ഞങ്ങളെ രാഷ്ട്രീയമായി ചൂഷണം ചെയ്തു; ട്രംപുമായുള്ള വൈറ്റ് ഹൗസ് കൂടിക്കാഴ്ചയിൽ ഖേദവുമായി ബിഷപ്പുമാർ

വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് പ്രമുഖ കത്തോലിക്കാ ബിഷപ്പുമാർ രംഗത്ത്. ട്രംപിനൊപ്പം പ്രാർത്ഥിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് തങ്ങൾ രാഷ്ട്രീയമായി വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബിഷപ്പുമാർ രംഗത്തെത്തിയത്. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തങ്ങളുടെ സാന്നിധ്യം രാഷ്ട്രീയ നേട്ടങ്ങൾക്കായി ചിലർ ബോധപൂർവം ചൂഷണം ചെയ്യുകയായിരുന്നുവെന്ന് മിൽവാക്കി ആർച്ച്ബിഷപ്പ് ജെഫ്രി ഗ്രോബ്, അയോവ ബിഷപ്പ് വില്യം ജോയൻസൺ എന്നിവർ വ്യക്തമാക്കി.

ഒക്ടോബർ 22-ന് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കുടിയേറ്റം, വിദേശ വൈദികരുടെ വിസാ കാലാവധി, പാവപ്പെട്ടവർ നേരിടുന്ന ചൂഷണം തുടങ്ങിയ പൊതുവിഷയങ്ങൾ ചർച്ച ചെയ്യാനാണ് തങ്ങൾ എത്തിയതെന്നും എന്നാൽ ഇതൊരു രാഷ്ട്രീയ ഫോട്ടോ അവസരമായി മാറുമെന്ന് കരുതിയില്ലെന്നും ആർച്ച്ബിഷപ്പ് ജെഫ്രി ഗ്രോബ് പറഞ്ഞു. കൂടിക്കാഴ്ച തികച്ചും സ്വകാര്യമാണെന്നാണ് വിശ്വസിച്ചിരുന്നത്. ചിത്രങ്ങൾ പ്രചരിച്ചതോടെ വിശ്വാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടായതായും ട്രംപിന്റെ കുടിയേറ്റ നയങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങൾ ഇതിൽ അതൃപ്തി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചകൾക്ക് ശേഷം പെട്ടെന്നാണ് തങ്ങളെ ട്രംപിനൊപ്പം പ്രാർത്ഥിക്കാനായി ഓവൽ ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് ബിഷപ്പുമാർ പറയുന്നു. എന്നാൽ തങ്ങളുടെ അനുവാദമില്ലാതെ ഈ ദൃശ്യങ്ങൾ ട്രംപിന്റെ കമ്മ്യൂണിക്കേഷൻ അഡ്വൈസർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു. “അല്പം കൂടി ജാഗ്രത പുലർത്തണമായിരുന്നു, രാഷ്ട്രീയ നേട്ടങ്ങൾക്കായി ഞങ്ങളെ ചൂഷണം ചെയ്തവരെപ്പോലെ ലളിതമായി ചിന്തിക്കാൻ പാടില്ലായിരുന്നു,” ബിഷപ്പ് വില്യം ജോയൻസൺ പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ ട്രംപും കത്തോലിക്കാ സഭാ തലവൻ ലിയോ പതിനാലാമൻ മാർപ്പാപ്പയും തമ്മിലുള്ള ബന്ധം വിയോജിപ്പുകളാൽ നിറഞ്ഞതാണ്. ട്രംപ് ഭരണകൂടത്തിന്റെ കർശനമായ കുടിയേറ്റ നയങ്ങളെ കത്തോലിക്കാ സഭ നേരത്തെയും ശക്തമായി വിമർശിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തുവന്ന പ്യൂ റിസർച്ച് സെന്ററിന്റെ സർവേ പ്രകാരം കാത്തലിക് വോട്ടർമാർക്കിടയിൽ ട്രംപിനുള്ള ജനപ്രീതി 47 ശതമാനത്തിൽ നിന്നും 30 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്. വരാനിരിക്കുന്ന നവംബർ 3-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഇത് വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം ബിഷപ്പുമാരുടെ വിമർശനങ്ങളോട് നേരിട്ട് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. എന്നാൽ അമേരിക്കൻ കത്തോലിക്കർക്ക് ട്രംപിനേക്കാൾ മികച്ചൊരു പ്രസിഡന്റ് ഉണ്ടായിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് ടെയ്‌ലർ റോജേഴ്സ് പ്രതികരിച്ചത്.

We were politically exploited; bishops express regret over White House meeting with Trump.

More Stories from this section

family-dental
witywide