ചർച്ചകളിൽ നിന്ന് രാഹുൽ ഒളിച്ചോടുന്നു; പാർലമെൻ്റിൽ രാഹുലിനെതിരെ പ്രത്യാക്രമണവുമായി എൻ.ഡി.എ എം.പിമാർ, ‘രാഹുൽ ഭാഗോ മത്’ മാർച്ച്

ന്യൂഡൽഹി: പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം ഭരണ – പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും വേദിയാകുന്നു. പ്രതിപക്ഷ പാർട്ടികളുടെ തുടർച്ചയായ പ്രതിഷേധങ്ങൾക്ക് മറുപടിയായി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ‘രാഹുൽ, ഭാഗോ മത്’ (രാഹുൽ ഗാന്ധിയേ, ഓടിയൊളിക്കരുത്) എന്ന മുദ്രാവാക്യവുമായി ഭരണകക്ഷിയായ എൻ.ഡി.എ എം.പിമാർ പാർലമെന്റിൽ പ്രത്യാക്രമണ മാർച്ച് നടത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻ്റിൽ നൽകാനിരിക്കുന്ന മറുപടി ചർച്ചയിൽ നിന്ന് രാഹുൽ ഗാന്ധിയും പ്രതിപക്ഷവും ബോധപൂർവ്വം ഓടിയൊളിക്കുകയാണെന്ന് ആരോപിച്ചായിരുന്നു എൻ.ഡി.എ എം.പിമാരുടെ ഈ നീക്കം. കഴിഞ്ഞ ജൂലൈ 20-ന് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ‘ചലോ സൻസദ്’ മാർച്ചോടെയാണ് പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം ആരംഭിച്ചത്. സെൻട്രൽ ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലത്തിച്ചാർജ്ജ്, കണ്ണീർവാതകം, പെല്ലറ്റ് ഗണ്ണുകൾ എന്നിവ ഉപയോഗിച്ചതിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 21 മുതൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിലാണ്.

പിന്നീട് ഈ പ്രതിഷേധം നീറ്റ് പരീക്ഷാ ചോർച്ച, അയോധ്യയിലെ രാമക്ഷേത്ര നിർമാണ ഫണ്ട് തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പാർലമെൻ്റിൻ്റെ മകരദ്വാറിന് മുന്നിൽ സംഭാവനപ്പെട്ടി വെച്ച്, ഫണ്ട് തട്ടിപ്പിനെ പരിഹസിച്ചുകൊണ്ട് പ്രതിപക്ഷ എം.പിമാർ ഒരു പ്രതീകാത്മക നാടകവും പാർലമെന്റ് പരിസരത്ത് അവതരിപ്പിച്ചിരുന്നു. സഭയിൽ മുദ്രാവാക്യം വിളികളും പ്രതിഷേധങ്ങളും കാരണം ഭൂരിഭാഗം ദിവസങ്ങളിലും സഭാ നടപടികൾ വേഗത്തിൽ തടസ്സപ്പെടുകയും സഭ പിരിയുകയുമായിരുന്നു.എൻ.ഡി.എയുടെ പ്രത്യാക്രമണംചർച്ചകൾക്ക് അമിത് ഷാ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചിട്ടും പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നത് തുടരുകയാണെന്ന് എൻ.ഡി.എ ആരോപിക്കുന്നു.

ചൊവ്വാഴ്ച പാർലമെൻ്റിലെ മകരദ്വാറിലേക്ക് പ്ലക്കാർഡുകളേന്തി മാർച്ച് ചെയ്ത എൻ.ഡി.എ എം.പിമാർ, പ്രതിപക്ഷം ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ആരോപിച്ചു. ഇതോടൊപ്പം, ജാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാരിൻ്റെ കീഴിൽ വിദ്യാർത്ഥി പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളെ ചൂണ്ടിക്കാണിച്ച് ബി.ജെ.പി നേതാക്കൾ രാഹുൽ ഗാന്ധിക്കെതിരെ തിരിഞ്ഞു. കോൺഗ്രസ് സഖ്യകക്ഷിയായ ജാർഖണ്ഡിലെ ലത്തിച്ചാർജ്ജിൽ രാഹുൽ ഗാന്ധി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ചോദ്യം ചെയ്തു.”അമിത് ഷാ മറുപടി പറയുക” എന്ന പ്രതിപക്ഷത്തിൻ്റെ ബാനറുകൾക്ക് ബദലായി “രാഹുൽ ഗാന്ധി ഓടിയൊളിക്കരുത്” എന്ന ഭരണപക്ഷത്തിൻ്റെ പ്ലക്കാർഡുകൾ കൂടി ഉയർന്നതോടെ, പാർലമെൻ്റിൻ്റെ ഇരുസഭകളും വരും ദിവസങ്ങളിലും കടുത്ത രാഷ്ട്രീയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

More Stories from this section

family-dental
witywide