
വാഷിംഗ്ടണ്‍: മുൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുവദിച്ച ചില മാപ്പപേക്ഷകളിൽ അന്വേഷണം ആരംഭിച്ച് ട്രംപ് ഭരണകൂടം. കുടുംബാംഗങ്ങൾക്കും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാർക്കും നൽകിയ മാപ്പപേക്ഷകളും ഇതിൽ ഉൾപ്പെടുന്നു. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് ആണ് അന്വേഷണം നടത്തുന്നത്. ബൈഡൻ തന്നെയാണോ ഒപ്പിട്ടതെന്നും മറ്റുള്ളവർ ഓട്ടോപെൻ വഴിയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ അദ്ദേഹത്തെ ചൂഷണം ചെയ്തിരുന്നോ എന്നും അന്വേഷിക്കാൻ തനിക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട് എന്ന് ഡിപ്പാർട്ട്‌മെന്‍റിലെ മാപ്പപേക്ഷാ അറ്റോർണി എഡ് മാർട്ടിൻ ജീവനക്കാരോട് പറഞ്ഞു.
ഓട്ടോപെൻ എന്നത് ഒരു വ്യക്തിയുടെ ഒപ്പ് യാന്ത്രികമായി അനുകരിക്കാൻ കഴിയുന്ന ഒരു ഉപകരണമാണ്. ബൈഡൻ ഇത് ഔദ്യോഗികമായി ഉപയോഗിച്ചിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഇത് പ്രസിഡൻഷ്യൽ തീരുമാനങ്ങളുടെ നിയമസാധുതയെ ഇല്ലാതാക്കുന്നുവെന്ന് ട്രംപും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും വാദിക്കുന്നു. ബൈഡൻ മാപ്പപേക്ഷകൾക്കായി ഓട്ടോപെൻ ഉപയോഗിച്ചതിന് തെളിവുകളൊന്നും ഇല്ലെങ്കിലും, മാർട്ടിന്‍റെ അന്വേഷണം രണ്ട് പ്രധാന വിഭാഗങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ബൈഡൻ തന്‍റെ അഞ്ച് കുടുംബാംഗങ്ങൾക്ക് നൽകിയ മുൻകൂർ മാപ്പപേക്ഷകളാണ് ഒന്ന്. വധശിക്ഷയിൽ നിന്ന് ഒഴിവാക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ച 37 ഫെഡറൽ തടവുകാരുടെ ശിക്ഷാ ഇളവുകളാണ് മറ്റൊന്ന്. ജനുവരി 20ന് അധികാരം ഒഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ബൈഡൻ തന്റെ സഹോദരങ്ങളായ ജെയിംസ് ബൈഡൻ, ഫ്രാങ്ക് ബൈഡൻ, വാലറി ബൈഡൻ ഓവൻസ് എന്നിവർക്കും അവരുടെ പങ്കാളികൾക്കും മാപ്പ് നൽകിയിരുന്നു.















