‘എനിമി നമ്പര്‍ വണ്‍, ആണവ പദ്ധതിക്ക് ഭീഷണി’ ; ഇറാന്‍ ട്രംപിനെ വധിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നെതന്യാഹു

വാഷിംഗ്ടണ്‍ : ഇറാന്റെ ഒന്നാം നമ്പര്‍ ശത്രു യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാണെന്നും, ട്രംപിനെ കൊല്ലാന്‍ ഇറാന്‍ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഇറാന്റെ ഇസ്ലാമിക ഭരണകൂടം ട്രംപിനെ തങ്ങളുടെ ആണവ പദ്ധതിക്ക് ഭീഷണിയായി ചൂണ്ടിക്കാണിക്കുകയും അദ്ദേഹത്തെ വധിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നാണ് നെതന്യാഹു ഞായറാഴ്ച അവകാശപ്പെട്ടത്.

”ട്രംപ് ഒരു നിര്‍ണായക നേതാവാണ്. മറ്റുള്ളവര്‍ അവരുമായി വിലപേശാന്‍ ശ്രമിച്ച പാത അദ്ദേഹം ഒരിക്കലും സ്വീകരിച്ചില്ല, അവര്‍ക്ക് യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഒരു വഴി നല്‍കി, അതായത് ബോംബിലേക്കുള്ള ഒരു വഴി” നെതന്യാഹു പറഞ്ഞു. നിങ്ങള്‍ക്ക് ഒരു ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ലെന്നും യുറേനിയം സമ്പുഷ്ടമാക്കാന്‍ കഴിയില്ല എന്നതുമുള്‍പ്പെടെ ട്രംപ് ഇറാനോട് വളരെ വ്യക്തമായി പറഞ്ഞുവെന്നും നെതന്യാഹു പറയുന്നു. മാത്രമല്ല, ‘ട്രംപ് വളരെ ശക്തനാണ്, അതിനാല്‍ അവര്‍ക്ക് അദ്ദേഹം ഒന്നാം നമ്പര്‍ ശത്രുവാണ്,’ എന്നും നെതന്യാഹു പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ ഭരണകൂടം തന്നെയും ലക്ഷ്യം വെച്ചെന്നും തന്റെ വീടിന്റെ കിടപ്പുമുറിയിലെ ജനാലയ്ക്കരുകിലേക്ക് ഒരു മിസൈല്‍ തൊടുത്തുവിട്ടതിനെത്തുടര്‍ന്ന് ഭരണകൂടത്തിന്റെ ലക്ഷ്യവും താനാണ് വ്യക്തമായതായും നെതന്യാഹു ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

ഇസ്രയേല്‍ ഇറാന്‍ യുദ്ധം വലിയ ആശങ്ക സൃഷ്ടിക്കുന്നതിനിടെ ഇറാന്റെ പരമോന്നത് നേതാവ് ആയത്തുള്ള അലി ഖമനയിയെ വധിക്കാന്‍ ഇസ്രയേല്‍ അമേരിക്കയുടെ സമ്മതം തേടിയിരുന്നു. എന്നാല്‍ ട്രംപ് ഈ നീക്കം തടയുകയും ചെയ്തിരുന്നു. അതിനിടെയാണ് ട്രംപിനെ ഇറാന്‍ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം നെതന്യാഹു ഉന്നയിച്ചത്.