
ഇശ്ലാമാബാദ്: വെള്ളപ്പൊക്ക ദുരിതത്തില്‍ വലഞ്ഞ് പാക്കിസ്ഥാനിലെ കിഴക്കന്‍ പഞ്ചാബ് പ്രവിശ്യ. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഏകദേശം രണ്ട് ദശലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്.
നദികളിലെ ജനനിരപ്പ് എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. പ്രദേശത്തെ പ്രധാന നദികളായ സട്ട്ലെറ്റ്, ചെനാബ്, രവി എന്നിവ ദിവസങ്ങളായി കരകവിഞ്ഞൊഴുകുകയാണ്. പാക് പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി മറിയം ഔറംഗസേബ് അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും സാധ്യതയുള്ള രാജ്യങ്ങളിലൊന്നായ പാകിസ്ഥാനില്‍ ഈ വര്‍ഷം ആഗോളതാപനം മണ്‍സൂണ്‍ മഴയെ കൂടുതല്‍ വഷളാക്കി. കഴിഞ്ഞ മാസങ്ങളില്‍ വടക്ക്, വടക്ക് പടിഞ്ഞാറന്‍ പര്‍വതപ്രദേശങ്ങളില്‍ പെയ്യുന്ന മഴയും മേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂലൈ 1 നും ഓഗസ്റ്റ് 27 നും ഇടയില്‍ പഞ്ചാബില്‍ 26.5% കൂടുതല്‍ മണ്‍സൂണ്‍ മഴ ലഭിച്ചതായി പാകിസ്ഥാന്റെ ദേശീയ കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. പഞ്ചാബ്, രാജ്യത്തിന്റെ കാര്‍ഷിക മേഖലയുടെ ഒരു പ്രധാന കേന്ദ്രമാണ്. മാത്രവുമല്ല, പാകിസ്ഥാന്റെ പ്രധാന ഗോതമ്പ് ഉല്‍പ്പാദക പ്രദേശവുമാണ്. അതിനാല്‍ത്തന്നെ പഞ്ചാബ് പ്രവിശ്യയെ ബാധിച്ച ദുരന്തം രാജ്യത്തെയാകെ പിടിച്ചുലയ്ക്കും.















