ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ജോയ് ചെസ്റ്റ്‌നട്ടിനെ തോല്‍പ്പിക്കാനാവില്ല മക്കളേ… 10 മിനിറ്റില്‍ 70 ഹോട്ട് ഡോഗുകളും ബണ്ണുകളും അകത്താക്കി , പക്ഷേ, സ്വന്തം റെക്കോര്‍ഡ് തിരുത്താനായില്ല

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന 2025 ലെ നാഥന്‍സ് ഫേമസ് ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ജോയി ചെസ്റ്റ്‌നട്ട് വിജയിച്ചു. 10 മിനിറ്റിനുള്ളില്‍ 70.5 ഹോട്ട് ഡോഗുകളും ബണ്ണുകളും അകത്താക്കിയാണ് ഇദ്ദേഹം തന്റെ വിജയം ഉറപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുക്കാതിരുന്നതിന് ശേഷം അദ്ദേഹം തന്റെ കിരീടം തിരിച്ചുപിടിച്ച വാശിയേറിയ മത്സരമായിരുന്നു ഇക്കുറി നടന്നത്.

നിലവിലെ ചാമ്പ്യന്‍ പാട്രിക് ബെര്‍ട്ടോലെറ്റി 46.5 പോയിന്റുമായി രണ്ടാം സ്ഥാനത്തും, 45.5 പോയിന്റുമായി ജെയിംസ് വെബ് മൂന്നാം സ്ഥാനത്തുമെത്തി.
വനിതാ വിഭാഗത്തില്‍, വെള്ളിയാഴ്ച നിലവിലെ ചാമ്പ്യന്‍ മിക്കി സുഡോ 10 മിനിറ്റിനുള്ളില്‍ 33 ഹോട്ട് ഡോഗുകളും ബണ്ണുകളും കഴിച്ച് തന്റെ 11-ാം വിജയം നേടി.

വെള്ളിയാഴ്ച ബ്രൂക്ലിനിലെ കോണി ഐലന്‍ഡില്‍ നടന്ന ആവേശകരമായ മത്സര വേദിയിലേക്ക് ചെസ്റ്റ്‌നട്ട് നടന്നെത്തിയപ്പോള്‍ത്തന്നെ കാണികള്‍ ആവേശത്തിലായി. ‘ജോയി, ജോയി, ജോയി!’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടായിരുന്നു അവര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തത്.

ഇന്ത്യാനയിലെ വെസ്റ്റ്ഫീല്‍ഡില്‍ നിന്നുള്ളയാളാണ് 41 കാരനായ ജോയ് ചെസ്റ്റ്‌നട്ട്. ഇദ്ദേഹം 2021-ല്‍ സ്ഥാപിച്ച 76 ഹോട്ട് ഡോഗുകളും ബണ്ണുകളും കഴിച്ച തന്റെ ഔദ്യോഗിക ലോക റെക്കോര്‍ഡ് പിന്നീടിതുവരെ മറികടന്നിട്ടില്ല. ‘എനിക്ക് ആവേശമായിരുന്നു, ഇവിടെ വരാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. എനിക്ക് കുറച്ച് കൂടി കഴിക്കാനായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, ക്ഷമിക്കണം, പക്ഷേ ഞാന്‍ അടുത്ത വര്‍ഷം തിരിച്ചുവരും,’ മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മറ്റൊരു മത്സരത്തിനിടെ 83 ഹോട്ട് ഡോഗുകളും ബണ്ണുകളും കഴിച്ച് ചെസ്റ്റ്‌നട്ട് ഒരു അനൗദ്യോഗിക ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.

More Stories from this section

family-dental
witywide