
ലഖ്നൗ: വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ) നടപടികളിലൂടെ 1.27 കോടിയോളം ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങൾക്കിടെ ഉത്തർപ്രദേശിൽ വീണ്ടും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഏപ്രിൽ പത്തിന് പുറത്തിറക്കിയ ആദ്യ കരട് പട്ടികയേക്കാൾ 18.84 ലക്ഷം പേരെക്കൂടി ഉൾപ്പെടുത്തിയാണ് യുപി തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പട്ടിക പുറത്തുവിട്ടത്. ഇതിൽ 7.87 ലക്ഷം പുരുഷന്മാരും 10.97 ലക്ഷം വനിതകളുമാണ് പുതുതായി ഇടംപിടിച്ചത്. എങ്കിലും 2.58 കോടി പേർ ഇപ്പോഴും പട്ടികയ്ക്ക് പുറത്താണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡിസംബർ 16 വരെ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരമുണ്ടാകുമെന്നും ജനുവരി 4-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പട്ടികയിലുണ്ടായിരുന്ന 1.27 കോടി ഹിന്ദു വോട്ടർമാരെയും, ക്ഷേമപദ്ധതി ഗുണഭോക്താക്കളും യുവവോട്ടർമാരും ഉൾപ്പെടെ ലക്ഷക്കണക്കിന് പേരെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ കാണാനില്ലെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ആരോപണം. എന്നാൽ, മുഖ്യമന്ത്രിയുടെ പരാതിക്ക് മറുപടിയുമായി രംഗത്തെത്തിയ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ, വോട്ടർമാരുടെ ജാതിയോ മതമോ അടിസ്ഥാനമാക്കിയുള്ള യാതൊരു രേഖയും കമ്മീഷൻ സൂക്ഷിക്കാറില്ലെന്ന് വ്യക്തമാക്കി. വോട്ടറുടെ പേര്, ബന്ധുവിന്റെ പേര്, വയസ്സ്, വീട്ടുനമ്പർ, ലിംഗഭേദം എന്നിവ മാത്രമാണ് ഡേറ്റാബേസിൽ ഉള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
വോട്ടർ പട്ടിക പൊതുരേഖയായതിനാൽ മാധ്യമങ്ങളും സ്വതന്ത്ര നിരീക്ഷകരും പേരുകളുടെ അടിസ്ഥാനത്തിൽ സ്വന്തമായി വിശകലനങ്ങൾ നടത്താറുണ്ടെന്നും, എന്നാൽ അവയൊന്നും തിരഞ്ഞെടുപ്പ് വകുപ്പിന്റെ ഔദ്യോഗിക കണക്കുകളായി കാണാനാവില്ലെന്നും നവദീപ് റിൻവ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങൾക്കിടെയാണ് യുപിയിൽ എസ്ഐആർ നടപടികൾ പുരോഗമിക്കുന്നത്. പട്ടികയിലെ അപാകതകളിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ കമ്മീഷന് നിവേദനം നൽകിയതിന് പിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഈ വിശദീകരണം.
New Draft Electoral Roll Published in UP Amid Yogi Adityanath’s Allegation of 1.27 Crore Hindu Voters’ Deletion; CEO Clarifies No Caste or Religion Data Maintained













