ഫ്ലോറിഡയിൽ കൂട്ടവെടിവയ്പ്പ്: കുട്ടികളുൾപ്പെടെ 12 പേർക്ക് പരിക്ക്; 15-കാരൻ അറസ്റ്റിൽ

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ യൂണിവേഴ്സിറ്റി ഫുട്ബോൾ മത്സരത്തിന് ശേഷം സ്റ്റേഡിയത്തിന് സമീപമുണ്ടായ കൂട്ടവെടിവയ്പ്പിൽ ആറ് കുട്ടികളുൾപ്പെടെ 12 പേർക്ക് പരിക്കേറ്റ സംഭവത്തിൽ 15കാരൻ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ആന്റണി റിവേഴ്സ് III എന്ന കൌമാരക്കാരനാണ് പൊലീസ് പിടിയിലായത്. പ്രതിക്കെതിരെ 11 വധശ്രമക്കേസുകളും നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിനുമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ ടലഹാസി നഗരത്തിലെ പ്രശസ്തമായ അമേരിക്കൻ ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപമായിരുന്നു സംഭവം. കളി കഴിഞ്ഞ് കാണികൾ മടങ്ങുന്ന സമയത്താണ് വെടിവയ്പ്പുണ്ടായത്. പരിക്കേറ്റവരിൽ 11 പേർക്ക് വെടിയേൽക്കുകയായിരുന്നു. പരിഭ്രാന്തിക്കിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരാളുടെ കണങ്കാലിന് പരിക്കേറ്റത്.

സ്ഥലത്തുണ്ടായിരുന്ന ചിലർ തമ്മിലുണ്ടായ വ്യക്തിപരമായ തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്ന് ടലഹാസി പൊലീസ് ചീഫ് ലോറൻസ് റെവൽ അറിയിച്ചു. വെടിയേറ്റവരാരും തന്നെ പ്രതിയുടെ യഥാർത്ഥ ലക്ഷ്യമായിരുന്നില്ല. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും പൊലീസ് വ്യക്തമാക്കി.

പരിക്കേറ്റവരിൽ ആറുപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. അഞ്ച് പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഫുട്ബോൾ മത്സരം കഴിഞ്ഞ സമയമായതിനാൽ സ്ഥലത്ത് വൻ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇതുമൂലം ആംബുലൻസുകൾക്ക് സംഭവസ്ഥലത്തേക്ക് എത്താൻ കഴിയാതിരുന്നതിനെ തുടർന്ന് പൊലീസുകാർ പരിക്കേറ്റവരെ കൈകളിൽ താങ്ങിയാണ് അടിയന്തിര ചികിത്സാ കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്.

ആഘോഷമാകേണ്ടിയിരുന്ന ഒരു വാരാന്ത്യം ഭീതിയുടെ രാത്രിയായി മാറിയെന്നും, അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ചീഫ് കൂട്ടിച്ചേർത്തു.

Mass shooting in Florida: 12 people, including children, injured; 15-year-old arrested

More Stories from this section

family-dental
witywide