ഇലോൺ മസ്കിന്റെ കമ്പനി വിട്ടു, ഇപ്പോൾ ഓപ്പൺഎഐയുടെ കമ്പ്യൂട്ട് സിടിഒ; വാർത്തകളിൽ നിറഞ്ഞ് ഇന്ത്യൻ വംശജൻ ഉദയ് രുദ്ദരാജു

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ സ്ഥാപനമായ ഓപ്പൺഎഐയുടെ പുതിയ സിടിഒ ഓഫ് കമ്പ്യൂട്ട് പദവിയിലേക്ക് ഇന്ത്യൻ വംശജനായ സാങ്കേതിക വിദഗ്ദ്ധൻ ഉദയ് രുദ്ദരാജു എക്‌സ് എഐ നിയമിതനായി. ഇലോൺ മസ്കിന്റെ എഐ സ്റ്റാർട്ടപ്പായ എക്‌സ് എഐ-ലെ ‘ഹെഡ് ഓഫ് ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ്’ സ്ഥാനം രാജിവെച്ച് ഓപ്പൺഎഐ-ൽ ചേർന്ന് ഒരു വർഷം തികയുമ്പോഴാണ് ഈ വൻ പ്രൊമോഷൻ. എക്‌സ് എഐ-ൽ നിന്ന് ഓപ്പൺഎഐ ഏറ്റവുമധികം പ്രാധാന്യത്തോടെ സ്വന്തമാക്കിയ 5 പ്രമുഖരിൽ ഒരാളായിരുന്നു ഉദയ്.

പുതിയ പദവിയെക്കുറിച്ച് ഉദയ് രുദ്ദരാജു സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ:

“ഓപ്പൺഎഐ-ലെ എന്റെ ആദ്യത്തെ 12 മാസങ്ങൾ ഏറെ പ്രതിഫലം നൽകുന്നതായിരുന്നു. ജിപിടി‑5.6 പോലുള്ള മുൻനിര മോഡലുകളെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ട്, നെറ്റ്‌വർക്ക്, സ്റ്റോറേജ്, എം.എല്‍ വർക്കുകൾ എന്നിവയിലുടനീളം ആഴത്തിലുള്ള സിസ്റ്റംസ് ഒരുക്കുമ്പോൾ തന്നെ, കപ്പാസിറ്റി വേഗത്തിലും വിശ്വസനീയമായും ലഭ്യമാക്കാൻ ഞങ്ങളുടെ കമ്പ്യൂട്ട് ടീം വിശ്രമമില്ലാതെ പ്രവർത്തിച്ചു. ഞങ്ങൾ വളരുന്തോറും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു, ഇത് സ്റ്റാക്കിന്റെ ഓരോ ലെയറിലും നവീകരണങ്ങൾ നടത്താൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു.”

മുൻനിര എഐ സാങ്കേതികവിദ്യ ലോകത്തിലെ എല്ലാ തൊഴിൽമേഖലകളിലും എത്തിക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ട് ഫൂട്ട്പ്രിന്റ് നിർമ്മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ലാർജ് സ്കെയിൽ ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ്, ഹാർഡ്‌വെയർ, സിവിൽ-മെക്കാനിക്കൽ-ഇലക്ട്രിക്കൽ എൻജിനീയറിങ് ഉൾപ്പെടുന്ന വലിയ ഡാറ്റാ സെന്റർ നിർമ്മാണങ്ങൾ എന്നിവയിലുടനീളം വലിയ പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

ഐഐടി പാരമ്പര്യമില്ലാതെ ആഗോള വിജയത്തിലേക്ക്

പ്രമുഖ ഐഐടി അല്ലെങ്കിൽ എൻഐടി പോലുള്ള പ്രശസ്തമായ ദേശീയ സ്ഥാപനങ്ങളിൽ നിന്നല്ലാതെ, ഇന്ത്യയിലെ ഒരു സാധാരണ കോളേജിൽ നിന്ന് ബാച്ചിലേഴ്സ് ബിരുദം നേടി കരിയറിൽ ഈ നേട്ടം കൈവരിച്ചു എന്നതാണ് ഉദയ് രുദ്ദരാജുവിന്റെ വിജയത്തെ ശ്രദ്ധേയമാക്കുന്നത്.

ഹൈദരാബാദിലെ ചൈതന്യ ഭാരതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് അദ്ദേഹം കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയത്. കോളേജിൽ പഠിക്കുമ്പോൾ തന്നെ ആമസോൺ വെബ് സർവീസസിൽ ഇന്റേൺഷിപ്പ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട ട്വിൻ സിറ്റീസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദം സ്വന്തമാക്കി.

2013 മുതൽ 2018 വരെ ഈബേയിലും പിന്നീട് പ്രമുഖ ഫിൻടെക് കമ്പനിയായ റോബിൻഹുഡിലും പ്രധാന പദവികൾ വഹിച്ച ശേഷമാണ് അദ്ദേഹം xAI-യുടെ ഭാഗമാകുന്നത്.

ഇലോൺ മസ്കിനോട് നന്ദി പറഞ്ഞ് വിടവാങ്ങൽ

എക്‌സ് എഐയിൽ നിന്ന് പടിയിറങ്ങുമ്പോൾ ഇലോൺ മസ്കിന് നന്ദി പറഞ്ഞുകൊണ്ട് ഉദയ് പങ്കുവെച്ച വാക്കുകളും ശ്രദ്ധേയമായിരുന്നു:

“കൊളോസസ് സൂപ്പർകമ്പ്യൂട്ടർ വഴി തികച്ചും അടിസ്ഥാനപരമായ ഒന്നിന്റെ നിർമ്മാണത്തിൽ പങ്കാളിയാകാൻ അപൂർവ്വമായ അവസരം നൽകിയതിന് ഇലോൺ മസ്കിനും എക്‌സ് എഐയിലെ എല്ലാവർക്കും നന്ദി. ഇത്രയും വലിയൊരു ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതും, കഠിനമായ ശ്രദ്ധയും പ്രവർത്തനവും എന്താണെന്ന് ഉള്ളിൽ നിന്ന് കാണാൻ കഴിഞ്ഞതും ഒരു ബഹുമതിയായി കരുതുന്നു. ഇലോണിന്റെ കീഴിൽ നേരിട്ട് ജോലി ചെയ്യാനും പഠിക്കാനും സാധിച്ചതുമാണ് എക്‌സ് എഐയിലെ അനുഭവങ്ങളിൽ ഏറ്റവും മികച്ചത്. എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് പറഞ്ഞത് ശരിയായിരുന്നു, ഇലോണിനും അദ്ദേഹത്തിന്റെ ടീമുകൾക്കും കൈവരിക്കാൻ കഴിയുന്ന നേട്ടങ്ങൾ അതുല്യമാണ്.”

Indian-origin Uday Ruddaraju leaves Elon Musk’s company, now OpenAI’s Compute CTO

More Stories from this section

family-dental
witywide