ട്രംപ് നയത്തെ പിന്തുണച്ച് യുഎസ് സുപ്രീം കോടതി; ട്രാന്‍സ് അമേരിക്കക്കാരുടെ പാസ്പോര്‍ട്ടിന്റെ കാര്യത്തില്‍ ‘തീരുമാനമായി’

വാഷിംഗ്ടണ്‍ : ട്രാന്‍സ്ജെന്‍ഡര്‍, നോണ്‍-ബൈനറി അമേരിക്കക്കാര്‍ അവരുടെ ലിംഗ ഐഡന്റിറ്റിയുമായി പൊരുത്തപ്പെടുന്നരീതിയില്‍ പാസ്പോര്‍ട്ടുകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇനിയില്ല. ഇത് തടയുന്ന ഒരു നയം നടപ്പിലാക്കാന്‍ യുഎസ് സുപ്രീം കോടതി വ്യാഴാഴ്ച യുഎസ് സര്‍ക്കാരിന് അനുമതി നല്‍കി. ട്രംപ് ഭരണകൂടത്തിന്റെ ഒരു വലിയ വിജയമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. നയത്തെ ചോദ്യം ചെയ്യുന്ന ഒരു കേസ് കീഴ്ക്കോടതിയില്‍ തുടരുന്നതിനിടെയാണ് ഭരണകൂടത്തിന് നിയന്ത്രണവുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി വിധിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയതോ പുതുക്കിയതോ ആയ പാസ്പോര്‍ട്ടുകളില്‍ ട്രാന്‍സ് വ്യക്തികളുടെ ലിംഗ ഐഡന്റിറ്റിയുമായി പൊരുത്തപ്പെടുന്ന തരത്തില്‍, ‘പുരുഷന്‍’, ‘സ്ത്രീ’ അല്ലെങ്കില്‍ ‘എക്‌സ്’ എന്നിവ പാസ്പോര്‍ട്ടില്‍ തിരഞ്ഞെടുക്കാന്‍ ആളുകളെ അനുവദിക്കുന്നത് തുടരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായിരുന്നു കീഴ്ക്കോടതി ഉത്തരവ്. ഇതാണ് സുപ്രീം കോടതിയുടെ പുതിയ നീക്കത്തിലൂടെ തടയപ്പെട്ടത്. ജനനസമയത്തെ ലിംഗ് അനുസരിച്ച് പാസ്പോര്‍ട്ടുകളില്‍ സ്ത്രീ, അല്ലെങ്കില്‍ പുരുഷന്‍ എന്നുമാത്രമാണ് രേഖപ്പെടുത്തേണ്ടതെന്ന് നിഷ്‌കര്‍ഷിക്കുന്ന നയം തടഞ്ഞ ജഡ്ജിയുടെ ഉത്തരവ് പിന്‍വലിക്കാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ജനന സര്‍ട്ടിഫിക്കറ്റുകളും ജൈവശാസ്ത്രപരമായ വര്‍ഗ്ഗീകരണവും അനുസരിച്ച് നിര്‍ണ്ണയിക്കപ്പെടുന്ന ‘ആണും പെണ്ണും എന്ന രണ്ട് ലിംഗങ്ങളെ മാത്രമേ അമേരിക്ക അംഗീകരിക്കൂ’ എന്ന് അധികാരമേറ്റതിനു പിന്നാലെ ട്രംപ് ഉത്തരവിട്ടിരുന്നു. ഇതാണ് നിലവിലെ നീക്കത്തിനു പിന്നില്‍.

Trans Americans lose passport freedom.