വീണ്ടും യുഎസിനെ ഞെട്ടിച്ച് വെള്ളപ്പൊക്കം; കനത്ത മഴയിൽ രണ്ട് മരണം, ജനവാസ കേന്ദ്രങ്ങൾ വെള്ളത്തിലായി

ന്യൂജേഴ്‌സി: യുഎസിലെ ന്യൂജേഴ്‌സിയിലും ന്യൂയോർക്കിലും തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ന്യൂജേഴ്‌സിയിൽ കുറഞ്ഞത് രണ്ട് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. പ്ലെയിൻഫീൽഡ് നഗരത്തിലാണ് അപകടം നടന്നത്. വെള്ളപ്പൊക്കത്തിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ സീഡാർ ബ്രൂക്കിലേക്ക് ഒലിച്ചുപോയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ ഫേസ്ബുക്കിലൂടെ അറിയിച്ചു.

തിങ്കളാഴ്ച രാത്രി യുഎസ് വടക്കുകിഴക്കൻ മേഖലയിലെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുകയും ജനവാസ കേന്ദ്രങ്ങൾ വെള്ളത്തിലാവുകയും റോഡുകളിൽ വാഹനങ്ങൾ കുടുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ഈ മരണങ്ങൾ സംഭവിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് സബ്‌വേ ലൈനുകൾ അടച്ചിടുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

മഴ മാറിപ്പോയതോടെ ന്യൂജേഴ്‌സി, ന്യൂയോർക്ക്, പെൻസിൽവാനിയ എന്നിവിടങ്ങളിലെ മിക്ക ഫ്ലാഷ് ഫ്ലഡ് വാച്ചുകളും മുന്നറിയിപ്പുകളും അവസാനിച്ചെങ്കിലും, ചൊവ്വാഴ്ച രാവിലെയും ചില റോഡുകളിലും തെരുവുകളിലും വെള്ളക്കെട്ട് തുടർന്നു. ന്യൂജേഴ്‌സി ഗവർണർ ഫിൽ മർഫി, പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും കനത്ത മഴയും കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആളുകളോട് വീടിനുള്ളിൽ തന്നെ തുടരാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ന്യൂജേഴ്‌സിയിലെ സ്കോച്ച് പ്ലെയിൻസിലെ ഒരു പ്രധാന റോഡ് വെള്ളപ്പൊക്കത്തിൽ സ്തംഭിക്കുകയും ബസുകൾ കുടുങ്ങുകയും ചെയ്തതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.