
ന്യൂഡൽഹി: നിർമിതബുദ്ധിയുടെ (എഐ) വളർച്ച തൊഴിൽരംഗത്ത് മാറ്റങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ 60,000ത്തിലധികം ജീവനക്കാർക്ക് സ്വയം വിരമിക്കൽ അവസരം നൽകാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. ജീവനക്കാർക്ക് കരിയർ സംബന്ധിച്ച തീരുമാനങ്ങൾ സ്വതന്ത്രമായി എടുക്കാനും കമ്പനിക്കുള്ളിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുമാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ്, കാനഡ, ഇന്ത്യ, യുകെ എന്നീ രാജ്യങ്ങളിലെ യോഗ്യരായ ജീവനക്കാരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കമ്പനിയുടെ ആകെ ജീവനക്കാരിൽ ഏകദേശം 27 ശതമാനത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എഐയുടെ വളർച്ചയെത്തുടർന്ന് തൊഴിൽഘടനയിൽ മാറ്റങ്ങൾ വരുന്നതിനിടെയാണ് മൈക്രോസോഫ്റ്റിന്റെ നീക്കം. ‘ദ പ്രാഗ്മാറ്റിക് എൻജിനീയർ’ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് നാദെല്ല പദ്ധതിയുടെ ലക്ഷ്യം വിശദീകരിച്ചത്. വരുംവർഷങ്ങളിൽ ടീമുകളുടെ വലുപ്പത്തിലും പ്രവർത്തനരീതികളിലും മാറ്റമുണ്ടാകുമെന്നും തൊഴിൽ അവസരങ്ങളുടെ സ്വഭാവം മാറുമെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോസോഫ്റ്റിലെ രണ്ട് ലക്ഷത്തിലധികം ജീവനക്കാരുടെ പ്രവർത്തനഘടന കാലത്തിനനുസരിച്ച് പുനഃക്രമീകരിക്കേണ്ടിവരും. ജീവനക്കാർക്ക് കമ്പനിക്കുള്ളിലും പുറത്തും പ്രയോജനപ്പെടുന്ന പുതിയ കഴിവുകൾ നേടാനും കരിയറിൽ മുന്നേറാനും അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും കരിയറിൽ വളർച്ചയില്ലെന്ന് തോന്നുന്ന ജീവനക്കാർക്ക് പുതിയ സാധ്യതകൾ തേടാനുള്ള അവസരമാണ് സ്വയം വിരമിക്കൽ പദ്ധതി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിൽരംഗം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ പഴയ രീതികൾ അതേപടി തുടരുമെന്ന് ഉറപ്പുനൽകാനാവില്ല. കമ്പനിക്ക് പുറത്തൊരു കരിയർ ആലോചിക്കുന്ന ജീവനക്കാർക്ക് ആവശ്യമായ പിന്തുണയോടെ മാറാനുള്ള അവസരമാണ് പദ്ധതിയിലൂടെ നൽകുന്നതെന്ന് മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആമി കോൾമാനും നേരത്തെ വ്യക്തമാക്കിയിരുന്നു. എഐ അടിസ്ഥാനസൗകര്യ വികസനത്തിനായി ടെക് കമ്പനികൾ വൻതോതിൽ നിക്ഷേപം നടത്തുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന നടപടികളും വ്യാപകമാണ്. 2024 മുതൽ ആക്സെഞ്ചർ, ആമസോൺ, ഡെൽ, മൈക്രോസോഫ്റ്റ്, ഒറാക്കിൾ തുടങ്ങിയ കമ്പനികൾ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
‘Want to create new opportunities’: Microsoft CEO Satya Nadella explains voluntary buyouts to 60,000 employees













