
ബുഡാപെസ്റ്റ്: ലോകത്തെ നടുക്കിയ ലെബനനിലെ പേജർ സ്ഫോടനങ്ങൾക്കു പിന്നാലെ ബുദ്ധികേന്ദ്രം ആരാണ് എന്നതിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. പല പേരുകളും അന്വേഷണത്തിന്‍റെ ഇതുവരെയുള്ള ഘട്ടങ്ങളിൽ ഉയർന്നെങ്കിലും ഇപ്പോൾ പ്രധാനമായും സംശയമുന നീളുന്നത് ഹംഗറി ആസ്ഥാനമായുള്ള കൺസൾട്ടിംഗ് കമ്പനിയായ ബി ആർ സിക്കും കമ്പനിയുടെ സി ഇ ഒയായ ക്രിസ്റ്റ്യാന ബർസോണിക്കും നേരെയാണ്. ലെബനൻ നടത്തിയ അന്വേഷണത്തിൽ ക്രിസ്റ്റ്യാന ബർസോണിയിലേക്കാണ് തെളിവുകൾ വിരൽ ചൂണ്ടുന്നത്. ഏഴ് ഭാഷകൾ വഴങ്ങുന്ന, ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഉള്ള ബർസോണിയെന്ന നാൽപത്തിയൊമ്പതുകാരി ഐ ടി മേഖലയിലടക്കം വലിയ വൈദഗ്ധ്യമുള്ളയാളാണ്. തയ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പേരിൽ ബി ആർ സി കൺസൽട്ടിംഗ് കെ എഫ് ടി എന്ന പേരിൽ കമ്പനി രൂപീകരിച്ചാണ് പേജറുകൾ നിർമിച്ചതെന്നാണ് അന്വേഷണത്തിലെ ഇതുവരെയുള്ള കണ്ടെത്തൽ.
എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇറ്റാലിയൻ-ഹംഗേറിയൻ വേരുകളുള്ള ബർസോണി പറയുന്നത്. പേജറുകൾ നിർമിച്ചത് ബി ആർ സി കൺസൽട്ടിംഗ് അല്ലെന്നും തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നുമാണ് ബർസോണി പറഞ്ഞത്. എന്നാൽ പിന്നീട് ബർസോണിയെ പൊതുഇടത്തിൽ കണ്ടിട്ടില്ല. ബുഡാപെസ്റ്റിന്റെ പ്രാന്തപ്രദേശത്തുള്ള വസതിയിൽ ക്രിസ്റ്റ്യാന ഇല്ലെന്നാണ് വിവരം. ഇവരെ അവിടെ കാണാനില്ലെന്ന് അയൽക്കാർ പറഞ്ഞതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരെ കാണാതായതോടെ ദുരൂഹതയും വർധിച്ചിട്ടുണ്ട്.
2022 ലാണ് ബിആർസി കൺസൽറ്റിങ് പേജർ ബിസിനസ് തുടങ്ങിയത്. മൊബൈൽ ഫോണിലൂടെ മൊസാദ് വിവരങ്ങൾ ചോർത്തുന്നുവെന്ന ഹിസ്ബുല്ല നേതാവ് ഹസൻ നസ്‍റല്ലയുടെ മുന്നറിയിപ്പിനെത്തുടർന്ന് ലബനനിലെ ഹിസ്ബുല്ല പ്രവർത്തകർ മൊബൈൽ ഫോൺ ഉപേക്ഷിക്കുകയും ആശയവിനിമയത്തിനായി പേജറുകളും വോക്കി ടോക്കികളും ഉപയോഗിച്ചുതുടങ്ങുകയും ചെയ്തിരുന്നു. വൻതോതിൽ ഇവ ആവശ്യം വന്നതോടെ പല പേജർ നിർമാതാക്കളും ഹിസ്ബുല്ലയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് സൂചന. അങ്ങനെയാകാം ക്രിസ്റ്റ്യാന ഈ ഇടപാടിലുൾപ്പെട്ടതെന്നു കരുതപ്പെടുന്നു.














