വാഷിംഗ്ടൺ: ഇറാനുമായി ചർച്ചകളിൽ ഏർപ്പെടുകയോ അവർക്ക് ഇളവുകളോ ഓഫാറുകളോ വാഗ്ദാനങ്ങളോ നൽകിയിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പണ്ട് ഒബാമ പ്രസിഡന്റ് ആയിരുന്നപ്പോൾ ബില്യൺ ഡോളർ ഇറാന് നൽകിയതുപോലെയുള്ള മണ്ടത്തരം താൻ ചെയ്യില്ലെന്നും ട്രൂത്ത് സോഷ്യലിൽ കുറിച്ച പോസ്റ്റിൽ ട്രംപ് പരിഹസിച്ചു. സിവിലിയൻ ആണവോർജ്ജ പദ്ധതിക്കായി ഇറാന് 30 ബില്യൺ ഡോളർ വരെ പ്രവേശനം അനുവദിക്കുന്നതിനുള്ള സാധ്യത തന്റെ ഭരണകൂടം പരിശോധിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകളും ട്രംപ് തള്ളിക്കളഞ്ഞു.
“ആണവായുധം ജെസിപിഒഎ (ഇപ്പോൾ കാലഹരണപ്പെടും!) എന്ന മണ്ടത്തരത്തിന് കീഴിൽ ഒബാമ അവർക്ക് ബില്യൺ ഡോളർ നൽകിയതുപോലെ, ഞാൻ ഇറാന് ഒന്നും വാഗ്ദാനം ചെയ്യുന്നില്ല, അവരുടെ ആണവ സൗകര്യങ്ങൾ ഞങ്ങൾ പൂർണ്ണമായും ഇല്ലാതാക്കിയതിനാൽ ഞാൻ അവരോട് സംസാരിക്കുകപോലുമില്ല,” – ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
ഇറാനുമായി ആണവ കരാറുമായി ബന്ധപ്പെട്ട് ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. ഇറാന്റെ ആണവോർജ പദ്ധതികൾക്ക് യാതൊരു സഹായവും നൽകില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
അമേരിക്കയോടുള്ള ഈ കടുത്ത നിലപാട്, ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ വലിയ വിള്ളൽ സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ഇറാന്റെ ആണവ പദ്ധതികൾക്കെതിരെ യുഎസിന്റെ സൈനിക നടപടികൾക്ക് ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഖത്തറിന്റെയടക്കം നീക്കങ്ങളിലൂടെ നടന്ന ചർച്ചകളിലൂടെ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ, ഇറാൻ ഈ കരാർ ലംഘിച്ചുവെന്ന് ഇസ്രയേൽ ആരോപിക്കുന്നുണ്ട്. എന്നാൽ ഇറാൻ ഈ ആരോപണം തള്ളിക്കളഞ്ഞിരുന്നു.
യുഎസിന്റെ ആക്രമണങ്ങൾ ഇറാന്റെ ആണവ പദ്ധതികളെ “പൂർണമായി തകർത്തു” എന്ന ട്രംപിന്റെ അവകാശവാദത്തെ, നേരത്തെ യുഎന്റെ ആണവ നിരീക്ഷണ സംഘടനയായ ഐ എ ഇ എയുടെ തലവൻ റാഫേൽ ഗ്രോസി തള്ളിയിരുന്നു. ഇറാന്റെ ആണവ പദ്ധതികൾക്ക് “ഗുരുതരമായ” തിരിച്ചടി ഉണ്ടായെങ്കിലും, അവ പൂർണമായി നശിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് ഐ എ ഇ എയുടെ വിലയിരുത്തൽ.
അതേസമയം ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, യുഎസുമായി ചർച്ചകൾക്ക് പദ്ധതിയില്ലെന്നും, ഇസ്രയേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാതെ ചർച്ചകൾ സാധ്യമല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള യുഎസിന്റെ ആവശ്യങ്ങൾ, പ്രത്യേകിച്ച് യുറേനിയം ശേഖരം കൈമാറണമെന്ന ആവശ്യവും ഇറാൻ തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ, മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണമാകാനുള്ള സാധ്യത വർദ്ധിക്കുകയാണ്. അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യുകെ, ഫ്രാൻസ്, ജർമനി എന്നിവ, ഇറാനെ ചർച്ചകളിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ പുരോഗതിയുണ്ടായിട്ടില്ല.















