ട്രംപിന്‍റെ കൊച്ചുമകളെ വിവാഹം കഴിക്കാൻ ആഗ്രഹം; മാർ-എ-ലാഗോയിൽ മതിൽ ചാടിക്കടന്നയാൾ അറസ്റ്റിൽ

വാഷിംഗ്ടണ്‍: മാർ-എ-ലാഗോയുടെ മതിൽ ചാടിക്കടന്ന 23 വയസുകാരനായ ടെക്സസ് സ്വദേശി അറസ്റ്റിൽ. പ്രസിഡന്‍റിനോട് സുവിശേഷം പ്രചരിപ്പിക്കാനും കായിയെ വിവാഹം കഴിക്കാനും താൻ ആഗ്രഹിച്ചിരുന്നതായി ഇയാൾ സീക്രട്ട് സർവീസ് ഏജന്റുമാരോട് പറഞ്ഞതായി പാം ബീച്ച് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ആന്‍റണി തോമസ് റെയെസ് എന്നയാളെയാണ് യുഎസ് സീക്രട്ട് സർവീസ് ഏജന്‍റുമാർ പിടികൂടിയത്. പാം ബീച്ച് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ അറസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ഇത് ഇയാളുടെ ആദ്യത്തെ അതിക്രമമായിരുന്നില്ല. 2024 ഡിസംബറിലും റെയെസിനെ ഇവിടെ അതിക്രമിച്ചു കടന്നതിന് പിടികൂടിയിരുന്നു. “സുവിശേഷം പ്രചരിപ്പിക്കാനും കായിയെ വിവാഹം കഴിക്കാനും വേണ്ടിയാണ് ഞാൻ മതിൽ ചാടിയത്,” അറസ്റ്റിന് ശേഷം റെയെസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ട്രംപിന്റെ ചെറുമകളായ, ഡോണൾഡ് ട്രംപ് ജൂനിയറിന്‍റെയും വനേസ ട്രംപിന്റെയും മകളായ 18 വയസ്സുകാരി കായി മാഡിസൺ ട്രംപിനെ വിവാഹം കഴിക്കുന്നതിനും മതത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും ഡോണൾഡ് ട്രംപിനെ സമീപിക്കാൻ തനിക്ക് കഴിയുമെന്ന് റെയെസ് വിശ്വസിച്ചിരുന്നതായി കോടതി രേഖകളിൽ പറയുന്നു. സംഭവം നടക്കുമ്പോൾ ട്രംപ് വാഷിംഗ്ടൺ ഡിസിയിലായിരുന്നു. ചൊവ്വാഴ്ച നടന്ന ആദ്യ കോടതി നടപടികളിൽ ജഡ്ജി ഡാലിയ വെയിസ് മുമ്പാകെ റെയെസ് കുറ്റം നിഷേധിച്ചു. 50,000 ഡോളറിന്‍റെ ബോണ്ടിൽ പാം ബീച്ച് കൗണ്ടി ജയിലിൽ ഇയാൾ തുടരുകയാണ്.