രൈസിനായി സമർപ്പിക്കപ്പെട്ട ബ്രോക്കൺ ചെയിൻസ് (2025) എന്ന നോവ ലിന്റെ രചയിതാവായ ഡോ. മാത്യു കെ. ഐസക്, സാഹിത്യ രംഗത്തെ വേറിട്ട ശബ്ദമായി നിലകൊള്ളുന്നു. മുൻ അസോസിയേറ്റ് വൈസ് ചാൻസലറായ ഡോ. ഐസക്, ടച്ച്‌ഡ് ബൈ റിഡീമിംഗ് ലവ് (2018) ഉൾപ്പെടെ കാലാതിവർത്തികളായ കൃതികളുടെ രചയിതാവെന്ന നിലയിൽ സാഹിത്യ ലോകത്ത് സ്ഥാനം ഉറപ്പിച്ചിട്ടുള്ള എഴുത്തുകാരനാണ്.
കിഷോർ വാരിയത്ത് രാജ്യാന്തര തലത്തിൽ സാന്നിദ്ധ്യമറിയിച്ച മികച്ച വ്യാവസായിക സംരംഭകനാണ്. മിഡിൽ ഈസ്റ്റിലുടനീളം ഫാഷൻ കരിയർ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത കിഷോർ, 2015 ൽ തുടക്കം കുറിച്ച പുതുസംരംഭങ്ങളിലൂടെ ലോകമെമ്പാടുമുള്ള പ്രതിഭാശാലികളായ 130 പ്രൊഫഷണലുകൾക്ക് തൊഴിൽ നൽകുകയും സംരംഭങ്ങളെ $60 മില്യൺ ആസ്മിയുള്ള സ്ഥാപനമായി വളർത്തുകയും ചെയ്തു. 120-ലധികം കുട്ടികൾക്ക് ഭക്ഷണം, പരിചരണം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നിവ നൽകുന്ന ബംഗ്ലാദേശിലെ ഒരു വിദ്യാഭ്യാസ സംരംഭത്തിന് ധനസഹായം നൽകുന്ന കിഷോർ വാരിയത്ത്, ജീവകാരുണ്യ പ്രവർത്തനങ്ങളിലും, UFI SPORTS, ബോളിവുഡ് നിർമാണങ്ങൾ എന്നിവയിലും, സജീവ പങ്കാളിത്തം വഹിക്കുന്നു.
വേദ പണ്ഡിതനും ആത്മീയാചാര്യനുമായ രഘു ശങ്കരമാഞ്ചി. രണ്ടു പതിറ്റാണ്ടുകളിലേറെയായി ക്ഷേത്രോപാസനയും ആത്മീയചര്യകളും ജീവിത വ്യതമാക്കിയ സാമൂഹിക മാർഗ്ഗദർശിയാണ്. ന്യൂ ജേഴ്സിയിലെ എഡിസണിലുള്ള ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിന്റെ സ്ഥാപകനായ രഘു ശങ്കരമാഞ്ചി, ക്ഷേത്രത്തോടനുബന്ധിച്ച് വിദ്യാഭ്യാസം, ധർമ്മപ്രവർത്തനം, സത്സംഗം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിനായി, ആത്മീയകേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ -ഗുരുകുലം യുവജന വിദ്യാഭ്യാസ പരിപാടിയും’, വിപുലമായരീതിയിൽ ‘ഷിർഡി ഇൻ അമേരിക്ക- ക്യാമ്പെയ്നും സംഘടിപ്പിച്ചു വരുന്നു. മാനവികതയുടെയും കാരുണ്യത്തിന്റെയും നവീന ആശയങ്ങളുടെയും ഉദ്ഘോഷകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന രഘു ശങ്കരമാഞ്ചിയെ വിശ്വാസികൾ ആത്മീയ പാതയിലെ ഗുരുവും വഴി കാട്ടിയുമായാണ് കാണുന്നത്.
ഡോ. നന്ദിനി മേനോൻ, അക്കാദമിക് മികവ്, സുസ്ഥിര വികസനം, സംരംഭക ചിന്ത എന്നീ രംഗങ്ങളിൽ മികവാര്‍ന്ന കരിയർ കെട്ടിപ്പടുത്തിട്ടുണ്ട്. സീഡാർ ഹിൽ പ്രെപ്പ് സ്കൂളിന്റെ സ്ഥാപക, ചീഫ് എഡ്യൂക്കേഷൻ ഓഫീസർ എന്നീ നിലകളിൽ, ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. റോസാന ബൊട്ടാണിക്കൽസ് ബയോ ആക്റ്റീവ് വെൽനസ് ഉൽപ്പന്നങ്ങൾ സൃഷ്ടി യ്ക്കുവാൻ, ഫൈറ്റോകെമിസ്ട്രി രീതികൾ ഉപയുക്തമാക്കാമെന്ന് തെളിയിച്ചു. ശാസ്ത്രം, സംരംഭകത്വം, പരിസ്ഥിതി മാനേജ്‌മെന്റ് എന്നിവയെ, യഥാർത്ഥ ലോകത്തിലെ വെല്ലുവിളികളുമായി ബന്ധിപ്പിക്കുന്ന, ഗവേഷണം നടത്താൻ ന്യൂജേഴ്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേച്ചറിലെ (NJIN) വിദ്യാർത്ഥികൾക്ക്, പ്രോത്സാഹനം നൽകി. സേവന മേഖലയിലെ മികച്ച നേട്ടത്തിനുള്ള കേരള സെന്റർ അവാർഡ്, 2025 ലെ ഇന്നൊവേറ്റ് 100 ഓണറി (INNOVATE100) പുരസ്കാരം, ഏഷ്യൻ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്റ്റിൻ്റെ (AICC) 2023 ലെ വനിതാ സംരംഭക അവാർഡ്, ന്യൂജേഴ്‌സി ചെറുകിട ബിസിനസ് വികസന കോർപ്പറേഷന്റെ (NISBDC) 2021 ലെ ബിസിനസ് ഗ്രോത്ത് സക്‌സസ് അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളുടെ തിളക്കം, ഡോ. നന്ദിനി മേനോനെ അലങ്കരിക്കുന്നു.
ജീവിത പ്രതിസന്ധികളെ അതിജീവിച്ച്, ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയും അന്താരാഷ്ട്ര പ്രശസ്തനുമായി മാറിയ, സ്പർശ് ഷാ, അസാധാരണ കലാകാരനും, ആഗോള യുവ ജനതക്ക് പ്രചോദനവുമാണ്. ‘ഓസ്റ്റിയോജെനസിസ് ഇംപെർഫെക്ട്’ എന്ന ശാരീരിക അവസ്ഥയിൽ ജീവിക്കുന്ന സ്പർശ് ഷാ, ഇതുവരെ 150 അസ്ഥിഭംഗങ്ങളെയാണ് അതിജീവിച്ചത്. 10-ലധികം രാജ്യങ്ങളിലായി 400-ലധികം ആവേശകരമായ സ്റ്റേജ് പ്രോഗ്രാമുകളും മുഖ്യപ്രഭാഷണങ്ങളും അവതരിപ്പിച്ച സ്പർശ് ഷാ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കാണികളുടെ പ്രശംസ അനായാസ്സം നേടിയ കലാകാരനാണ്. സോഷ്യൽ മീഡിയയിൽ 400 മില്യണിലധികം അനുവാചകരാണ് അദ്ദേഹത്തിന്റെ പ്രോഗ്രാമുകൾ കണ്ടത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 6 മില്യൺ ഡോളറാണ് സ്പർശ് ഷാ സമാഹരിച്ചത്. യുവശാക്തീകരണത്തിന്റെയും സാധ്യതകളുടെയും ശക്തമായ ലോകശബ്ദമായി സ്പർശ് ഷാ മാറിയിരിക്കുന്നു.
നാമത്തിന്റെ പ്രഥമ -സമഗ്ര സംഭാവനാ പുരസ്‌കാരം” ഡോ.എം.വി. പിള്ളയ്ക്ക് സമ്മാനിക്കും. പ്രഥമ നാമം സമഗ്ര സംഭാവനാ പുരസ്ക്കാരജേതാവായ ഡോ. എം. വി. പിള്ള വൈദ്യശാസ്ത്ര മികവിന്റെയും ഓങ്കോളജി ഗവേഷണത്തിന്റെയും പ്രകാശഗോപുരമാണ്. ട്രിപ്പിൾ ബോർഡ്-സർട്ടിഫൈഡ് ഫിസിഷ്യനും തോമസ് ജെഫേഴ്സൺ സർവകലാശാലയിലെ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിലെ പ്രൊഫസറുമായ ഡോ. പിള്ള, ഇന്റേണൽ മെഡിസിൻ, ഹെമറ്റോളജി, കാൻസർ ചികിത്സ എന്നീ മേഖലകളിൽ സമാനതകളില്ലാത്ത വൈദഗ്‌ധ്യം കൈവരിച്ചിട്ടുള്ള ഭിഷഗ്വരനാണ്. ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഓങ്കോളജി സെന്ററിന്റെ അഡ്വൈസറി ബോർഡ് ചെയർമാനായും ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോർ കാൻസർ ട്രീറ്റ്‌മെന്റ് ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റും സി.ഇ.ഒ ആയും പ്രവർത്തിക്കുന്ന അദ്ദേഹം ആഗോള കാൻസർ പരിചരണത്തിന്റെ അതിരുകൾ വിപുലമാക്കിയ ഗവേഷകനാണ്. വാഗ്മിയും എഴുത്തുകാരനുമായ ഡോ.എം.വി. പിള്ള അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്സിന്റെ 2024 ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്).
കൂടുതൽ വിവരങ്ങൾക്ക്: നാമം ഫൗണ്ടറും ചീഫ് പ്രേട്രണുമായ മാധവൻ ബി നായർ, പ്രസിഡൻ്റ് പ്രദീപ് മേനോൻ (516)450-8155, കോർഡിനേറ്റർ സത്യ വൈ (732)213-5613, സെക്രട്ടറി ബിന്ദു സത്യ (732)213-5346, ട്രഷറാർ സിറിയക് എബ്രഹാം (732)259-1037.
https://www.namam.org.www.mbnfoundation.org, (732)333-3952,
ഇമെയിൽ: namamawards@gmail.com
NAMAM Excellence Awards announced; Presentation on August 2















