ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരുമായി പോയ പനാമ പതാകയുള്ള എൽപിജി ടാങ്കർ കപ്പലായ എംടി താര ഗ്യാസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. നവംബർ 16നുണ്ടായ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരിൽ 21 പേരെ സുരക്ഷിതമായി കരയിലെത്തിച്ചു. പരുക്കേറ്റ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
ഒമാനിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികൃതരുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ കപ്പലുകൾക്കുനേരെ തുടർച്ചയായി ആക്രമണങ്ങളുണ്ടാകുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ മന്ത്രാലയം, ഇത് സാധാരണ നാവികരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും വ്യക്തമാക്കി. വാണിജ്യ കപ്പലുകൾക്കും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും രാജ്യാന്തര നിയമങ്ങൾ അനുസരിച്ച് സമുദ്രപാതകളിലൂടെയുള്ള സ്വതന്ത്ര കപ്പൽഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ആക്രമണത്തെത്തുടർന്ന് കപ്പലിലെ മുഴുവൻ ജീവനക്കാർക്കും കപ്പൽ ഉപേക്ഷിക്കേണ്ടിവന്നതായി കേന്ദ്ര തുറമുഖ-കപ്പൽഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. 24 ജീവനക്കാരെ കണ്ടെത്തിയെങ്കിലും ഒരു ഇന്ത്യൻ നാവികനെ കാണാതായതായി അദ്ദേഹം എക്സിൽ കുറിച്ചു. കാണാതായ നാവികനെ കണ്ടെത്താനും രക്ഷപ്പെടുത്തിയ ജീവനക്കാർക്ക് ആവശ്യമായ സഹായം ഉറപ്പാക്കാനും കപ്പൽ മാനേജ്മെന്റ് കമ്പനിയുമായും പ്രാദേശിക രക്ഷാപ്രവർത്തന ഏജൻസികളുമായും ഏകോപനം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
24 ഇന്ത്യക്കാരുൾപ്പെടെ 25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്ന് മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ പുറത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് കപ്പൽ ആക്രമണവിവരം അറിയിച്ചത്. 24 പേരെയും ഒമാനിലെ ഖസബിൽ സുരക്ഷിതമായി കരയിലെത്തിച്ചു. കാണാതായ ഇന്ത്യൻ നാവികനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും എംബസി അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ സഹായിച്ച ഒമാൻ അധികൃതർക്കും നന്ദി രേഖപ്പെടുത്തി.
ഹോർമുസ് കടലിടുക്കിലും പരിസരത്തും കപ്പൽസുരക്ഷ സംബന്ധിച്ച ആശങ്കകൾ വർധിക്കുന്നതിനിടെയാണ് പുതിയ ആക്രമണം. മേഖലയിൽ നിരവധി എണ്ണക്കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.ഹോർമുസ് കടലിടുക്കിന്റെ കിഴക്കൻ മേഖലയിൽ നാവിക മൈനിൽ ഇടിച്ച് മറ്റൊരു ടാങ്കർ കപ്പലിന് തീപിടിച്ചതായി ഇറാൻ നാവികസേന അറിയിച്ചു. നാവിഗേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്ത് നിയന്ത്രിത സമുദ്രപരിധിയിലൂടെ സഞ്ചരിക്കുകയായിരുന്നു കപ്പലെന്നാണ് ഇറാന്റെ ആരോപണം.
രാജ്യത്തിന്റെ സായുധസേനയുമായി ഏകോപനം നടത്താതെ നിയന്ത്രിത സമുദ്രപരിധിയിൽ പ്രവേശിക്കരുതെന്ന് ഇറാൻ നാവികസേന മുന്നറിയിപ്പ് നൽകി. അനുമതിയില്ലാതെ ഇത്തരം മേഖലകളിൽ സഞ്ചരിക്കുന്ന കപ്പലുകൾ മൈനിൽ ഇടിച്ച് തീപിടിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.അതേസമയം, ഒമാനിലെ ഖസബിൽനിന്ന് ഏഴ് നോട്ടിക്കൽ മൈൽ അകലെ മറ്റൊരു ടാങ്കറിനുനേരെ ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും എന്നാൽ കപ്പലിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമായിട്ടില്ലെന്നും ഏജൻസി വ്യക്തമാക്കി.
India condemns attack on LPG tanker carrying 24 Indians in Strait of Hormuz; MEA says 1 missing













