‘മുസ്‌ലിം പെൺകുട്ടികൾ നിരീശ്വരവാദികളെ പിന്തുടരുന്നു’; കെ.എം. ഷാജി മന്ത്രിയോ മതപണ്ഡിതനോ? പ്രതിഷേധം ശക്തം, ഭരണഘടനാ ലംഘനമെന്ന് വിമർശകർ

കോഴിക്കോട്: വിദ്യാഭ്യാസപരമായി മുന്നേറിയ മുസ്‌ലിം പെൺകുട്ടികൾ വിശ്വാസപരമായി പിന്നാക്കം പോകുന്നുവെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ പ്രസ്താവന വൻ രാഷ്ട്രീയ-സാമൂഹിക വിവാദത്തിന് തിരികൊളുത്തി. കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാറിലെ മന്ത്രിയുടെ നിരീക്ഷണങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമാവുകയാണ്. ഉന്നത ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു മന്ത്രി സമുദായ നേതാവിന്റെയോ മതപണ്ഡിതന്റെയോ റോളിൽ സംസാരിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു.

മുസ്‌ലിം പെൺകുട്ടികൾക്കിടയിൽ വിദ്യാഭ്യാസപരമായി വലിയൊരു മുന്നേറ്റമല്ല, മറിച്ച് വലിയൊരു ‘ചാട്ടമാണ്’ ഉണ്ടായിരിക്കുന്നതെന്നും എന്നാൽ കാലത്തിനപ്പുറത്തേക്ക് ചിന്തിക്കുന്ന പെൺകുട്ടികളെ ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നില്ലെന്നുമാണ് മന്ത്രി പ്രസംഗത്തിൽ ആശങ്കപ്പെട്ടത്. കേരളത്തിലെ നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികളാണെന്നത് യാഥാർത്ഥ്യമാണെന്നും, ഈ സാഹചര്യത്തിൽ പുതിയ തലമുറയുടെ ആശങ്കകളെ അഭിസംബോധന ചെയ്യാൻ സമുദായത്തിന് പ്രത്യേക അജണ്ട വേണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. സമുദായ സംഘടനകൾ തങ്ങളുടെ പരമ്പരാഗത രീതികൾ മാറ്റണമെന്ന സ്വയംവിമർശനമാണ് മന്ത്രി നടത്തിയതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം.

എന്നാൽ, പൗരന്മാർക്ക് ഇഷ്ടമുള്ള ആശയങ്ങളിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നുണ്ടെന്ന് വിമർശകർ ഓർമ്മിപ്പിക്കുന്നു. പെൺകുട്ടികൾ സ്വതന്ത്രമായി ചിന്തിക്കുന്നതിനെയും ചോദ്യങ്ങൾ ചോദിക്കുന്നതിനെയും ‘അപകടകരമായ പോക്ക്’ എന്ന് മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകരും വിവിധ സോഷ്യൽ മീഡിയ കൂട്ടായ്മകളും കുറ്റപ്പെടുത്തി. വിഷയം പൊതുവേദികളിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

‘Muslim girls are following atheists’: K.M. Shaji amidst controversy over remarks

More Stories from this section

family-dental
witywide