ഇറാനിനെതിരായ വ്യോമാക്രമണം വെള്ളിയാഴ്ച അമേരിക്ക കൂടുതൽ വ്യാപിപ്പിച്ചു. ഇത്തവണ സൈനിക കേന്ദ്രങ്ങൾക്കൊപ്പം സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഇറാനിലെ ഖമിർ കൗണ്ടിയിലെ ഗെരിവെ പാലം, കഹുറെസ്താൻ പാലം എന്നിവയ്ക്കും ബന്ദർ അബ്ബാസിനെ ഷിറാസുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത ശൃംഖലയ്ക്കും കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് CNN റിപ്പോർട്ട് ചെയ്തു.
അർധസർക്കാർ വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് പ്രകാരം ഒരു റെയിൽവേ സ്റ്റേഷനും ആക്രമണത്തിൽ തകർന്നു. ബന്ദർ അബ്ബാസിലും സമീപഗ്രാമങ്ങളിലുമുള്ള വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് വൈദ്യുതി ഉപഭോഗം കുറയ്ക്കാനും പ്രത്യേകിച്ച് എയർ കണ്ടീഷണറുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു. തെക്കൻ ഇറാനിൽ നടന്ന പുതിയ അമേരിക്കൻ ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് (AP) റിപ്പോർട്ട് ചെയ്തു.
ആറാം രാത്രിയും അമേരിക്കയുടെ ആക്രമണം
തുടർച്ചയായ ആറാം രാത്രിയും ഇറാനെതിരെ പുതിയ വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഖത്തറിൽ ഇറാൻ മിസൈൽ ആക്രമണം; കുട്ടിക്ക് പരിക്ക്
വെള്ളിയാഴ്ച പുലർച്ചെ ഖത്തറിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണം ഖത്തർ സായുധസേന തടഞ്ഞതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈൽ പ്രതിരോധ നടപടിക്കിടെ തെറിച്ചുവീണ അവശിഷ്ടങ്ങൾ (ഷ്രാപ്നൽ) തട്ടി ഒരു കുട്ടിക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുകയാണെന്നും മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
റെഡ് സീ എണ്ണപ്പാത അടയ്ക്കാൻ ഹൂത്തികളോട് ഇറാന്റെ നിർദേശം?
അമേരിക്ക ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ റെഡ് സീ വഴിയുള്ള എണ്ണക്കപ്പൽ ഗതാഗതം തടയാൻ തയ്യാറാകണമെന്ന് സഖ്യകക്ഷിയായ യെമനിലെ ഹൂത്തി വിമതരോട് ഇറാൻ ആവശ്യപ്പെട്ടതായി മൂന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഈ നിർദേശം അടുത്തിടെയാണ് ഹൂത്തികൾക്ക് കൈമാറിയതെന്നും ഇതുസംബന്ധിച്ച വിവരം ഇതുവരെ പുറത്തുവന്നിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എണ്ണവില വീണ്ടും ഉയർന്നു
ഗൾഫ് മേഖലയിൽ അമേരിക്കയും ഇറാനും ആക്രമണം ശക്തമാക്കിയതും ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണഗതാഗതം തടസ്സപ്പെട്ടതുമൂലം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു.
റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.05 ഡോളർ (1.25%) ഉയർന്ന് 85.28 ഡോളറിലെത്തി. യു.എസ്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് വില 1.03 ഡോളർ (1.3%) ഉയർന്ന് 79.98 ഡോളറായി. മുൻ വ്യാപാര സെഷനിലുണ്ടായ ഇടിവ് ഇതോടെ പൂർണമായും നികത്തപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
The United States expanded its airstrikes against Iran early Friday as it targeted civilian infrastructure, hitting bridges and railway stations.











