
ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനുള്ള നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള കുലശേഖരപട്ടണത്ത് നിർമ്മാണത്തിലിരിക്കുന്ന 950 കോടി രൂപയുടെ ചെറുകിട ഉപഗ്രഹ വിക്ഷേപണ സമുച്ചയം ഒരു സ്വകാര്യ കമ്പനിക്ക് കൈമാറാൻ ഒരുങ്ങുകയാണ് കേന്ദ്രം.
ഈ സമുച്ചയത്തിൻ്റെ പ്രവർത്തനവും മാനേജ്‌മെൻ്റും ഏറ്റെടുക്കാൻ താല്പര്യമുള്ള യോഗ്യരായ ഇന്ത്യൻ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ‘ഇന്ത്യൻ നാഷണൽ സ്പെസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെൻ്റർ’ (IN-SPACe), ഇസ്രോ വഴി താത്പര്യപത്രം ക്ഷണിച്ചു. ‘ഇന്ത്യൻ സ്പേസ് പോളിസി-2023’-ൻ്റെ അടിസ്ഥാനത്തിലാണ് ഈ വിപ്ലവകരമായ നടപടി.
ചെറിയ വിക്ഷേപണ വാഹനങ്ങൾക്കായി മാത്രമായാണ് ഈ പുതിയ സ്‌പേസ്‌പോർട്ട് വികസിപ്പിക്കുന്നത്. ഇസ്രോയുടെ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ, പ്രമുഖ സ്വകാര്യ സ്റ്റാർട്ടപ്പുകളായ സ്കൈറൂട്ട് എയറോസ്‌പേസിൻ്റെ ‘വിക്രം-1’, അഗ്നികുൽ കോസ്‌മോസിൻ്റെ ‘അഗ്നിബാൻ’ തുടങ്ങിയ റോക്കറ്റുകൾ ഇവിടെ നിന്നാകും വിക്ഷേപിക്കുക. റോക്കറ്റുകളുടെ രണ്ടും മൂന്നും ഘട്ടങ്ങൾ തയ്യാറാക്കുന്നതിനുള്ള അപ്പർ സ്റ്റേജ് അസംബ്ലി സൗകര്യങ്ങളും, ലോഞ്ച് സർവീസ് ബിൽഡിംഗും ഈ സമുച്ചയത്തിൽ ഇസ്രോ സജ്ജമാക്കുന്നുണ്ട്. പുതിയ കരാർ പ്രകാരം ഈ സംവിധാനങ്ങളെല്ലാം തിരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ ഓപ്പറേറ്റർക്ക് ഇസ്രോ കൈമാറും.
നിലവിൽ ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണങ്ങൾക്ക് ശ്രീലങ്കയ്ക്ക് മുകളിലൂടെ പറക്കുന്നത് ഒഴിവാക്കാൻ ഇന്ധനം കൂടുതൽ ആവശ്യമുള്ള “ഡോഗ്‌ലെഗ് മാനുവർ” (വളഞ്ഞുപോകുന്ന രീതി) ആവശ്യമാണ്. എന്നാൽ കുലശേഖരപട്ടണം സ്‌പേസ്‌പോർട്ടിൽ നിന്ന് നേരിട്ട് തെക്കോട്ട് വിക്ഷേപണം സാധ്യമാകും. ഇത് ഇന്ധന ഉപഭോഗം ഗണ്യമായി കുറയ്ക്കുകയും റോക്കറ്റുകളുടെ ഭാരവഹന ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനിക്ക് സുഗമമായ നടത്തിപ്പിനായി സാങ്കേതിക മാർഗ്ഗനിർദ്ദേശവും പ്രവർത്തന പിന്തുണയും പരിശീലനവും ഇസ്രോ നൽകും. സ്വകാര്യ കമ്പനി വിജയകരമായി മൂന്ന് വിക്ഷേപണങ്ങൾ പൂർത്തിയാക്കുന്നത് വരെയോ അല്ലെങ്കിൽ ഒരു വർഷം വരെയോ ഈ പിന്തുണ തുടരും. എന്നിരുന്നാലും കടുത്ത യോഗ്യതാ മാനദണ്ഡങ്ങളാണ് അപേക്ഷകർക്ക് നിഷ്കർഷിച്ചിട്ടുള്ളത്. പൂർണ്ണമായും ഇന്ത്യൻ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള സർക്കാർ ഇതര സ്ഥാപനമായിരിക്കണം.
കഴിഞ്ഞ 7 വർഷത്തിനിടയിൽ വലിയ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിൽ നിന്ന് കുറഞ്ഞത് 3,500 കോടി രൂപയുടെ വരുമാനമോ പേയ്‌മെന്റുകളോ ലഭിച്ചിട്ടുണ്ടാകണം. കഴിഞ്ഞ 5 വർഷത്തിൽ ഏതെങ്കിലും 3 വർഷങ്ങളിൽ ശരാശരി വാർഷിക വിറ്റുവരവ് 2,000 കോടി രൂപയിൽ കൂടുതലായിരിക്കണം. കൂടാതെ കുറഞ്ഞത് 1,000 കോടി രൂപയുടെ നെറ്റ് വർത്ത് ഉണ്ടായിരിക്കണം.
താത്പര്യമുള്ള കമ്പനികൾക്ക് ‘ഭാരത്കോഷ്’ പോർട്ടൽ വഴി 50,000 രൂപ നൽകി രജിസ്റ്റർ ചെയ്യാം. ഓഗസ്റ്റ് 24 ആണ് പ്രീ-ഇ.ഓ.ഐ കോൺഫറൻസിനായുള്ള രജിസ്ട്രേഷൻ അവസാന തീയതി. സെപ്റ്റംബർ 10-ന് കുലശേഖരപട്ടണം ലോഞ്ച് കോംപ്ലക്സ് സന്ദർശിക്കാനും, സെപ്റ്റംബർ 15-ന് അഹമ്മദാബാദിൽ പ്രീ-ഇ.ഓ.ഐ യോഗത്തിൽ പങ്കെടുക്കാനും കമ്പനികൾക്ക് അവസരമുണ്ട്. ഈ നീക്കത്തിലൂടെ സ്വകാര്യ റോക്കറ്റ് നിർമ്മാതാക്കൾക്ക് മികച്ച വിക്ഷേപണ സൗകര്യങ്ങൾ ലഭ്യമാകും. ഇതോടെ ഇസ്രോയ്ക്ക് തങ്ങളുടെ പ്രധാന ദൗത്യങ്ങളിലും വിപുലമായ ശാസ്ത്രീയ ബഹിരാകാശ പരിപാടികളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.
New history in Indian space sector; Kulasekarapatnam Spaceport worth Rs 950 crore to be taken up for private partnership















