മസ്‌ക് പൊളിയാണെന്ന് ട്രംപ്; DOGE പടിയിറക്കത്തിനു ശേഷം പുകഴ്ത്തല്‍, ഇരുവരുമൊന്നിച്ച് ഇന്ന് വാര്‍ത്താ സമ്മേളനം

വാഷിംഗ്ടണ്‍: യുഎസ് ഭരണകൂടത്തിലെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് (DOGE) മേധാവി സ്ഥാനത്ത് നിന്ന് കോടീശ്വരന്‍ എലോണ്‍ മസ്‌ക് പടിയിറങ്ങിയതിനെ തുടര്‍ന്ന് പ്രശംസയുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. മസ്‌ക് ഒരു ‘ഭയങ്കരന്‍’ ആണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഡോജില്‍ നിന്നും പോയാലും മസ്‌ക്’എപ്പോഴും ഞങ്ങളോടൊപ്പമുണ്ടാകും’ എന്നുകൂടി പറഞ്ഞു. ഇരുവരുമൊന്നിച്ച് ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുമെന്നും പ്രാദേശിക സമയം ഇന്നലെ രാത്രി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

‘നാളെ ഉച്ചയ്ക്ക് 1:30 EST (ഇന്ത്യന്‍ സമയം രാത്രി 11:00) ന് എലോണ്‍ മസ്‌കിനൊപ്പം ഓവല്‍ ഓഫീസില്‍ ഒരു പത്രസമ്മേളനം നടത്തുന്നു. ഇവിടെ അദ്ദേഹത്തിന്റെ അവസാന ദിവസമായിരിക്കും, പക്ഷേ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല, കാരണം അദ്ദേഹം എപ്പോഴും നമ്മോടൊപ്പമുണ്ടാകും, എല്ലാവിധത്തിലും സഹായിക്കും. എലോണ്‍ അതിശയകരമാണ്! നാളെ വൈറ്റ് ഹൗസില്‍ കാണാം,’ ട്രംപ് കുറിച്ചു.

തീരുവ നയങ്ങളുടെ പേരില്‍ ട്രംപും മസ്‌കും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന് രാജ്യാന്തര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയായിരുന്നു ഡോജില്‍ നിന്നും രാജിവയ്ക്കുന്നതായി മസ്‌ക് പ്രഖ്യാപിച്ചത്.