

ഷിക്കാഗോ: ക്നാനായ സമുദായം മനസ്സിൽ എന്ത് ആഗ്രഹിക്കുന്നോ ആ സ്വപ്നങ്ങൾ എല്ലാം നേടിയെടുക്കാൻ സിറോ മലബാർ സഭ ശക്തമായി കൂടെ നിൽക്കുമെന്ന് സിറോ മലബാർ സഭ മേലധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. യുഎസിൽ ക്നാനായ വിശ്വാസികൾക്ക് ഒരു രൂപത വേണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ തീരുമാനം സിനഡിൽ ഏകകണ്ഠമായി എടുക്കാനുള്ള ഒരു കാലാവസ്ഥ സൃഷ്ടിക്കാൻ പരിശ്രമിക്കുമെന്ന് തട്ടിൽ പിതാവ് ഉറപ്പു നൽകി. ഷിക്കാഗോയിലെ രണ്ടാമത്തെ ക്നാനായ ഇടവകയും പ്രവാസി ക്നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ.

ക്നാനായ സമുദായത്തിൻ്റെ കൂട്ടായ്മയുടെ ഊഷ്മളതയും ഒത്തൊരുമയും അതിശയകരമാണ്. സഭയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നിലവറയാണ് ക്നാനായ സമൂഹം-മാർ റാഫേൽ തട്ടിൽ പറഞ്ഞു

സിറോ മലബാർ സഭയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുകയും സഭയുടെ പ്രതിസന്ധി കാലങ്ങളിൽ കൈവിടാതെ കൂടെ നിൽക്കുകയും സഹായിക്കുകയും ചെയ്തവരാണ് ക്നാനായ സമൂഹം. അതിനാൽ ആ സമൂഹത്തിന്റെ വളർച്ചക്കും കെട്ടുറപ്പിനും ആവശ്യമുള്ളതെല്ലാം ലഭിക്കാൻ സിറോ മലബാർ സഭ കൂടെ നിൽക്കുമെന്ന് ഉറപ്പു നൽകുന്നതായി തട്ടിൽ പിതാവ് പറഞ്ഞു.

ദൈവത്തിൻ്റെ പദ്ധതിക്ക് സ്വയം വിട്ടുകൊടുക്കുന്നവരുടെ പദ്ധതികൾ ദൈവം ആഗ്രഹിക്കുന്ന സമയത്ത് ഉചിതമായ രീതിയിൽ പൂർത്തീകരിക്കപ്പെടും എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഷിക്കാഗോയിലെ ക്നാനായ സമൂഹത്തിന്റെ വളർച്ച എന്ന് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് കുർബാനക്കിടെയുള്ള പ്രസംഗത്തിൽ പറഞ്ഞു. നമ്മുടെ ആധ്യാത്മിക വളർച്ചക്ക് സഹായിക്കുന്ന സഭാ സംവിധാനങ്ങളോട് പൂർണമായും ചേർന്നു നിന്നുകൊണ്ട് സഭയുടെ വളർച്ചയ്ക്ക് പങ്കുകാരകുമ്പോൾ പരിശുദ്ധാത്മാവ് ശരിയായ രീതിയിൽ വഴി നടത്തുമെന്നും പിതാവ് പറഞ്ഞു. കഴിഞ്ഞ 15 വർഷം സെൻ്റ് മേരീസ് പള്ളിക്കു ദൈവം നൽകിയ അനുഗ്രഹങ്ങളെ നന്ദിയോടെ ഓർമിക്കുകയും കൂടുതൽ അനുഗ്രഹങ്ങൾക്കായി പ്രാർഥിക്കുകയും ചെയ്യാമെന്നും പിതാവ് ആഹ്വാനം ചെയ്തു.
വിശുദ്ധ കുർബാനയുടെ ആരംഭത്തിൽ ക്നാനായ കാത്തലിക് റീജൻ ഡയറക്ടറും വികാരി ജനറലുമായ മോൺ. തോമസ് മുളവനാൽ ഏവർക്കും സ്വാഗതം ആശംസിച്ചു. സിറോ മലബാർ സഭ , പ്രത്യേകിച്ച് പിതാക്കന്മാരായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവർ ക്നാനായ സമുദായത്തിന് ചെയ്തുതന്ന എല്ലാ സേവനങ്ങളേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അഭിവന്ദ്യ മൂലക്കാട്ട് പിതാവ് ഈ സമുദായത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്നും ഈ സമുദായത്തിനു വേണ്ടി എത്രമാത്രം ത്യാഗം സഹിക്കുന്നു എന്നും മുളവനാൽ അച്ചൻ അനുസ്മരിച്ചു.

ഷിക്കാഗോ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ഷിക്കാഗോ സിറോ മലബാർ രൂപത പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


ബിഷപ്പുമാരായ മാർ ആലപ്പാട്ടും മാർ അങ്ങാടിയത്തും സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ 15 ാം വാർഷികത്തിൽ ആശംസകൾ അർപ്പിച്ചു. സെൻ്റ് മേരീസ് പള്ളിയുടെ സ്ഥാപനത്തിനും വളർച്ചക്കും കൂടെ നിന്ന എല്ലാ വിശ്വാസികളേയും നന്ദിയോടെ സ്മരിക്കുകയും സഭ വിശ്വാസത്തിൽ ഇനിയും വളരേണ്ടതിന്റെ പ്രധാന്യം ഇരുവരും വ്യക്തമാക്കുകയും ചെയ്തു.
ക്നാനായ സമൂഹത്തിന് പുതിയ രൂപത എന്ന ആവശ്യം ദൈവം നിശ്ചയിച്ചിരിക്കുന്ന സമയത്തു തന്നെ നടപ്പാകുമെന്ന് മാർ അങ്ങാടിയത്ത് പിതാവ് പറഞ്ഞു. അമേരിക്കയിലെ സിറോ മലബാർ സഭയുടെ കീഴിലെ മൂന്നിലൊന്ന് ക്നാനായ സമൂഹമാണെന്നും അതിനാൽ ആ സമൂഹത്തിന്റെ ശക്തി വളരെ വലുതാണെന്നും മാർ ആലപ്പാട്ട് പറഞ്ഞു.

ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത് നടത്തിയ ആശംസ പ്രസംഗത്തിൽ സെൻ്റ് മേരീസ് ഇടവകയുടെ രൂപീകരണത്തിനു പിന്നിലെ ത്യാഗവും കഷ്ടപ്പാടും വേദനയും അണിയറയിൽ പ്രവർത്തിച്ചവരുടെ സമർപ്പണവും അനുസ്മരിക്കുകയുണ്ടായി. ബൈബിളിൽ പറഞ്ഞിരിക്കുന്നപോലെ ഒരു ഗർഭിണി തൻ്റെ പ്രസവവേദന ആരംഭിക്കുമ്പോൾ ദുഖിക്കുന്നു, എന്നാൽ കുഞ്ഞു പിറന്നു കഴിയുമ്പോൾ ഒരു മനുഷ്യൻ ഈ ലോകത്ത് ജനിച്ചതോർത്ത് അവൾ സന്തോഷിക്കുന്നു. അതുപോലെയായിരുന്നു തൻ്റെ അവസ്ഥയുമെന്ന് ഫാ. മുത്തോലത്ത് പറഞ്ഞു. വളരെയേറെ ബുദ്ധിമുട്ടുകളും വേദനയും സഹിച്ചാണ് ഷിക്കാഗോയിലെ രണ്ട് ക്നാനായ ഇടവകകൾക്ക് അദ്ദേഹം രൂപം നൽകിയത്. എന്നാൽ അതിൽ അദ്ദേഹം ഏറെ സന്തോഷിക്കുന്നു.

പിതാക്കന്മാരായ മാർ മാത്യു മൂലക്കാട്ട്, മാർ ആലഞ്ചേരി, മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് അച്ചൻ നന്ദി പറഞ്ഞു. ദേവാലയം പണിയാനുള്ള പണം സമാഹരിക്കാൻ മുന്നിട്ടിറങ്ങിയ ഫണ്ട് റെയ്സിംഗ് കമ്മിറ്റിയിലെ ജോസഫ് (തമ്പി) വിരുതുകുളങ്ങര, സ്റ്റീഫൻ കിഴക്കേക്കുറ്റ്, പോൾസൺ കുളങ്ങര എന്നിവരെ അദ്ദേഹം നന്ദിപൂർവം ഓർത്തു. ട്രസ്റ്റി കോർഡിനേറ്റർ ബിജു കിഴക്കേക്കുറ്റ്, ട്രസ്റ്റിമാരായിരുന്ന പീറ്റർ കുളങ്ങര, സാബു തറത്തട്ടേൽ, സെക്രട്ടറി സാജു കണ്ണമ്പള്ളി, ജോയ്സ് മറ്റത്തിക്കുന്നേൽ, റോയി നെടുംചിറ എന്നിവരുടെ സേവനത്തെയും ഫാ. മുത്തോലത്ത് സ്നേഹപൂർവം ഓർമിപ്പിച്ചു.

പള്ളി വാങ്ങാൻ വലിയ തുക വായ്പയായി ലഭിക്കാൻ ഗ്യാരന്റർമാരായത് ജയ്ബു കുളങ്ങര, ഫ്രാൻസിസ് കിഴക്കേക്കൂറ്റ്, ഷാജി എടാട്ട്, ജോസ് ഐക്കരപ്പറമ്പിൽ എന്നിവരായിരുന്നു. അവരുടെ നന്മയും സൻമനസ്സുമാണ് പള്ളിവാങ്ങാൻ കാരണമായത് എന്ന് മുത്തോലത്ത് അച്ചൻ അനുസ്മരിച്ചു.
ഇടവകക്കാരെ ഒരുമിച്ചു കൂട്ടാനും കുട്ടികളെ വേദപാഠം പഠിപ്പിക്കാനും പരിശ്രമിച്ച സജി പുതൃക്കയിൽ, സാലി കിഴക്കേക്കുറ്റ്, മനീഷ് തൈമൂലയിൽ എന്നിവരെയും മുത്തോലത്ത് അച്ചൻ അനുസ്മരിച്ചു. അമേരിക്കയിലെ ക്നാനായ സമൂഹത്തിനു വേണ്ടി ഒരു രൂപത എന്ന സ്വപ്നം ബാക്കിനിൽക്കുകയാണെന്നും സഭാധികാരികൾ അത് അനുഭാവപൂർവം പരിഗണിക്കണമെന്നും അച്ചൻ ഓർമിപ്പിച്ചു.

ഇടവക വികാരി ഫാ. സിജു മുടക്കോടിൽ സ്വാഗതം പറഞ്ഞു.

ആഘോഷങ്ങളുടെ ഭാഗമായി ഇടവകയ്ക്ക് പതിനഞ്ച് വർഷങ്ങളായി നേതൃത്വം നൽകിയ വൈദീകരെയും, സന്ന്യസ്തരെയും, അല്മായരെയും ഈ വർഷം ഗ്രാജുവേറ്റ് ചെയ്ത യുവതീ യുവാക്കളെയും ആദരിച്ചു. ആഘോഷ കമ്മറ്റി ചെയർമാൻ ബിനു കൈതക്കത്തൊട്ടിയിൽ, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. കൈക്കാരൻ സാബു കട്ടപ്പുറം നന്ദി അറിയിച്ചു. സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

മെയ് 29 വ്യാഴാഴ്ച്ച വൈകിട്ട് 6 മണിക്ക് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്,ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ഷിക്കാഗോ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം എത്തിയ റാഫേൽ പിതാവിന് താളമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ സ്വീകരണം ഒരുക്കിയത്.

തുടർന്ന് ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ആഘോഷമായ പൊന്തിഫിക്കൽ കുർബ്ബാനനടന്നു. അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. മാർ മാത്യു മൂലക്കാട്ട്, മാർ ജോയി ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം ക്നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത്, വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഫാ. ഫ്രാൻസിസ് ഇലവുത്തുങ്കൽ എന്നിവർ സഹകാർമ്മികരായിരിന്നു.


Mar Raphael Thattil announces support for Knanaya community to have its own diocese in the US