മുംബൈ: അനിശ്ചിതത്വം തുടര്‍ന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാകുമെന്ന സസ്പെന്‍സിന് വൈകാതെ അറുതിയായേക്കുമെന്ന് സൂചന. ഭരണമുന്നണിയിലെ മൂന്ന് പ്രധാന നേതാക്കളായ ദേവേന്ദ്ര ഫഡ്നാവിസ്, ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയുടെ മുഖ്യ തന്ത്രജ്ഞനുമായ അമിത് ഷായുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. അര്‍ധരാത്രിയില്‍ അവസാനിച്ച യോഗം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള അന്തിമയോഗമാകുമെന്നാണ് കരുതുന്നത്. ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പച്ചക്കൊടി കൂടി കിട്ടിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും.
താനൊരു ‘തടസ്സം’ ആകില്ലെന്നും ഉന്നത പദവി സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് അനുസൃതമായി പോകുമെന്നും ഏകനാഥ് ഷിന്‍ഡെ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഡല്‍ഹിയില്‍ സുപ്രധാന യോഗം നടന്നത്.
താന്‍ ഒരു സ്ഥാനത്തിനും അത്യാഗ്രഹിയല്ലെന്നും, ഒന്നിനും തടസ്സമാകില്ലെന്നും മോദി എന്ത് തീരുമാനിച്ചാലും അനുസരിക്കുമെന്നും ആരും അസ്വസ്ഥനല്ലെന്നും ഷിന്‍ഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, രണ്ട് ജനപ്രതിനിധികളുള്ള ബി.ജെ.പിയില്‍ നിന്നായിരിക്കും മുഖ്യമന്ത്രിയെന്ന് ഇന്നലെ സൂചനകള്‍ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്കുതന്നെ ആയിരിക്കുമെന്നതില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയും ഏക്നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയുമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.