ചെന്നൈ വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ; വിമാനത്തിൻ്റെ എമർജൻസി എക്സിറ്റ് വഴി യാത്രക്കാരൻ റൺവേയിലേക്ക് ചാടി; വിമാന സർവീസുകൾ തടസ്സപ്പെട്ടു

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനത്തിൽ നിന്ന് യാത്രക്കാരൻ റൺവേയിലേക്ക് ചാടി. ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായ തമിഴ്‌നാട് പുതുക്കോട്ട സ്വദേശി മുഹമ്മദ് ഷെരീഫ് മുഹമ്മദ് നജ്മുദ്ദീൻ (29) ആണ് എമർജൻസി എക്സിറ്റ് തുറന്ന് പുറത്തേക്ക് ചാടിയത്. ഞായറാഴ്ച പുലർച്ചെ 3:23-ന് വിമാനം ലാൻഡ് ചെയ്ത് മിനിറ്റുകൾക്കുള്ളിലായിരുന്നു സംഭവം.

സംഭവത്തെത്തുടർന്ന് പുലർച്ചെ 3:25-ഓടെ വിമാനത്താവളത്തിലെ പ്രധാന റൺവേ സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി അടച്ചു. ഇതോടെ വിമാന സർവീസുകൾ തടസ്സപ്പെടുകയും ലണ്ടനിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിടുകയും ചെയ്തു. അഹമ്മദാബാദ്, ദോഹ, ദുബായ് എന്നിവിടങ്ങളിലേക്കുള്ള അഞ്ചോളം വിമാനങ്ങൾ 40 മിനിറ്റോളം വൈകി.

വിമാന ജീവനക്കാർ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും യാത്രക്കാരനെ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തു. താൻ മാനസികമായി അസ്വസ്ഥനാണെന്നും അതുകൊണ്ടാണ് പുറത്തേക്ക് ചാടിയതെന്നുമാണ് ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്. സംഭവത്തിൽ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനം റൺവേയിൽ നിന്ന് പാർക്കിംഗ് ബേയിലേക്ക് മാറ്റിയ ശേഷം പുലർച്ചെ 4:35-ഓടെയാണ് റൺവേയിലെ ഗതാഗതം സാധാരണ നിലയിലായത്. മടക്കയാത്രയ്ക്കുള്ള വിമാനം മൂന്ന് മണിക്കൂറിലധികം വൈകി രാവിലെ 7:41-നാണ് ഷാർജയിലേക്ക് പുറപ്പെട്ടത്.

Passenger jumps onto runway through plane’s emergency exit; flight services disrupted at Chennai airport

More Stories from this section

family-dental
witywide