
സിജോയ് പറപ്പള്ളിൽ
കാക്കനാട്: അന്തർദേശീയ കത്തോലിക്ക അൽമായ സംഘടനയായ ചെറുപുഷ്‌പ മിഷൻ ലീഗ് (CML) സ്ഥാപകൻ “മിഷൻ ലീഗ് കുഞ്ഞേട്ടൻ” എന്ന പേരിൽ അറിയപ്പെടുന്ന പി. സി. അബ്രഹം പല്ലാട്ടുകുന്നേലിന്റെ 100ാം ജന്മവാർഷിക ആചരണം അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കുന്നു. മാർച്ച് 22 ശനിയാഴ്ച്ച ഇന്ത്യൻ സമയം രാത്രി 8:30ന് കൂടുന്ന ഓൺലൈൻ സമ്മേളനത്തിൽ വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളും പങ്കുചേരും.
കർദിനാൾ മാർ ജോര്‍ജ് അലഞ്ചേരി പരിപാടികൾ ഉദ്ഘാടനം ചെയ്യും. മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരൻ അധ്യക്ഷത വഹിക്കും. സിറോ മലബാർ സഭയുടെ ദൈവവിളി കമ്മീഷൻ ചെയർമാനും ചെറുപുഷ്‌പ മിഷൻ ലീഗിന്റെ സഹ രക്ഷാധികാരിയുമായ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത് മുഖ്യപ്രഭാഷണം നടത്തും.

ദൈവവിളി കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ, ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, ഇന്ത്യൻ നാഷണൽ ഡയറക്ടർ ഫാ. ജോസഫ് മറ്റം, ഇന്ത്യൻ നാഷണൽ പ്രസിഡന്റ് സുജി പുല്ലുകാട്ട്, അമേരിക്കൻ നാഷണൽ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, യു. കെ നാഷണൽ പ്രസിഡന്റ് ജെൻതിൻ ജെയിംസ്, അയർലണ്ട് നാഷണൽ പ്രസിഡന്റ് ജിൻസി ജോസഫ്, കേരളാ സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ, കേരളാ സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മൂതുപ്ലാക്കൽ എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തും.
1925 മാർച്ച് 19-ന് കേരളത്തിലെ ഭരണങ്ങാനത്തിന് സമീപം ചെമ്മലമറ്റം എന്ന ഗ്രാമത്തിലാണ് കുഞ്ഞേട്ടൻ ജനിച്ചു. വിശുദ്ധ അൽഫോസാമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സഭയുടെ പ്രേഷിത പ്രവത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1947-ൽ ചെറുപുഷ്പ മിഷൻ ലീഗ് (CML) സ്ഥാപിച്ചു. ഏഴ് അംഗങ്ങളുമായി പ്രവർത്തനം ആരംഭിച്ച ഈ സംഘടന പിന്നീട് കേരളത്തിൽ ഉടനീളവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും വളർന്നു പന്തലിച്ചു. വർഷങ്ങൾക്കു ശേഷം ഇന്ത്യയുടെ വെളിയിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച മിഷൻ ലീഗ്, ഇന്ന് അമേരിക്ക, കാനഡ, യു.കെ, അയർലണ്ട്, ഇറ്റലി, ജർമ്മനി, ഓസ്ട്രേലിയ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു
ഇന്ത്യയിലും വിദേശത്തും മിഷണറിമാരായി പ്രവർത്തിക്കാൻ പതിനായിരക്കണക്കിന് യുവാക്കളെ പ്രചോദിപ്പിച്ച വ്യക്തിയാണ് കുഞ്ഞേട്ടൻ. സഭാ അദ്ദേഹത്തെ വിവിധ പുരസ്‌കാരങ്ങൾ നൽകി ആദരിക്കുകയുണ്ടായി. 2008 ഓഗസ്റ്റ് 11-ന് അദ്ദേഹം അന്തരിച്ചു.
Mission League Kunjettan’s birth centenary commemoration: International online conference on March 22