
സാന്‍ ഫ്രാന്‍സിസ്‌കോ : പ്രൊബേഷണറി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് നിയമവിരുദ്ധമാണെന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു ഫെഡറല്‍ ജഡ്ജി വ്യാഴാഴ്ച കണ്ടെത്തി. ട്രംപ് ഭരണകൂടം ഫെഡറല്‍ തൊഴിലാളികളെ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നത് തടയാന്‍ കേസ് ഫയല്‍ ചെയ്ത തൊഴിലാളി യൂണിയനുകളുടെയും സംഘടനകളുടെയും സഖ്യത്തിന് ഈ നടപടി താല്‍ക്കാലിക ആശ്വാസം നല്‍കി.
അടുത്തിടെ നിയമിച്ച ആയിരക്കണക്കിന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ യുഎസ് പ്രതിരോധ വകുപ്പിനോടും മറ്റ് ഏജന്‍സികളോടും ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി ജഡ്ജി താല്‍ക്കാലികമായി തടഞ്ഞതോടെ ട്രംപിന് വന്‍ തിരിച്ചടി.
ഒരു വര്‍ഷത്തില്‍ താഴെ പരിചയമുള്ള പ്രൊബേഷണറി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാന്‍ ഫെഡറല്‍ ഏജന്‍സികളോട് ഉത്തരവിടാന്‍ യുഎസ് ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റിന് അധികാരമില്ലെന്ന് ജഡ്ജി വില്യം അല്‍സപ്പ് പറഞ്ഞു. അതോടൊപ്പം പ്രൊബേഷണറി ജീവനക്കാരെ കണ്ടെത്താന്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ജനുവരി 20 ലെ മെമ്മോയും ഫെബ്രുവരി 14 ലെ ഇമെയിലും റദ്ദാക്കാന്‍ ഫെഡറല്‍ ഏജന്‍സികള്‍ക്കുള്ള മാനവ വിഭവശേഷി വകുപ്പായ ഒപിഎമ്മിനോട് അല്‍സപ്പ് ഉത്തരവിട്ടു. പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡോജ് മേധാവി ഇലോൺ മസ്‌കും സർക്കാരിന്റെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണു ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്.
ദേശീയ പാര്‍ക്കുകള്‍, ശാസ്ത്ര ഗവേഷണം, വെറ്ററന്‍മാര്‍ക്കുള്ള സേവനങ്ങള്‍ എന്നിവയിലേക്കുള്ള വെട്ടിക്കുറയ്ക്കല്‍ ഉള്‍പ്പെടെ ഫെഡറല്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടി വ്യാപകമായ ദോഷം വരുത്തിവയ്ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച 5,400 പ്രൊബേഷണറി ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രതീക്ഷിക്കുന്ന പ്രതിരോധ വകുപ്പിനടക്കം ഈ ഉത്തരവ് ബാധകമാണ്. നിരവധി യൂണിയനുകളും ലാഭേച്ഛയില്ലാത്ത ഗ്രൂപ്പുകളും കൊണ്ടുവന്ന കേസ് പരിഗണിക്കവെയാണ് അവരെ പിരിച്ചുവിടണമെന്ന് ഉത്തരവിടാന്‍ ട്രംപിന് കഴിയില്ലെന്ന് അല്‍സപ്പ് ചൂണ്ടിക്കാട്ടിയത്.
.










