ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ ‘ജിഹാദികൾ’; മുസ്ലിം വിരുദ്ധ പരാമർശവുമായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ കടുത്ത മുസ്ലിം വിരുദ്ധ പരാമർശങ്ങളുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളെ “ജിഹാദികൾ” എന്ന് വിശേഷിപ്പിച്ച ട്രംപ്, രാജ്യത്തുടനീളം കമ്മ്യൂണിസവും ജിഹാദിസവുമാണ് തിരഞ്ഞെടുക്കപ്പെടുന്നതെന്നും ആരോപിച്ചു. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻ്റെ വിവാദ പരാമർശം. തൻ്റെ ഒരു സുഹൃത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ‘ജിഹാദികൾ’ എന്ന വാക്ക് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥികളുടെ തീവ്രവാദപരമായ നിലപാടുകൾ അമേരിക്കൻ ജനത ആഗ്രഹിക്കുന്ന രീതിയല്ലെന്ന് ട്രംപ് വ്യക്തമാക്കി. സുപ്രീം കോടതിയോടും സെനറ്റിനോടുമുള്ള ഡെമോക്രാറ്റുകളുടെ എതിർപ്പുകളെ വിഡ്ഢിത്തമെന്ന് വിളിച്ച അദ്ദേഹം, ഇവർ പരാജയപ്പെട്ട മറ്റ് രാജ്യങ്ങളിൽ നിന്ന് വന്ന് അമേരിക്കയെ എങ്ങനെ ഭരിക്കണമെന്ന് പഠിപ്പിക്കുകയാണെന്നും പരിഹസിച്ചു.

ഒരു പ്രത്യേക രാജ്യത്തെയും അധിക്ഷേപിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് ട്രംപ് സൊമാലിയയെ ഉദാഹരണമായി എടുത്തുപറഞ്ഞത്. “അവർക്ക് ബുദ്ധിയോ അഭിരുചിയോ ഇല്ല, അവർക്ക് ഒന്നും ചെയ്യാനുമില്ല. എന്നിട്ടാണ് നമ്മുടെ രാജ്യം ഭരിക്കാൻ വരുന്നത്,” ട്രംപ് പറഞ്ഞു. കഴിഞ്ഞ വർഷം സൊമാലിയൻ കുടിയേറ്റക്കാരെ “മാലിന്യം” എന്ന് വിളിച്ച് ട്രംപ് അധിക്ഷേപിച്ചിരുന്നു.

മിഷിഗണിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർത്ഥി അബ്ദുൾ എൽ-സയീദിനെ ലക്ഷ്യമിട്ട് ട്രൂത്ത് സോഷ്യലിൽ ട്രംപ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. തട്ടമിട്ട സ്ത്രീകൾക്ക് മുന്നിൽ എൽ-സയീദ് നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട്, “അവർ നിങ്ങളുടെ വീടും സാധനങ്ങളും തേടിയാണ് വരുന്നത്” എന്ന് ട്രംപ് കുറിച്ചു. താനും പ്രഥമ വനിത മെലാനിയയും ഉൾപ്പെടുന്ന ചിത്രവും, എൽ-സയീദും ഭാര്യയും നിൽക്കുന്ന ചിത്രവും ഒരുമിച്ച് ചേർത്തുകൊണ്ട് “രണ്ട് തികച്ചും വ്യത്യസ്തമായ അമേരിക്കകൾ” എന്നും ട്രംപ് വിശേഷിപ്പിച്ചു.

കഴിഞ്ഞ ആഴ്ച നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ശക്തയായ ഹേലി സ്റ്റീവൻസിനെ പരാജയപ്പെടുത്തിയാണ് എൽ-സയീദ് ഡെമോക്രാറ്റിക് നാമനിർദ്ദേശം നേടിയത്. ട്രംപിൻ്റെ സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്ക് സിഎൻഎൻ ചാനലിലൂടെ എൽ-സയീദ് ശക്തമായ മറുപടി നൽകി. ജനങ്ങളെ ചൂഷണം ചെയ്ത് കോടിക്കണക്കിന് ഡോളർ സമ്പാദിക്കാൻ വേണ്ടി മാത്രം ഒന്നിക്കുന്ന, പരസ്പരം ഇഷ്ടപ്പെടാത്ത ആളുകളെയാണ് ട്രംപിൻ്റെ ചിത്രം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ താനും ഭാര്യയും ഉൾപ്പെടുന്ന ചിത്രം പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കുന്ന രണ്ട് മനുഷ്യരുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന് പിന്നാലെ മറ്റ് റിപ്പബ്ലിക്കൻ നേതാക്കളും മുസ്ലിം വിരുദ്ധത ശക്തമാക്കിയിട്ടുണ്ട്. അബ്ദുൾ എൽ-സയീദ് ഒരു തീവ്ര ഇസ്ലാമിസ്റ്റും ഭീകരവാദിയുമാണെന്ന് അലബാമ സെനറ്റർ ടോമി ട്യൂബർവില്ലെ ആരോപിച്ചു. അമേരിക്കയിൽ പൊതുപദവികൾ വഹിക്കുന്ന ഓരോ മുസ്ലിമും രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയായ ‘ട്രോജൻ കുതിര’കളാണെന്ന് സൗത്ത് കരോലിന പ്രതിനിധി നാൻസി മേസും സോഷ്യൽ മീഡിയയിലൂടെ പ്രസ്താവിച്ചു.

Donald Trump calls Democratic candidates ‘jihadists’; makes anti-Muslim remarks

More Stories from this section

family-dental
witywide