
കീവ്: റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ നിർണ്ണായകമായ യു.എസ് സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനത്തിന്റെ വേഗത നിയന്ത്രണങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. അമേരിക്കയും ഇലോൺ മസ്കും ‘ചരിത്രത്തിന്റെ ശരിയായ ഭാഗത്ത്’ നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ശൈത്യകാലത്തിന് മുന്നോടിയായി യുക്രെയ്നിന്റെ ഊർജ്ജ നിലയങ്ങളും ജനങ്ങളുടെ ജീവനും സംരക്ഷിക്കുന്നത് ഈ സേവനത്തെ ആശ്രയിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ‘സ്റ്റാർഷീൽഡ്’ (സൈനിക ആവശ്യങ്ങൾക്കുള്ള സ്റ്റാർലിങ്ക് സേവനം) സംവിധാനത്തിന്റെ വേഗത കുറച്ചതാണ് യുക്രെയ്നിന് തിരിച്ചടിയായത്. യുദ്ധഭൂമിയിലെ ആശയവിനിമയത്തിന് സാധാരണ സ്റ്റാർലിങ്കും, മിസൈലുകളെയും ഡ്രോണുകളെയും തടയാൻ സ്റ്റാർഷീൽഡുമാണ് യുക്രെയ്ൻ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 161 കിലോമീറ്റർ (100 മൈൽ) വേഗതയ്ക്ക് മുകളിൽ പോകുമ്പോൾ തങ്ങളുടെ ഇന്റർസെപ്റ്റർ ഡ്രോണുകൾക്ക് സിഗ്നൽ നഷ്ടപ്പെടുന്നുണ്ടെന്നും, ഇതുമൂലം റഷ്യയുടെ ജെറ്റ്-പവർ ‘ഷാഹെദ്’ ഡ്രോണുകളെ തകർക്കാൻ കഴിയുന്നില്ലെന്നും സെലെൻസ്കി ചൂണ്ടിക്കാട്ടി.
റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ മാത്രമാണ് ഈ വേഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ആ പ്രദേശങ്ങൾ യുക്രെയ്നിന്റേതല്ലെന്ന് ഭാഗികമായി അംഗീകരിക്കുന്നതിന് തുല്യമാണെന്നും സെലെൻസ്കി വിമർശിച്ചു. ഒക്ടോബറിൽ ആരംഭിച്ച ഈ പ്രതിസന്ധിയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇലോൺ മസ്കും പരസ്പരം പഴിചാരുകയാണ്. റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെ യുക്രെയ്ൻ നടത്തുന്ന ആക്രമണങ്ങൾ ആഗോള എണ്ണവില വർദ്ധിപ്പിക്കുന്നുവെന്ന ട്രംപിന്റെ അതൃപ്തിക്ക് പിന്നാലെയാണ് ഇന്റർനെറ്റ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
യു.എസ് നിർമ്മിത പാട്രിയറ്റ് മിസൈലുകളുടെ ക്ഷാമം മുതലെടുത്ത് റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. സപ്പോരിജിയ, സുമി, ഒഡേസ തുടങ്ങിയ മേഖലകളിലെ ഊർജ്ജ നിലയങ്ങൾക്കും റെയിൽവേ സംവിധാനങ്ങൾക്കും നേരെ റഷ്യ നടത്തിയ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിന് തിരിച്ചടിയായി, മധ്യ റഷ്യൻ നഗരമായ നിഷ്നെകാംസ്കിലെ എണ്ണ ശുദ്ധീകരണശാലയ്ക്കും പെട്രോകെമിക്കൽ പ്ലാന്റിനും നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. റഷ്യയിലെ ടാഗൻറോഗിലും അധിനിവേശ ലുഹാൻസ്കിലും യുക്രെയ്ൻ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
അതേസമയം, പ്രതിരോധ കമ്പനിക്ക് നേരെ അട്ടിമറി ശ്രമം നടന്നതിനെത്തുടർന്ന് ഡിസംബർ 1 മുതൽ റഷ്യയുമായുള്ള അതിർത്തി ചെക്ക്പോസ്റ്റുകൾ അടയ്ക്കുമെന്ന് എസ്റ്റോണിയ പ്രഖ്യാപിച്ചു. ഡ്രോൺ നിർമ്മാതാക്കളായ ‘ത്രിയോഡ് സിസ്റ്റംസിന്’ തീയിടാൻ ശ്രമിച്ച കേസിൽ റഷ്യൻ ചാരസംഘടനയായ ജി.ആർ.യുവിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിച്ച എട്ട് പേരെ എസ്റ്റോണിയ അറസ്റ്റ് ചെയ്തിട്ടുണ്ട്.















