വാഷിംഗ്ടൺ: റഷ്യയ്ക്കടുത്തായി രണ്ട് ആണവ അന്തർ വാഹിനി കപ്പലുകൾ വിന്യസിക്കാൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിയായ ഉത്തരവ് ട്രംപ് നൽകിയത്. മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‍വദേവിന്റെ പ്രകോപനപരമായ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് ട്രംപിൻ്റെ ഈ നടപടി. ദിമിത്രി മെദ്‍വദേവ് അമേരിക്കയും റഷ്യയും തമ്മിൽ യുദ്ധ സമാന അന്തരീക്ഷമുണ്ടായാൽ റഷ്യ ആണവ സജ്ജമാണ് എന്ന് ഓർമ്മിപ്പിക്കാനായി സോവിയറ്റ് യൂണിയൻ കാലത്തെ റഷ്യയ്ക്ക് ആണവ ശേഷി ഉണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
റഷ്യയുമായുള്ള അമേരിക്കയുടെ അകൽച്ച സൈനിക തലത്തിൽ അല്ലെങ്കിലും മറ്റൊരു തലത്തിൽ വ്യക്തമാക്കുന്നതാണ് ട്രംപിന്റെ നീക്കമെന്നാണ് സുരക്ഷാ നിരീക്ഷകരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിന്റെ പ്രകോപിപ്പിക്കുന്ന പ്രസ്താവന വ്യാഴാഴ്ചയാണ് ദിമിത്രി മെദ്‍വദേവ് നടത്തിയത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പോടെയാണ് ആണവ അന്തർവാഹിനികളെ റഷ്യയ്ക്ക് സമീപത്തേക്ക് അമേരിക്ക എത്തിക്കുന്നത്. റഷ്യയെ ആക്രമിക്കാൻ സജ്ജമായ ആണവ ശേഷിയുള്ള അന്തർവാഹിനികൾ അമേരിക്കയ്ക്ക് ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയുടെ നടപടി.
ദിമിത്രി മെദ്‍വദേവിന്റെ വാക്കുകളാണ് അസാധാരണ നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിലും ട്രംപ് വിശദമാക്കി. വാക്കുകൾ ഏറെ പ്രധാനമാണ്, വാക്കുകൾ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ട്രംപ് സമൂഹമാധ്യമങ്ങളിലെ കുറിപ്പിൽ വിശദമാക്കുന്നു. അമേരിക്ക രാജ്യത്തെ ആളുകളെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നാണ് പിന്നീട് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ട്രംപിന്റെ ഉത്തരവ് അനുസരിച്ച് ആണവ അന്തർ വാഹിനികളെ റഷ്യൻ മേഖലയിലേക്ക് എത്തിച്ചോയെന്നതിൽ പെന്റഗൺ പ്രതികരിച്ചിട്ടില്ല.
ഇത്തരത്തിൽ തങ്ങളുടെ ആയുധങ്ങളുടെ കൃത്യ സ്ഥാനം വിശദമാക്കുന്ന പതിവ് അമേരിക്കയ്ക്ക് പതിവുള്ളതല്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. വ്ലാദിമിർ പുടിനോട് ട്രംപ് ഇടയുന്നത് യുക്രൈൻ റഷ്യ യുദ്ധത്തിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരാത്തതിനേ തുടർന്നാണ്. മൂന്ന് വർഷത്തിലേറെ യുദ്ധം നീണ്ട സാഹചര്യത്തിലാണ് പുടിനുമായി ട്രംപ് വെടിനിർത്തൽ കരാറിലേർപ്പെടാൻ ആവശ്യപ്പെട്ടത്. നേരത്തെ 12 ദിവസത്തിനുള്ളിൽ സാമ്പത്തിക പിഴ ചുമത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയതിന് പിന്നാലെ യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ ആക്രമണം നടത്തിയിരുന്നു.














