ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ജപ്പാൻ; പത്ത് ലക്ഷം കോടി രൂപയുടെ സഹകരണത്തിന് മോദിക്ക് കൈകൊടുത്ത് സനയ് തകയ്ച്ചി

ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ ബന്ധങ്ങളിൽ പുതിയ ചരിത്രമെഴുതി ജാപ്പനീസ് പ്രധാനമന്ത്രി സനയ് തകയ്ച്ചിയുടെ ഇന്ത്യൻ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ നിർണായക ചർച്ചകൾക്കൊടുവിൽ പത്ത് ലക്ഷം കോടി രൂപയുടെ ജാപ്പനീസ് നിക്ഷേപം ഇന്ത്യയിലെത്തിക്കാനുള്ള ചരിത്രപരമായ ധാരണയായി. ഇതിന്റെ ഭാഗമായി നിലവിൽ ഇന്ത്യയിൽ നിക്ഷേപം നടത്തിയിട്ടുള്ള ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സവിശേഷ സാമ്പത്തിക സുരക്ഷ പങ്കാളിത്തമായി ഉയർത്തുന്നതോടെ പ്രതിരോധം, ഊർജ്ജം, സമുദ്ര സുരക്ഷ തുടങ്ങിയ നിർണായക മേഖലകളിൽ വലിയ രീതിയിലുള്ള സഹകരണത്തിനാണ് വഴിയൊരുങ്ങുന്നത്.

ഊർജ്ജം, വ്യാപാരം, ഔഷധ നിർമ്മാണം, മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങി നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും പുതിയ കരാറുകളിൽ ഒപ്പുവെച്ചു. ഇന്ത്യയുടെ വികസന കുതിപ്പിൽ ജപ്പാൻ എക്കാലത്തും ഒരു പ്രധാന പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം ഓർമ്മിപ്പിച്ചു. നരേന്ദ്ര മോദിയെ തന്റെ ജ്യേഷ്ഠ സഹോദരനെന്ന് വിശേഷിപ്പിച്ച ജാപ്പനീസ് പ്രധാനമന്ത്രി സനയ് തകയ്ച്ചി, ഇൻഡോ-പസഫിക് മേഖലയുടെ സമാധാനത്തിനും സമൃദ്ധിക്കുമായി ഇന്ത്യക്കൊപ്പം എപ്പോഴും നിലകൊള്ളുമെന്നും ഉറപ്പുനൽകി.

ഇന്ത്യയിലെത്തിയ ജാപ്പനീസ് പ്രധാനമന്ത്രിക്ക് രാവിലെ രാഷ്ട്രപതി ഭവനിൽ വെച്ച് ഊഷ്മളമായ സ്വീകരണമാണ് രാജ്യം നൽകിയത്. ഔദ്യോഗിക ചർച്ചകൾക്ക് പുറമേ, ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായികൾ പങ്കെടുത്ത പ്രത്യേക യോഗത്തിലും ജാപ്പനീസ് പ്രധാനമന്ത്രി ഭാഗമായി. വരും വർഷങ്ങളിൽ ഇന്ത്യയുടെ വ്യവസായ-സാങ്കേതിക മേഖലകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് ജപ്പാനിൽ നിന്നുള്ള ഈ പുതിയ നിക്ഷേപ വാഗ്ദാനങ്ങൾ.

Japan’s massive investment promise to India: 10 lakh crore rupees investment expected from Japan

Also Read

More Stories from this section

family-dental
witywide