
വാഷിംഗ്ടൺ: ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ കടുത്ത പരിഹാസവുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സംസ്കാര ചടങ്ങുകൾ സുഗമമായി നടത്തുന്നതിനായി യുഎസ് ഇറാന് ഒരു ആഴ്ചത്തെ ഇടവേള നൽകിയിട്ടുണ്ടെന്നും, ഞങ്ങൾ നല്ലവരായതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ട്രംപ് പ്രസ്താവിച്ചത്.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സൗത്ത് ഡക്കോട്ടയിലെ മൗണ്ട് റഷ്‌മോറിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങൾ ഇറാനെ അടിമുടി തകർത്തു കളഞ്ഞു. അവർ ഇപ്പോൾ ഒരു സമാധാന കരാറിനായി അത്രമേൽ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങൾ നല്ലവരായതുകൊണ്ട് മാത്രമാണ് അവരുടെ മുൻ നേതാവിൻ്റെ സംസ്കാര ചടങ്ങുകൾക്കായി ഇപ്പോൾ ഒരു ആഴ്ചത്തെ ഇടവേള നൽകിയിരിക്കുന്നത്,” ട്രംപ് പറഞ്ഞു.
യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടത്. മാസങ്ങൾക്ക് ശേഷം ഇറാൻ്റെ തലസ്ഥാനമായ ടെഹ്റാനിൽ ഔദ്യോഗിക സംസ്കാര ചടങ്ങുകൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് ട്രംപിൻ്റെ ഈ വിവാദ പരാമർശം.
അതേസമയം, സംസ്കാര ചടങ്ങിനിടെ ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽ തടിച്ചുകൂടിയ പതിനായിരക്കണക്കിന് ജനങ്ങൾ അമേരിക്കയ്‌ക്കെതിരെയും ട്രംപിനെതിരെയും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്ന മുദ്രാവാക്യങ്ങളുമായാണ് ഇറാൻ ജനത ഈ പരിഹാസത്തോട് പ്രതികരിച്ചത്. ട്രംപിൻ്റെ പുതിയ പ്രസ്താവന പശ്ചിമേഷ്യയിൽ വീണ്ടും കടുത്ത നയതന്ത്ര-സൈനിക യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
“We gave the funeral a week off because we were good people”; Trump mocks Iran















