വാഷിങ്ടൺ: ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് വൻ തിരിച്ചടിയായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ നിർദ്ദേശം. അമേരിക്കയിലെ ട്രക്ക് ഡ്രൈവിങ് മേഖലയിൽ ജോലി ചെയ്യുന്ന കുടിയേറ്റക്കാരെ മാറ്റി പകരം അമേരിക്കയിലെ വിമുക്തഭടന്മാരെ നിയമിക്കണമെന്ന വിവാദ നിർദ്ദേശവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. പെൻസിൽവേനിയയിൽ നടന്ന സൈനിക നിക്ഷേപ സംഗമത്തിലാണ് കുടിയേറ്റക്കാരായ ഡ്രൈവർമാരെ ട്രക്ക് ഡ്രൈവിങ് മേഖലയിൽ നിന്ന് ഒഴിവാക്കാനുള്ള തന്റെ ഭരണകൂടത്തിന്റെ പദ്ധതി അദ്ദേഹം മുന്നോട്ടുവെച്ചത്.
അമേരിക്കയിലെ കുടിയേറ്റക്കാരായ ഡ്രൈവർമാരിൽ പലരും മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണെന്നും അവർ നിരന്തരം അപകടങ്ങൾ വരുത്തുന്നുവെന്നും ട്രംപ് ആരോപിച്ചു. അനധികൃതമായി രാജ്യത്തെത്തിയ കുടിയേറ്റക്കാർക്ക് പലപ്പോഴും കൃത്യമായ ലൈസൻസോ രേഖകളോ ഇല്ലെന്നും ഇവർ റോഡുകളിലെ അടയാളങ്ങൾ വായിക്കാൻ പോലും അറിയാത്തവരാണെന്നും ഇത്തരം ഡ്രൈവർമാരെ നീക്കം ചെയ്തത് പകരം അഭിമാനികളായ അമേരിക്കൻ വിമുക്തഭടന്മാരെ ട്രക്ക് ഓടിക്കാൻ പഠിപ്പിച്ച് ആ സ്ഥാനങ്ങളിൽ നിയമിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കി.
സൈന്യത്തിൽ ഭാരമേറിയ വാഹനങ്ങൾ ഓടിച്ച് പരിചയമുള്ള വിമുക്തഭടന്മാർക്ക് കമേഴ്സ്യൽ ഡ്രൈവിങ് ലൈസൻസിന് നേരിട്ട് അർഹതയുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, ട്രംപ് ഭരണകൂടം ഈ വർഷം മാർച്ച് മാസത്തിൽ മാത്രം നിയമപരമായ രേഖകളുള്ള രണ്ട് ലക്ഷത്തോളം കുടിയേറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കിയിരുന്നു. അമേരിക്കൻ പൗരന്മാർ ഈ ജോലി ചെയ്യാൻ താല്പര്യം കാണിക്കാത്തതും തുടക്കത്തിൽ തന്നെ ഉയർന്ന ശമ്പളം ലഭിക്കുന്നതുമാണ് കുടിയേറ്റക്കാരെ വലിയ തോതിൽ ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്.
അമേരിക്കയിലെ ലക്ഷക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാരെയാണ് ട്രംപിന്റെ ഈ ഭരണപരിഷ്കാരം ബാധിക്കുക. നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷൻ്റെ കണക്കുകൾ പ്രകാരം പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 1.3 ലക്ഷം മുതൽ 1.5 ലക്ഷം വരെ ഡ്രൈവർമാർ നിലവിൽ അമേരിക്കയിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. നിർബന്ധിത ഇംഗ്ലീഷ് പരിജ്ഞാന പരിശോധനകളും അടുത്തിടെ നടപ്പിലാക്കിയ ‘ദലൈല നിയമവും’ (Dalilah Law) ഇന്ത്യൻ ഡ്രൈവർമാർക്ക് വലിയ പ്രതിബന്ധങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ദലൈല നിയമം നിലവിൽ വന്നതോടെ പുതിയ കമേഴ്സ്യൽ ലൈസൻസുകൾ നൽകുന്നത് കുടിയേറ്റക്കാർക്കോ ഭരണകൂടം അനധികൃത വിദേശികൾ എന്ന് വിശേഷിപ്പിക്കുന്നവർക്കോ നിർത്തിവെച്ചിരിക്കുകയാണ്.
Major setback for Indian truck drivers: Trump proposes move to phase out immigrant drivers in the US.














