”മുന്നണി സമവാക്യത്തില്‍ വരാതെ സമരം ചെയ്തു നടന്നാല്‍ ആയുസുതീരും, ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ല”, രാഷ്ട്രീയ നീക്കവുമായി സി.കെ ജാനു

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഏതെങ്കിലും മുന്നണിയുമായി സഹകരിക്കാനൊരുങ്ങി സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി. ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ സംഘടനകളെ യോജിപ്പിച്ച് പരമാവധി വാര്‍ഡുകളില്‍ മല്‍സരിക്കാനും നീക്കമുണ്ട്. സി.കെ ജാനു യു ഡി എഫിലേക്ക് എന്ന തരത്തിലുള്ള പ്രചാരണങ്ങളും വരുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമീപനത്തിലും അതൃപ്തിയുള്ളതിനാല്‍ യു ഡി എഫുമായി സഹകരിക്കാനുള്ള സാധ്യതകളാണ് പാര്‍ട്ടി പരിശോധിക്കുന്നതെന്നാണ് സൂചന.

എന്നാല്‍, ഏതു മുന്നണിയെന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് ജാനു വ്യക്തമാക്കുന്നത്. ” മുന്നണി സമവാക്യത്തില്‍ വരാതെ സമരം ചെയ്തു നടന്നാല്‍ ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ല. എന്തെങ്കിലും ഒരു രാഷ്ട്രീയ ഇടപെടലാണ് ആളുകളുടെ പ്രശ്‌നത്തില്‍ ഉണ്ടാകേണ്ടത്. അതിന് നിലവിലുള്ള സംവിധാനവുമായി യോജിച്ചുപോകേണ്ടതുണ്ട്. അല്ലെങ്കില്‍ സമരം ചെയ്ത് ആയുസ് തീരുമെന്ന അവസ്ഥയാണുള്ളത്”. – ജാനു പറയുന്നു.

എന്‍ ഡി എ വിട്ടപ്പോള്‍ തന്നെ ഒരുപാട് പാര്‍ട്ടികള്‍ സംസാരിച്ചിരുന്നുവെന്നും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് ഏതെങ്കിലും മുന്നണിയുമായി യോജിച്ച് പോകണമെന്ന തീരുമാനം എടുത്തിട്ടുണ്ടെന്നും സി കെ ജാനു പറഞ്ഞു. നിയമസഭയിലടക്കം ആദിവാസികളുടെ വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശക്തരായവര്‍ ഉണ്ടാകണമെന്നും ജാനു വ്യക്തമാക്കി.